തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദന് സീറ്റ് നല്‍കേണ്ടെന്ന് സി.പി.ഐ.എം തീരുമാനം. സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം സംസ്ഥാന സമതി അംഗീകരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടിയെ നയിക്കും. പിണറായി വിജയനും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. സംസ്ഥാന സെക്രട്ടേറിയേറ്റിലും സമിതിയിലും വി.എസ് മത്സരിക്കണമെന്ന് ആവശ്യമുയര്‍ന്നുവെങ്കിലും ഭൂരിപക്ഷ അഭിപ്രായം മറിച്ചായിരുന്നു. തുടര്‍ന്നാണ് കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ സ്വാധീനമുണ്ടാക്കുന്ന തീരുമാനം സി.പി.ഐ.എം എടുത്തത്.
സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് ഏഴ് പേരാണ് മത്സരത്തിനുണ്ടാവുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പി.ബി അംഗം കൂടിയായ കോടിയേരി ബാലകൃഷ്ണന്, എ.കെ ബാലന്, പി.കെ ഗുരുദാസന്, എം.എ ബേബി, എം.സി ജോസഫൈന്, ഇ.പി ജയരാജന്, തോമസ് ഐസക്ക് എന്നിവരാണ് മത്സരിക്കുന്ന സെക്രട്ടേറിയേറ്റ് അംഗങ്ങള്‍.
സംസ്ഥാന സെക്രട്ടറേയേറ്റില്‍ വി.എസ് തന്റെ നിലപാട് വിശദീകരിച്ചുവെങ്കിലും പാര്‍ട്ടി അത് അംഗീകരിച്ചില്ല. പാര്‍ട്ടി അച്ചടക്കത്തെ താന്‍ ഒരിക്കലും ലംഘിച്ചിട്ടില്ലെന്ന് വി.എസ് യോഗത്തില്‍ വ്യക്തമാക്കി. തന്റെ നിലപാടുകളെ എതിര്‍ക്കുകയാണ് പാര്‍ട്ടി ചെയ്തത്. എന്നാല്‍ അതൊക്കെ മുന്നണിക്ക് ഗുണകരമാവുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് പാര്‍ട്ടിയുടെ പിന്തുണ എനിക്ക് ലഭിച്ചത്. പാര്‍ട്ടി എന്ത് തീരുമാനവും എടുത്താല്‍ അത് അംഗീകരിക്കാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞ വി.എസ് മത്സരിക്കാന്‍ താല്പര്യമുണ്ടെന്ന് സൂചിപ്പിക്കുന്ന ഒന്നും യോഗത്തില്‍ പറഞ്ഞില്ല.
തുടര്‍ന്ന് സംസാരിച്ച കോടിയേരി ബാലകൃഷ്ണന് പിണറായി മത്സരിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ പിണറായി മുന്നണിയെ കോടിയേരി നയിക്കട്ടെയെന്ന് വ്യക്തമാക്കി. പിണറായിയുടെ ഈ നിര്‍ദേശത്തിന് യോഗത്തില്‍ അംഗീകാരം ലഭിക്കുകയായിരുന്നു. നാല് സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ മാത്രമാണ് വി.എസിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. എം.വി ഗോവിന്ദന്‍മാസ്റ്റര്‍, പി.കെ ശ്രീമതി, എം.സി ജോസഫൈന്, ആനത്തലവട്ടം ആനന്ദന് എന്നിവരാണ് വി.എസിന് അനുകൂലമായി യോഗത്തില്‍ സംസാരിച്ചത്.
മാര്‍ച്ച് എട്ടിന് ചേര്‍ന്ന സി.പി.ഐ.എം സെക്രട്ടേറിയേറ്റില്‍ വി.എസിനെ മത്സരിപ്പിക്കേണ്ടെന്ന് ധാരണയായിരുന്നു. എന്നാല്‍ അന്ന് അന്തിമ തീരുമാനമെടുത്താതെ സംസ്ഥാന സമിതിക്ക് വിടുകയും അവര്‍ ജില്ലാ കമ്മിറ്റിയുടെ അഭിപ്രായത്തിന് വേണ്ടി വിടുകയും ചെയ്യുകയായിരുന്നു.
തിരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ പാര്‍ട്ടി അച്ചടക്കത്തിന് പ്രാധാന്യം നല്കുന്ന തീരുമാനമാണ് സി.പി.ഐ.എം കൈക്കൊണ്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രിയായ ശേഷം പാര്‍ട്ടി ഔദ്യോഗിക നിലപാടുകളോട് ശക്തമായി കലഹിച്ച വി.എസിനെ അടുത്ത തവണ പരിഗണിക്കേണ്ടെന്ന ഉറച്ച് തീരുമാനമായിരുന്നു സി.പി.ഐ.എമ്മിന് നേരത്തെ തന്നെയുണ്ടായിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി കേരളത്തിലുണ്ടായ രാഷ്ട്രീയ സാഹചര്യം വീണ്ടും വി.എസ് കേന്ദ്രബിന്ദുവാകുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിച്ചു.
വി.എസിനെ മുന്നില്‍ നിര്‍ത്തിയാല്‍ വീണ്ടും അധികാരത്തിലേറാമെന്ന സാഹചര്യം വരെയുണ്ടായിട്ടും അദ്ദേഹത്തെ മാറ്റി നിര്‍ത്താനുള്ള തീരുമാനം വ്യക്തമായ ആലോചനയോടെയുള്ളതാണ്. വി.എസിന്റെ നേതൃത്വത്തില്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നത് അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമായിരിക്കുമെന്ന് ഔദ്യോഗിക പക്ഷം കണക്കുട്ടുന്നുണ്ട്.
ഭരണം വേണോ പാര്‍ട്ടി നിയന്ത്രണം വേണോയെന്ന ചോദ്യത്തിന് മുന്നില്‍ പാര്‍ട്ടി നിയന്ത്രണം മതിയെന്ന നിലപാടിലേക്ക് സി.പി.ഐ.എം ഔദ്യോഗിക പക്ഷം എത്തിയിരിക്കയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല