ട്രിപ്പോളി: പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ലിബിയയിലെ പ്രധാന പ്രതിപക്ഷപാര്‍ട്ടിയുടെ നേതാവിനെ പിടികൂടുന്നവര്‍ക്ക് പ്രസിഡന്റ് ഗദ്ദാഫി ഇനാം പ്രഖ്യാപിച്ചു. നാലുലക്ഷം അമേരിക്കന്‍ ഡോളറാണ് മുന്‍ ജസ്റ്റിസ് മന്ത്രി മുസ്തഫ അബ്ദുല്‍ ജലിലിനെ പിടികൂടുന്നവര്‍ക്ക് ഗദ്ദാഫി പ്രഖ്യാപിച്ചത്.
ജലീലിനെ പിടികൂടി സൈന്യത്തിനെ ഏല്‍പ്പിക്കുന്നവര്‍ക്കാണ് ഇത്രയും ഭീമമായ തുക ലഭിക്കുക. ജലീലിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 164,300 ഡോളറും ഇനാമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ലിബിയയിലെ സംഘര്‍ഷസ്ഥിതി കൂടുതല്‍ രൂക്ഷമാവുകയാണെന്നാണ് റിപ്പോര്‍ട്ട്.
പ്രക്ഷോഭം ആരംഭിച്ചതുമുതല്‍ ഇതുവരെയായി 6000ലധികം പേര്‍ക്ക് ലിബിയയില്‍ ജീവന്‍ നഷ്ടമായിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതിനിടെ അല്‍ ഖയിദയാണ് പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലെന്ന് ഗദ്ദാഫി ആവര്‍ത്തിച്ച് ആരോപിച്ചു. അറബ് രാഷ്ട്രങ്ങളെ ഇല്ലാതാക്കാനാണ് അല്‍ഖയിദയുടെ ശ്രമമെന്നും ഗദ്ദാഫി ടി.വി അഭിമുഖത്തില്‍ പറഞ്ഞു.
അചിനിടെ ലിബിയക്കുമേല്‍ വ്യോമ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യു.എന്നില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. വിഷയം ഈയാഴ്ച്ച തന്നെ യു.എന്‍ ചര്‍ച്ചയ്‌ക്കെടുക്കുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല