ലണ്ടന്‍: നേരത്തെ വിരമിക്കുക എന്നത് ബ്രിട്ടനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കിനി നടക്കാത്ത സ്വപ്‌നമാകും. പുതിയ പെന്‍ഷന്‍ പരിഷ്‌കാരങ്ങള്‍ പ്രകാരം പത്ത് വര്‍ഷത്തിലധികം ജോലിചെയ്താല്‍ തന്നെ കുറഞ്ഞ പെന്‍ഷന്‍ ആനുകൂല്യങ്ങളേ ലഭിക്കുകയുള്ളൂ. അതായത് വിരമിക്കല്‍ പ്രായത്തിന് മുമ്പ് വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മുഴുവനായി ലഭിക്കുകയില്ല.
ഇപ്പോള്‍ 55 വയസാകുമ്പോള്‍ വിരമിക്കുന്ന പൊതുമേഖലാ ജോലിക്കാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മുഴുവന്‍ ലഭിക്കണമെങ്കില്‍ കുറേക്കാലം കൂടി ജോലിചെയ്യേണ്ടതായിവരും. ഫയര്‍ഫൈറ്റേഴ്‌സ്, സൈനികര്‍, പോലീസ്, എന്നിവര്‍ക്ക് മുഴുവന്‍ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ 60വയസുവരെ കാത്തിരിക്കണം. മുന്‍പ് 50വയസ് കഴിഞ്ഞാല്‍ ഇവര്‍ മുഴുവന്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹരായിരുന്നു. പൊതുധനകാര്യത്തില്‍ 1ട്രില്ല്യന്‍ പൗണ്ടിന്റെ കുറവുണ്ടായതാണ് ഈ പുതിയ നീക്കങ്ങള്‍ക്ക് പിറകില്‍.
മിക്ക സ്‌റ്റേറ്റ് തൊഴിലാളികളുടേയും ഇപ്പോഴത്തെ വിരമിക്കല്‍ പ്രായം 60വയസാണ്. അടുത്തുതന്നെ പുറത്തുവരുന്ന ഒരു പ്രധാന സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പെന്‍ഷന്‍ പ്രായത്തെ സ്‌റ്റേറ്റ് പെന്‍ഷന്‍പ്രായവുമായി സന്ധിചേര്‍ക്കാനുള്ള നിര്‍ദേശമുണ്ടാകും. ലക്ഷക്കണക്കിന് തൊഴിലാളികളുടെ റിട്ടയര്‍മെന്റ് സ്വപ്‌നങ്ങള്‍ക്ക് തകര്‍ത്ത്‌കൊണ്ട് റിട്ടര്‍മെന്റ് പ്രായം 68വയസ് ആവാന്‍ ഇത് ഇടയാക്കും. ജനസംഖ്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രായം 70 വരെയെത്തിക്കാന്‍ ബ്രിട്ടണ്‍ നിര്‍ബന്ധിതരാകുമെന്നാണ് വിദഗ്ധരുടെ പ്രവചനം.
എന്‍.എച്ച്.എസ് സ്റ്റാഫുകള്‍, സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ടീച്ചര്‍മാര്‍ എന്നിവര്‍ക്ക് ഫൈനല്‍ സാലറി സ്‌കീം പ്രകാരം പെന്‍ഷന്‍ അനുവദിക്കുന്ന സമ്പ്രദായം അവസാനിപ്പിച്ച് കരിയറിലെ ശരാശരി സാലറിയുടെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ നല്‍ണമെന്ന് പെന്‍ഷന്‍ സെക്രട്ടറി ലോഡ് ഹര്‍ട്ടന്‍ ഗവണ്‍മെന്റിന് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. 2015 അവസാനത്തോടെ തന്നെ ഈ രീതി നടപ്പാക്കണമെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ആന്വല്‍ സാലറിയുടെ 3%ത്തില്‍ കൂടുതല്‍ പെന്‍ഷനുവേണ്ടി കരുതിവയ്ക്കണമെന്ന് ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോര്‍ണ്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. പൊതുമേഖലാ ജോലിക്കാരുടെ വരുമാനത്തില്‍ ഇത് വന്‍ കുറവുണ്ടാക്കും. കുറഞ്ഞ വരുമാനം ലഭിക്കുന്ന ജോലിക്കാരെയാണ് ഇത് കൂടുതല്‍ ബാധിക്കുക.
യൂനിസണ്‍ ജനറല്‍ സെക്രട്ടറി ഡേവ് പ്രന്റിസ് പറയുന്നതിങ്ങനെയാണ്. ‘ശമ്പളമരവിപ്പിക്കലിനും മറ്റും പുറമേ പൊതുമേഖലാ ജീവനക്കാര്‍ ഇപ്പോള്‍ പെന്‍ഷന്‍ റെയ്ഡ് അഭിമുഖീകരിക്കാന്‍ പോകുകയാണ്. ഇത് വ്യാവസായിക വികസത്തിനാണ് ഭീഷണിയാവുക’
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല