1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2011


ഏറെ വിവാദമായ മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിനെതിരെ രംഗത്തുവന്ന സിപി.എം. ഇടുക്കി ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാന്‍ പറ്റിയവരെ കണ്ടെത്താനാകാതെ കുഴയുന്നു. കേവലം അഞ്ചു മണ്ഡലങ്ങള്‍ മാത്രമുള്ള ഇടുക്കി ജില്ലയില്‍ സി.പി.എം മല്‍സരിക്കുന്ന മൂന്നിടത്തും 2006ലെ അതേ സ്ഥാനാര്‍ഥി പാറ്റേണാണ് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം ഇടുക്കി കേരള കൊണ്ഗ്രസിനു നല്‍കിയതോടെ ജനസമ്മതനായ റോഷി അഗസ്റിന്‍ തന്നെയായിരിക്കും UDF സ്ഥാനാര്‍ഥി.ഇടുക്കി നിയോജകമണ്ഡലത്തില്‍ കഴിഞ്ഞതവണ ഇടതുതരംഗത്തിനിടയിലും കേരള കോണ്‍ഗ്രസിലെ റോഷി അഗസ്റ്റിനോട് ഇരുപതിനായിരത്തിലധികം വോട്ടുകള്‍ക്കു ദയനീയമായി പരാജയപ്പെട്ട സി.വി.വര്‍ഗീസ് തന്നെയാണ് മിക്കവാറും സി.പി.എം സ്ഥാനാര്‍ഥിയായി മല്‍സരിക്കുക. അനുയോജ്യനായ മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ സി.പി.എമ്മിനു സാധിക്കാതെ പോയതിനാല്‍ മുന്‍ ഏരിയാ സെക്രട്ടറിയായ വര്‍ഗീസിന്റെ പേരുതന്നെ പാര്‍ട്ടി നിര്‍ദ്ദേശിക്കുകയായിരുന്നു. 2001ലെ തിരഞ്ഞെടുപ്പു വരെ ഘടകകക്ഷിയായ ജനതാദളിന്റെ സീറ്റായിരുന്നു ഇടുക്കി.

രണ്ടുതവണ മല്‍സരിച്ചവര്‍ മാറി നില്‍ക്കണമെന്ന സി.പി.എമ്മിന്റെ പൊതുതീരുമാനത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട മണ്ഡലങ്ങളില്‍ ഉടുമ്പഞ്ചോല ഉള്‍പ്പെട്ടതും അനുയോജ്യനായ മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതെ പോയതിനാലാണ്. കോണ്‍ഗ്രസില്‍ നിന്ന് 2001ല്‍ മണ്ഡലം തിരിച്ചു പിടിച്ച കെ.കെ.ജയചന്ദ്രന്‍തന്നെ മൂന്നാമങ്കത്തിന് ഉടുമ്പഞ്ചോലയില്‍ കച്ചമുറുക്കുമെന്നുറപ്പായിക്കഴിഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം നിന്ന മണ്ഡലം കൈവിട്ടുപോകാതിരിക്കണമെങ്കില്‍ ജയചന്ദ്രന്‍ തന്നെ സ്ഥാനാര്‍ഥിയാകണമെന്നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിന്റെ അഭിപ്രായം.

തൊടുപുഴ മണ്ഡലം മാണി ഗ്രൂപ്പിന് വിട്ടുകൊടുത്തത് ഡി.സി.സി നേതൃത്വം എങ്ങിനെ ഉള്‍ക്കൊള്ളും എന്ന് കാത്തിരുന്നു കാണേണ്ടി വരും.കഴിഞ്ഞതവണ LDF ല്‍ ആയിരുന്ന വരെ കേരള കോണ്‍ഗ്രസ് (ജെ) മല്‍സരിച്ച തൊടുപുഴ ഇത്തവണ പി.സി.തോമസ് വിഭാഗത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ച് സ്വതന്ത്രനുവേണ്ടി മാറ്റി വച്ചിരിക്കുകയാണ്. ഇവിടെയും പി.ജെ.ജോസഫിനെ നേരിടാന്‍ പറ്റിയ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ സി.പി.എമ്മിനു കഴിയാതെപോയതാണിതിനു കാരണം. തോമസുമായി വളരെയധികം അടുപ്പം പുലര്‍ത്തുന്ന എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്റുകൂടിയായ അഡ്വ. സി.കെ. വിദ്യാസാഗറായിരിക്കും തൊടുപുഴയിലെ ഇടതുമുന്നണിയുടെ സ്വതന്ത്രന്‍. ജോസഫ് ഗ്രൂപ്പില്‍ നിന്നു പിണങ്ങി മാറി നില്‍ക്കുന്ന പ്രൊഫ. ജോസഫ് അഗസ്റ്റിനും ഇടതുമുന്നണിയുടെ പരിണനയിലുണ്ട്.

