ലണ്ടന്‍: അടുത്തമാസം മുതല്‍ വരുമാനനികുതി ഒരു പൗണ്ടിന് 5പെന്‍സ് എന്ന രീതിയില്‍ വര്‍ധിച്ചാല്‍ അത് നികുതിദായകര്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുമെന്ന് ലേബര്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു. കുട്ടികളുള്ളവരും വരുമാനം 44,000പൗണ്ടിനും 52,000പൗണ്ടിനും ഇടയുള്ളതുമായ കുടുംബങ്ങള്‍ക്ക് അടുത്തവര്‍ഷം മുതല്‍ കുറഞ്ഞത് 1,300പൗണ്ടെിന്റെ നഷ്ടമെങ്കിലുമുണ്ടാകുമെന്ന് ഹൗസ് ഓഫ് കോമണ്‍ ലൈബ്രറി നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.
സാധാരണക്കാരുടെ ജീവിത പ്രതിസന്ധി കുറേക്കൂടി വര്‍ധിപ്പിക്കുകയാണ് കൂട്ടുകക്ഷി സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്ന് ലേബര്‍ നേതാവ് എഡ് മിലിബാന്റ് പറയുന്നു. ലേബര്‍ ബാക്ക്‌ബെഞ്ചര്‍ ഫിയോന ഒ ഡോണലിന്റെ ആവശ്യട്ടതനുസരിച്ച് വരുമാനനികുതി, ദേശീയ ഇന്‍ഷുറന്‍സ്, ടാക്‌സ് ക്രഡിറ്റ്‌സ്, വാറ്റ്‌സ്, ഇന്ധനികുതി എന്നിവയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കുശേഷമുള്ള കണക്കുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇത് പ്രകാരം വര്‍ഷത്തില്‍ 44,000പൗണ്ട് സമ്പാദിക്കുന്ന രണ്ട് കുട്ടികളുള്ള കുടുംബത്തിന് ഈ വര്‍ഷം അവസാനം 1,434 പൗണ്ട് നികുതിയിനത്തില്‍ നല്‍കേണ്ടിവരും. 47,000പൗണ്ട് വര്‍ഷത്തില്‍ സമ്പാദിക്കുന്ന രണ്ടുകുട്ടികളുള്ള കുടുംബത്തിന് 1,304പൗണ്ട് നഷ്ടമാകും. മൂന്ന് കുട്ടികളുള്ള കുടുംബത്തില്‍ രക്ഷിതാക്കള്‍ 52,000പൗണ്ട് സമ്പാദിക്കുന്നെങ്കില്‍ അവര്‍ക്ക് 1,886പൗണ്ട് നഷ്ടമാകും.
മാര്‍ച്ച് 23ലെ ബജറ്റില്‍ ഈ നിയമം പിന്‍വലിക്കണമെന്ന് മിലിബാന്റ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനോടും, ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണ കുടുംബങ്ങളുടെ മേല്‍ ഈ ഭാരം അടിച്ചേല്‍പ്പിക്കുക വഴി ഡേവിഡ് കാമറൂണ്‍ ജീവിത പ്രതിസന്ധി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇടത്തരം കുടുംബങ്ങളെയും, കുറഞ്ഞവരുമാനമുള്ളവരെയും ബുദ്ധിമുട്ടിലാക്കുന്ന ഈ നടപടി വഴി ബ്രിട്ടനിലെ കുടുംബങ്ങളെ വഞ്ചിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല