എന്‍.എച്ച്.എസിനായി ഏറെ പണംചിലവാക്കിയിട്ടും സേവനങ്ങളില്‍ അത് പ്രതിഫലിക്കുന്നില്ലെന്ന് പരാതി. നികുതിദായകരുടെ പണം വെറുതേ ചിലവഴിക്കുകയാണെന്നും എന്‍.എച്ച്.എസിന്റെ സേവനം കാര്യക്ഷമമാകുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ എന്‍.എച്ച്.എസിനുള്ള സാമ്പത്തിക സഹായത്തില്‍ 70 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ എന്‍.എച്ച്.എസിന്റെ സേവനങ്ങളുടെ കാര്യക്ഷമതയില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പബ്ലിക്ക് അക്കൗണ്ട്സ് കമ്മറ്റി വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി എന്‍.എച്ച്.എസിന്റെ സേവനങ്ങളുടെ കാര്യക്ഷമത കുറയുന്നതായാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്ന് കമ്മറ്റി ചെയര്മാന് മാര്‍ഗരറ്റ് ഹോജ് പറഞ്ഞു.
എന്നാല്‍ പത്തുവര്‍ഷത്തിനിടെ എന്‍.എച്ച്.എസിന് നല്കുന്ന സഹായധനത്തിന്റെ കാര്യത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. വര്‍ഷത്തില്‍ നല്കുന്ന ധനസഹായം 60 ബില്യണ്‍ പൗണ്ടില്‍ നിന്നും 102 ബില്യണ്‍ പൗണ്ടിലേക്ക് ഉയര്‍ന്നിട്ടുണ്ട്. നികുതിദായകന് ചിലവഴിക്കുന്ന പണത്തിന്റെ മൂല്യം ലഭിക്കുന്നില്ലെന്നും ഹോജ് വ്യക്തമാക്കി.
ഈ സ്ഥിതി തുടരാനാകില്ലെന്നും ആരോഗ്യമന്ത്രാലയം വിഷയത്തില്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചിലവുചുരുക്കി 20 ബില്യണ്‍ പൗണ്ടുവരെ ഓരോവര്‍ഷവും ലാഭിക്കാനാണ് നിലവിലെ ശ്രമം. എന്‍.എച്ച്.എസിലെ ജോലിക്കാരുടെ സേവനങ്ങള്‍ നിരീക്ഷിക്കാന്‍ ഉതകുന്ന സംവിധാനമില്ലാത്തതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല