ലണ്ടന്‍: അതിശൈത്യം അതിന്റെ സര്‍വശക്തിയിലും തിരിച്ചുവരുമ്പോള്‍ ബ്രിട്ടനില്‍ പലേടത്തും 10 ഇഞ്ചുവരെ മഞ്ഞുവീഴാന്‍ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ലണ്ടന്‍ ഹീത്രോ ഉള്‍പ്പെടെയുള്ള മിക്ക വിമാനത്താവളങ്ങളും അടച്ചിടേണ്ടിവരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കനത്ത മഞ്ഞില്‍ വാഹനമോടിക്കുന്നത് തീര്‍ത്തും അപകടകരമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്കുന്നു.
ക്രിസ്മസ് നാളുകളില്‍ ഹീറ്റിംഗ് ഓയിലിന് കടുത്ത ക്ഷാമം നേരിടാന്‍ സാദ്ധ്യതയുണ്ടെന്ന് എനര്‍ജി മിനിസ്റ്റര്‍ ചാള്‍സ് ഹെന്റി തന്നെ മുന്നറിയിപ്പ് നല്കുന്നു. ഹീറ്റിംഗ് ഓയിലിന് വിലയും കുതിച്ചുയരുകയാണ്. പലേടത്തും നാലാഴ്ച വരെ കാത്തിരുന്നിട്ടാണ് ഇപ്പോള്‍ ഹീറ്റിംഗ് ഓയില്‍ കിട്ടുന്നത്. ഇത് തങ്ങള്‍ക്ക് അറിവുള്ള കാര്യമാണെങ്കിലും തങ്ങളുടെ നിയന്ത്രണത്തിനപ്പുറത്താണ് കാര്യങ്ങളെന്ന് ചാള്‍സ് ഹെന്റി പറയുന്നു.
ഹൈലാന്‍ഡ്സ്, പടിഞ്ഞാറന്‍ മേഖല, ഗ്രാംപിയാന്‍, വെയ്ല്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെല്ലാം കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ മേഖലകളില്‍ ഹിമപാതം ഇനിയുമേറുമെന്നും മെറ്റ് ഓഫീസിന്റെ അറിയിപ്പില്‍ പറയുന്നു.
ആര്‍ട്ടിക് മേഖലയില്‍ നിന്നുള്ള കാറ്റിനൊപ്പം മഴയും കൂടി എത്തുന്നതോടെ മഞ്ഞ് കനക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ഈ അവസ്ഥയില്‍ വാഹനഗതാഗതം കഴിവതും ഒഴിവാക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.
മോശം കാലാവസ്ഥയില്‍ സ്കോട്ലന്ഡില് റെയില്‍ഗതാഗതവും താറുമാറായിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല