1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2011

വി.എസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വം നീളവെ അദ്ദേഹത്തിനെതിരെ ഒളിയമ്പുമായി സി.പി.ഐ.എം. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനും ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുമാണ് വി.എസിനെതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇതിന് പുറമെ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന ലേഖനത്തിലും വി.എസിന് സ്ഥാനാര്‍ഥിത്വം നല്‍കണമെന്നുള്ള ആവശ്യത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ലേഖനത്തില്‍ വി.എസിനെ എതിര്‍ക്കാനായി അദ്ദേഹത്തിനെതിരെ ടി.എം ജേക്കബ് ഉന്നയിച്ച വിമര്‍ശനം എടുത്ത് പറയുന്നുണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയം.

സ്ഥാനാര്‍ഥിത്വം സംബന്ധിച്ച അനിശ്ചിതത്വത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വി.എസ് നല്‍കിയ മറുപടിയാണ് സി.പി.ഐ.എമ്മിനെ പ്രകോപിപ്പിച്ചത്. പശ്ചിമ ബംഗാളില്‍ മുന്നണിയെ ബുദ്ധദേവ് നയിക്കുമെന്ന് തീരുമാനിച്ച പാര്‍ട്ടി കേന്ദ്ര നേതൃത്വം കേരളത്തിന്റെ കാര്യത്തില്‍ എന്ത് കൊണ്ട് തീരുമാനമെടുക്കാന്‍ വൈകുന്നുവെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നാണ് തന്റെ ആഗ്രമെന്നായിരുന്നു വി.എസിന്റെ ഇതിനോടുള്ള പ്രതികരണം.

വി.എസിന്റെ ഈ പ്രസ്താവനക്കെതിരെയാണ് ഇപ്പോള്‍ സി.പി.ഐ.എം നേതൃത്വവും പാര്‍ട്ടി പത്രവും രംഗത്തെത്തിയിരിക്കുന്നത്. എ.ല്‍.ഡി.എഫിനെ നയിക്കുന്നത് ഏതെങ്കിലും വ്യക്തികളല്ലെന്നാണ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇ.പിജയരാജന്‍ രൂക്ഷമായി പ്രതികരിച്ചത്. ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വ്യക്തികള്‍ക്കല്ല പ്രാധാന്യം. ഏതെങ്കിലും വ്യക്തികളുടെ പ്രഭാവം കൊണ്ട് ജയിക്കേണ്ട അവസ്ഥയിലല്ല പാര്‍ട്ടി ഉള്ളത്. പാര്‍ട്ടിയെ നയിക്കുന്നത് വ്യക്തികളല്ല. നിരവധി വ്യക്തികള്‍ കൂടിച്ചേര്‍ന്നതാണ് പാര്‍ട്ടി. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അയാളുടെ രാഷ്ട്രീയഗുണത്തിലെ ഇടിവാണ് കാണിക്കുന്നത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാണ്. ഇക്കാര്യം ബന്ധപ്പെട്ടവര്‍ കൂടുതല്‍ വ്യക്തമാക്കും. നിയന്ത്രണമില്ലാതെ അഭിപ്രായം പറഞ്ഞാല്‍ ഇവര്‍ ഇത്രയൊക്കെയേ ഉള്ളൂ എന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ പരക്കാന്‍ ഇടയാക്കും’- ജയരജന്റെ വാക്കുകള്‍ ഇങ്ങിനെയായിരുന്നു.

നേരത്തെ തന്നെ വി.എസിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്ത് വന്ന ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയും വ്യക്തികളെ ഉയര്‍ത്തിക്കാട്ടുന്ന പതിവ് പാര്‍ട്ടിക്കില്ലെന്ന് വ്യക്തമാക്കുന്നു. ‘ഇ.എം.എസും ഇ.കെ നായനാരും സി.പി.ഐ.എമ്മിന്റെ വലിയ നേതാക്കളായിരുന്നു. അവരുള്ളപ്പോള്‍ തന്നെ പാര്‍ട്ടി ജയിക്കുകയും തോല്‍ക്കുകയും ചെയ്തിട്ടുണ്ട്’- മണി വ്യക്തമാക്കി. മണി തന്റെ പ്രസ്താവനയിലൂടെ വി.എസ് നിന്നാല്‍ മുന്നണി ജയിച്ചുകൊള്ളണമെന്ന് ഒരു ഉറപ്പുമില്ലെന്ന് പറയാതെ പറയുകയാണ് ചെയ്തത്. ഇ.എം.എസും നായനാരും ഉള്ളപ്പോള്‍ തോറ്റിട്ടുണ്ട് പാര്‍ട്ടി. പിന്നെയാണോ വി.എസ് നിന്നാല്‍ തോല്‍ക്കാതിരിക്കുകയെന്ന ധ്വനി.

ദേശാഭിമാനി പറയുന്നതിങ്ങിനെ

സ്ഥാനാര്‍ഥി നിര്‍ണ്ണയം: ഇരുട്ടില്‍ തപ്പുന്നത് മാധ്യമങ്ങളെന്ന തലക്കെട്ടോടെ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് ആര്‍.എസ് ബാബുവെഴുതിയ റിപ്പോര്‍ട്ടിലാണ് വി.എസിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയെ രൂക്ഷമായി ചോദ്യം ചെയ്യുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങിനെ: ഇതിനിടെ കളങ്കിതരായവര്‍ മത്സരിക്കേണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ മാറിനില്‍ക്കേണ്ടി വരുമെന്ന യു.ഡി.എഫ് നേതാവ് ടി.എം ജേക്കബിന്റെ അഭിപ്രായം സമചിത്തതയില്ലാത്തതാണ്. കളങ്കിതരായ ഒരാളും സി.പി.ഐ.എം നേതൃസ്ഥാനങ്ങളിലില്ല. ആരോപണങ്ങളിലോ കള്ളക്കേസുകളിലോ ശത്രുവര്‍ഗം കുടുക്കിയ കമ്മ്യൂണിസ്റ്റ് നേതാക്കളെ തള്ളുന്നതല്ല, കമ്മ്യൂണിസ്റ്റ് പാരമ്പര്യം. ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായിരുന്ന കെ.സി ജോര്‍ജ്ജിനെതിരെ അരി കുംഭകോണം പ്രതിപക്ഷം കൊണ്ട് വരികയും ജസ്റ്റിസ് രാമന്‍ മേനോന്‍ കമ്മീഷന്‍ ഒഴിവാക്കാമായിരുന്ന നഷ്ടം സംഭവിച്ചെന്ന് റിപ്പോര്‍ട്ട് എഴുതുകയും ചെയ്‌തെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അത് അംഗീകരിച്ചില്ല. 1960ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചു.

നിയമസഭാ സ്ഥാനാര്‍ഥിത്വമാണ് പ്രധാനം എന്നോ ഒരു നേതാവ് എല്ലാകാലത്തും മത്സരിക്കണമെന്നോ കരുതുന്നതല്ല കമ്മ്യൂണിസ്റ്റ് രീതി. ഇം.എം.എസ് തന്നെ ഒരു ഘട്ടത്തിന് ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറി. ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ മുഖ്യമന്ത്രിയെന്ന സ്ഥാനം ആര്‍ജ്ജിച്ച ഇ.കെ നായനാര്‍ തന്നെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിയാകാതെ സംഘടനാ പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു നേതാവിന്റെ പ്രസരിപ്പ് പെരുപ്പിച്ച് കാണിച്ച് അതില്‍ കടിച്ചുതൂങ്ങി വോട്ട് തേടുന്ന ഒറ്റമൂലിയല്ല എല്‍.ഡി.എഫിനുള്ളത്- ദേശാഭിമാനി പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.