1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2011


വി.എസിനറിയാമായിരുന്നു അവസാനം ഇതൊക്കെത്തന്നെ സംഭവിക്കുമെന്ന്‌. എണ്‍പത്തൊമ്പതാം വയസ്സിലും രാഷ്ട്രീയതന്ത്രങ്ങള്‍ മെനയുന്ന ഈ ചാണക്യന്‌ അധികാരത്തിന്റെ അവസാന നാളുകളില്‍ താന്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരങ്ങളും തകര്‍ന്നടിയുന്നതുതന്നെ കാണേണ്ടിവന്നു. 2006ലേതുപോലെ ഇത്തവണ തന്നെ സഹായിക്കാന്‍ ജനതതി ഇളകിവരില്ലെന്നും വി.എസിനറിയാം. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പു മുന്നില്‍കണ്ടു താന്‍ സൃഷ്ടിച്ച രാഷ്ട്രീയഭൂകമ്പങ്ങളുടെ ഫലശ്രുതി എന്താണെന്നറിയാന്‍ വി.എസ്‌. കാത്തിരിക്കുകയാണ്‌.

2006ല്‍തന്നെ വി.എസിനെ ഒതുക്കാന്‍ കേരളത്തിലെ സി.പി.എം തീരുമാനിച്ചതാണ്‌. പക്ഷെ, അതു നടന്നില്ല. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ കാടും മലയുമിളക്കി ചുറുചുറുക്കുള്ള നേതാവായി വിലസിയ വി.എസിനുവേണ്ടി ചെറുപ്പക്കാരായിരുന്നു അന്ന്‌ തെരുവിലിറങ്ങിയത്‌. അങ്ങിനെ പാര്‍ട്ടിയോടു പരസ്യമായി ഏറ്റുമുട്ടി വി.എസ്‌ സീറ്റു നേടി. മലമ്പുഴയില്‍ തുച്ഛമായ വോട്ടുകള്‍ക്ക്‌ സതീശന്‍ പാച്ചേനിയെ തോല്‍പിച്ച്‌ കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയില്‍ വരെയെത്തി.

പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതുമൊന്നും ഭരണകാലത്ത്‌ ആവര്‍ത്തിക്കാന്‍ സഖാവിനായില്ല. അതൊരു പശ്ചാത്താപമായി വി.എസിനെ വേട്ടയാടിയിരുന്നിരിക്കണം. താന്‍ സത്യസന്ധനാണെന്നും പാര്‍ട്ടിയാണ്‌ പ്രശ്‌നമെന്നും സമര്‍ഥിക്കാനായി പിന്നെ ശ്രമം. വീണ്ടുമൊരു തിരഞ്ഞെടുപ്പു വരുമ്പോള്‍ പാര്‍ട്ടി സീറ്റ്‌ നല്‍കില്ലെന്നും വി.എസിനുറപ്പുണ്ടായിരുന്നു. അതുകൊണ്ടാണ്‌ നാലേമുക്കാല്‍ വര്‍ഷം ആവനാഴിയില്‍ ഒളിപ്പിച്ചു വച്ച വിഷം പുരട്ടിയ അമ്പുകള്‍ വി.എസ്‌ പുറത്തെടുത്തത്‌. കുഞ്ഞാലിക്കുട്ടിയും ബാലകൃഷ്‌ണപിള്ളയുമെല്ലാം യു.ഡി.എഫിനെ നാറ്റിച്ചപ്പോള്‍ ചിരിച്ചതു വി.എസാണ്‌. ഒടുവില്‍ അതേ ആയുധത്തിന്റെ മുന ഉമ്മന്‍ചാണ്ടിക്കുനേരേയും തിരിച്ചു വച്ചു വി.എസ്‌.

നാലര വര്‍ഷംകൊണ്ട്‌ ജനസമ്മതിയില്‍ ഏറെ പിന്നോട്ടുപോയ തന്റെ മുന്നണിയെയും സര്‍ക്കാരിനേയും തന്റെ പ്രതിച്ഛായകൊണ്ട്‌ മുന്നോക്കം കൊണ്ടുവരികയും അതിലൂടെ ഒരിക്കല്‍കൂടി മല്‍സരിക്കാന്‍ കളമൊരുക്കുകയുമാണ്‌ വി.എസ്‌ ചെയ്‌തത്‌. ഇത്രയൊക്കെ ചെയ്‌ത തനിക്ക്‌ സീറ്റുതരാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാകുമെന്ന്‌ അദ്ദേഹം കരുതി. പക്ഷെ, ആ കരുതലിനു ഫലമുണ്ടായില്ല.

സി.പി.എം വളരെ കരുതലോടെയാണ്‌ വി.എസിന്റെ കാര്യത്തില്‍ പ്രവര്‍ത്തിച്ചത്‌. മുന്നണി ജയിച്ചാലും തോറ്റാലും വി.എസ്‌ മുന്‍നിരയിലുണ്ടാകാന്‍ പാടില്ലെന്ന്‌ അവര്‍ തീരുമാനിച്ചു. മുന്നണി ജയിച്ച്‌ വി.എസ്‌ വീണ്ടും മുഖ്യമന്ത്രിയായിക്കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. മാരാരിക്കുളത്ത്‌ 1996ല്‍ സംഭവിച്ചതുപോലൊരു വാരല്‍ ഇനി പറ്റിയെന്നു വരില്ല. അപ്പോള്‍ സീറ്റു നിഷേധിക്കല്‍ മാത്രമേ മാര്‍ഗമുള്ളു. വി.എസ്‌ മല്‍സരിച്ചു ജയിക്കുകയും മുന്നണി പ്രതിപക്ഷത്താകുകയും ചെയ്‌താല്‍ വി.എസിനെ പ്രതിപക്ഷനേതാവാക്കിയേ പറ്റൂ.

പിന്നെയും തൊണ്ണൂറു വയസിന്റെ പാരവശ്യങ്ങള്‍ മാറ്റി വച്ച്‌ വീണ്ടും വി.എസ്‌. മലകള്‍ കയറുമെന്നു പാര്‍ട്ടിക്കറിയാം. അഞ്ചു വര്‍ഷത്തിനപ്പുറം ജനകീയനായ വി.എസ്സിനായി ചിലപ്പോള്‍ സീറ്റു മാറ്റിവയ്‌ക്കേണ്ടി വരും. അതുണ്ടാകാന്‍ പാര്‍ട്ടി തെല്ലും ആഗ്രഹിക്കുന്നില്ല. ഇപ്പോഴത്തെ ദുര്‍ബലമായ കോലാഹലത്തിന്‌ അധികം മണിക്കൂറുകളൊന്നും ആയുസ്സുണ്ടാകില്ലെന്നും അതിനപ്പുറം അതിനെ വളര്‍ത്താനുള്ള ആരോഗ്യം പാര്‍ട്ടിയില്‍ ഇപ്പോള്‍ വി.എസിനില്ലെന്നും നേതൃത്വത്തിനു നന്നായിട്ടറിയാം.

അടുത്ത നിയമസഭയില്‍ മുന്നണിയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്‌ കോടിയേരി ബാലകൃഷ്‌ണനാണ്‌. ജയിച്ചാല്‍ മുഖ്യമന്ത്രി. അല്ലെങ്കില്‍ പ്രതിപക്ഷനേതാവ്‌. പക്ഷെ, വീണ്ടും ഒരു വര്‍ഷം കഴിയുമ്പോള്‍ പിണറായി വിജയന്‌ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വരും. അപ്പോള്‍ പാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും ഒരു പോലെ പ്രശ്‌നങ്ങള്‍ ഉരുണ്ടുകൂടുമെന്നു സംസ്ഥാനനേതാക്കള്‍ക്കറിയാം. വി.എസിന്റെ സീറ്റു നിഷേധത്തിനുപിന്നില്‍ അത്തരമൊരു ചേതോവികാരം കൂടിയുണ്ട്‌. ഇ.പി.ജയരാജന്‍, തോമസ്‌ ഐസക്ക്‌, എം.എ.ബേബി ത്രിമൂര്‍ത്തികള്‍ അന്നത്തെ കലഹത്തിനായി ഇപ്പോഴേ കച്ചമുറുക്കുന്നുമുണ്ട്‌. കോടിയേരിയെ സെക്രട്ടറി സ്ഥാനത്ത്‌ അവരോധിച്ച്‌ പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വം ജയരാജനു പാര്‍ട്ടി കൈമാറുന്ന കാഴ്‌ചയും ഒരു പക്ഷേ, മലയാളികള്‍ക്കു കാണേണ്ടിവന്നേക്കാം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.