1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2011


ബഹ്‌റൈനില്‍ കലാപം പൊട്ടിപ്പുറപ്പെടുമെന്ന അവസ്ഥ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രാജകൊട്ടാരത്തിന് സമീപം സുരക്ഷാ സൈനികരും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും മുഖാമുഖമെത്തി. കൊട്ടാരത്തിലേയ്ക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച സമരക്കാര്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.

വാളുകളും മരക്കൊമ്പുകളും ഏന്തിയാണു പ്രക്ഷോഭകര്‍ തലസ്ഥാനത്തു നിരന്നിരിക്കുന്നത്. കയ്യില്‍ കിട്ടിയതെന്തും ആയുധമാക്കി അണിനിരന്ന ജനക്കൂട്ടത്തെ നേരിടാന്‍ സൈനിക വിഭാഗങ്ങള്‍ സര്‍വസന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച മനാമയില്‍ പ്രകടനം നടത്താന്‍ എത്തിയ ആയിരക്കണക്കിന് ഷിയാകള്‍ സേനയുമായി ഏറ്റുമുട്ടാന്‍ തയ്യാറായാണ് നഗരത്തില്‍ നിലയുറപ്പിച്ചത്. ഏതുനിമിഷവും പ്രക്ഷോഭം കലാപമായി വളര്‍ന്നേക്കാവുന്ന സാഹചര്യമാണ് ഇവിടെയുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പലയിടങ്ങളിലും ഷിയാ സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കുകയാണ്.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ് വെള്ളിയാഴ്ച ബഹ്‌റിനില്‍ സന്ദര്‍ശനം നടത്തുന്നുവെന്ന വാര്‍ത്ത പരന്നതിന് പിന്നാലെയാണ് കൊട്ടാരത്തിന് മുന്നില്‍ സംഘര്‍ഷാവസ്ഥയുണ്ടായത്. ബഹ്‌റൈന്‍ രാജകുടുംബത്തിന് കലാപത്തെ അടിച്ചമര്‍ത്താന്‍ പിന്തുണ അറിയിക്കാനാണ് റോബര്‍ട് ഗേറ്റ്‌സ് വന്നത്.

നിലവിലുള്ള ഭരണകൂടത്തെ അനുകൂലിക്കുന്ന സുന്നി മുസ്ലിം വിഭാഗവും മാറ്റത്തിനുവേണ്ടി വാദിക്കുന്ന ഷിയാ വിഭാഗവും തമ്മിലുള്ള ഭിന്നതയാണു പ്രക്ഷോഭത്തിനു വഴിയൊരുക്കിയത്. ജീവത്യാഗത്തിനുപോലും തയാറാണെന്നതിന്റെ സൂചനയായി വെളുത്ത റിബണ്‍ പലരും തലയില്‍ കെട്ടിയിട്ടുണ്ട്.

ഒരു മാസത്തോളമായി നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരാവസ്ഥ വംശീയ കലാപത്തിന് അടുത്തെത്തിയിരിക്കുകയാണെന്ന വിലയിരുത്തല്‍ മൂലം പ്രതിഷേധ പ്രകടനങ്ങളില്‍നിന്നു പിന്മാറാന്‍ ചില പ്രതിപക്ഷ കക്ഷികള്‍ പോലും ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും ഷിയാ യുവജന സംഘടനകള്‍ അതു ചെവിക്കൊണ്ടിട്ടില്ല.

പ്രക്ഷോഭത്തെത്തുടര്‍ന്ന് മൂന്നാഴ്ച മുമ്പാണ് അധികാരികളുടെ നിര്‍ദ്ദേശ പ്രകാരം പട്ടാളം നഗരങ്ങളില്‍ ഇറങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.