വിവാദങ്ങളുടെ ചൂട് മാറാത്ത മൂന്നാര്‍ ഉള്‍പ്പെടുന്ന ദേവികുളം മണ്ഡലത്തില്‍ സിറ്റിംഗ് എം.എല്‍.എയായ എസ്.രാജേന്ദ്രന്‍ തന്നെയാണ് ഇത്തവണയും മല്‍സരിക്കുക. മൂന്നുതവണ മണ്ഡലത്തെ പ്രതിനിധീകരിക്കുകയും കഴിഞ്ഞതവണ രാജേന്ദ്രനോടു തോല്‍ക്കുകയും ചെയ്ത കോണ്‍ഗ്രസിലെ എ.കെ. മണിയായിരിക്കും ഇത്തവണയും എതിര്‍ചേരിയില്‍. കോണ്‍ഗ്രസിന്റെ തുടര്‍ച്ചയായ വിജയത്തെ പ്രതിരോധിക്കാന്‍ 2001ല്‍ സി.പി.എം ഇവിടെ രംഗത്തിറക്കിയത് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ആയിരുന്ന കിട്ടപ്പ നാരായണ സ്വാമിയുടെ മകന്‍ ബാലസുബ്രഹ്മണ്യത്തെയാണ്. പാര്‍ട്ടി അംഗം പോലുമല്ലാതിരുന്ന ബാലസുബ്രഹ്മണ്യത്തിനു എ.കെ.മണിയെ തോല്‍പിക്കാനായില്ല. തുടര്‍ന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ രാജേന്ദ്രനെ സി.പി.എം രംഗത്തിറക്കുകയായിരുന്നു.

പീരുമേട്ടില്‍ സിറ്റിംഗ് എം.എല്‍.എയായ ഇ.എസ് ബിജിമോളെ വീണ്ടും മല്‍സരിപ്പിക്കാനാണ് സി.പി.ഐയുടെ തീരുമാനം. സി.പി.ഐയുടെ പട്ടികയില്‍ വേറെ പല പേരുകളും ഉണ്ടെങ്കിലും ബിജിമോളെ മാറ്റേണ്ടതില്ലെന്നുതന്നെയാണ് അന്തിമ തീരുമാനം. പീരുമേട്ടില്‍ മൂന്നാമത്തെ തവണ ഇ.എം.ആഗസ്തി മല്‍സരിക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പ് രൂക്ഷമാണ്. രണ്ടുതവണ ഉടുമ്പഞ്ചോലയില്‍ നിന്നു വിജയിച്ചിട്ടുള്ള ആഗസ്തി ഒരു തവണ പീരുമേട്ടില്‍ നിന്നും വിജയിച്ചിരുന്നു. കഴിഞ്ഞ തവണ തന്റെ നാലാം അങ്കത്തില്‍ ബിജിമോളോട് പരാജയപ്പെടുകയും ചെയ്തു. ആഗസ്തിയെ സ്ഥിരം സീറ്റുപിടുത്തക്കാരുടെ ഗണത്തില്‍ യൂത്ത കോണ്‍ഗ്രസ് പെടുത്തിയിരിക്കുകയാണ്. പീരുമേട്ടില്‍ മുന്‍ എം.എല്‍.എ കെ.കെ. തോമസിന്റെ മകനായ അഡ്വ. സിറിയക്ക് തോമസിനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ശക്തമാണ്. എ.ഐ.സി.സി നടത്തിയ വിലയിരുത്തലിലും സിറിയക്കാണ് മുന്‍പില്‍. പീരുമേട്ടില്‍ സിറിയക്കിനാണു നറുക്കുവീഴുകയെങ്കില്‍ ഉടുമ്പഞ്ചോലയിലേക്കു മാറാന്‍ ആഗസ്തി താല്‍പര്യപ്പെടുന്നുണ്ടെങ്കിലും അത് അംഗീകരിക്കപ്പെടണമെന്നില്ല.

ഉടുമ്പഞ്ചോലയില്‍ സി.പി.എമ്മിന്റെ സിറ്റിംഗ് എം.എല്‍.എയായ ജയചന്ദ്രനെ നേരിടാന്‍ ഡി സി സി പ്രസിഡന്റ് റോയി കെ.പൗലോസിനെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസിനു പദ്ധതിയുണ്ട്. പീരുമേട്ടില്‍ ആഗസ്തിക്കു നറുക്കുവീണാല്‍ റോയി കെ.പൗലോസുമായി മണ്ഡലങ്ങള്‍ വച്ചു മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.