എട്ടുവയസ്സുള്ള ആണ്‍കുഞ്ഞിനെ അമ്മ അരലക്ഷം രൂപയ്ക്ക് വിറ്റു. സംഭവവുമായി ബന്ധപ്പെട്ട് അമ്മയുള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. കന്യാകുമാരി വിളവന്‍തോട് മാര്‍ത്താണ്ഡം തറ സ്വദേശിനി നെടുങ്കാട് സ്വദേശിനി സിന്ധു(25)വാണ് കുഞ്ഞിനെ വിറ്റത്.
കച്ചവടത്തിന് ഇടനിലനിന്ന മേലാറന്നൂര്‍ സ്വദേശി ജോര്‍ജ്ജ് എന്ന ശ്രീധരന്‍(63), കുട്ടിയെ വാങ്ങിയ കൊല്ലം സ്വദേശി അബ്ദുള്‍ ബഷീര്‍(45). ഭാര്യ ജമീലാബീവി(30) എന്നിവരും സിന്ധുവുമാണ് അറസ്റ്റിലായത്.കുഞ്ഞിനെ അരലക്ഷം രൂപയ്ക്ക് വിറ്റകാര്യം ചോദ്യം ചെയ്യലില്‍ സിന്ധു സമ്മതിച്ചിട്ടുണ്ട്. ഇടനിലക്കാരന്‍ ശ്രീധരന്‍ വഴി കുട്ടിയെ വാങ്ങിയ ദമ്പതിമാര്‍ കുഞ്ഞിനെ സ്‌റ്റേഷനില്‍ എത്തിച്ചു. ഫെബ്രുവരി 28നാണ് കുഞ്ഞിനെ വാങ്ങിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് പൂജപ്പുര മണ്ഡപത്തിനു സമീപം സിന്ധുവും ശ്രീധരനും പിടിവലി കൂടുന്നതായി അറിഞ്ഞ് എത്തിയ പൊലീസ് പട്രോള്‍ സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പിന്നീട് ഇവരെ സ്‌റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ വിറ്റകാര്യം പുറത്തുവന്നത്. കുഞ്ഞിനെ കൈമാറിയതിനുള്ള തുക ശ്രീധരന്‍ നല്‍കാതിരുന്നതായിരുന്നു വഴക്കിനു കാരണം.
ശ്രീധരന്‍ തന്റെ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി എന്നാണ് സിന്ധു ആദ്യം പറഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ വിറ്റതാണെന്ന് വെളിപ്പെടുത്തിയത്. പത്രവില്പനക്കാരനായ വിന്‍സന്റാണ് സിന്ധുവിന്റെ ഭര്‍ത്താവ്. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. നേരത്തെ മൂത്ത ഒരു കുട്ടിയേയും സിന്ധു ഇതുപോലെ വിറ്റിട്ടുണ്ടെന്ന് സൂചന ലഭിച്ചതായി പൂജപ്പുര പോലീസ് പറഞ്ഞു. ഇതേക്കുറിച്ചും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കുഞ്ഞുങ്ങളില്ലാത്തതിനാല്‍ വളര്‍ത്താന്‍ വേണ്ടിയാണ് തങ്ങള്‍ കുഞ്ഞിനെ വാങ്ങിയതെന്ന് ബഷീര്‍കുട്ടിയും ജമീലയും പോലീസിനോട് പറഞ്ഞു. തിരുവനന്തപുരത്തെ ഒരു വന്ധ്യതാനിവാരണ ക്ലിനിക്കില്‍വെച്ചാണ് എല്‍ഐസി സബ് ഏജന്റായ ശ്രീധരനെ ഇവര്‍ പരിചയപ്പെട്ടത്. ഒരു കുട്ടിയുണ്ടായിരുന്നത് മരിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ ഒരുകുട്ടിയെ വാങ്ങി വളര്‍ത്താന്‍ തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല