നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് രംഗത്ത് പരിഷ്ക്കരണം കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്നും അധികാരികള്‍ പിറകോട്ടുപോയേക്കാമെന്ന് സൂചന. ജി.പികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയുള്ള പരിഷ്ക്കരണമായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍ പരിഷ്ക്കരണം നീതീകരിക്കാനാവാത്തതാണെന്ന് ലിബറല്‍ ഡെമോക്രാറ്റ്സ് അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് ചില ഭേദഗതികള്‍ വരുത്താന്‍ തയ്യാറാണെന്ന് ആരോഗ്യ സെക്രട്ടറി ആന്‍ഡ്രൂ ലാന്‍സ്ലേ വ്യക്തമാക്കുകയായിരുന്നു. പ്രൈമറി ഹെല്‍ത്ത് കെയര്‍ ട്രസ്റ്റുകളെ പൂര്‍ണമായും ഇല്ലാതാക്കി എന്‍.എച്ച്.എസുകളുടെ നിയന്ത്രണം ജി.പികള്‍ക്ക് നല്‍കാനുദ്ദേശിച്ചുള്ളതാണ് പരിഷ്ക്കരണം.
അതിനിടെ പരിഷ്ക്കരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന് ഈയാഴ്ച്ച സമ്മേളിക്കുന്നുണ്ട്. ഏതാണ്ട് 140,000 ആളുകള്‍ അംഗങ്ങളായുള്ളതാണ് അസോസിയേഷന്. നേരത്തേ ഷെഫേല്ഡില് നടന്ന ലിബറല്‍ ഡെമോക്രാറ്റുകളുടെ യോഗം പരിഷ്ക്കരണത്തിനെതിരേ പ്രമേയം പാസാക്കിയിരുന്നു.
യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളെല്ലാം ശക്തമായ ഭാഷയിലാണ് പരിഷ്ക്കരണത്തെ എതിര്‍ത്തത്. തുടര്‍ന്ന് ബി.ബി.സിക്ക് നല്കിയ അഭിമുഖത്തിലാണ് ആരോഗ്യ സെക്രട്ടറി പരിഷ്ക്കരണത്തില്‍ ഭേദഗതി വരുത്തുമെന്ന് വ്യക്തമാക്കിയത്. വിഷയത്തില്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ ഉന്നയിച്ച ആവശ്യങ്ങളും പരിഗണിച്ചായിരിക്കും ഭേദഗതി വരുത്തുകയെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല