കോട്ടയം ഇത്തവണയും കേരള കോണ്‍ഗ്രസിന്റെ കൈപ്പിടിയിലായി. തന്റെ ആവശ്യം പൂര്‍ണമായും അംഗീകരിക്കപ്പെട്ടില്ലെങ്കിലും കോട്ടയത്തെങ്കിലും അഭിമാനം കാക്കാനായതില്‍ കെ.എം.മാണിക്കു സന്തോഷിക്കാം. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും 11ല്‍ ഏഴ് സ്ഥാനാര്‍ഥികളേയും വിജയിപ്പിച്ച് താരതമ്യേന മികച്ചവിജയം നേടിയ കേരള കോണ്‍ഗ്രസ് (എം) ഇത്തവണയും അതാവര്‍ത്തിച്ചാല്‍ മാണിസാര്‍ പറയുന്നതുതന്നെ യാഥാര്‍ഥ്യമെന്നു സമ്മതിക്കേണ്ടിവരും. കേരള കോണ്‍ഗ്രസ് (എം) കൂടുതല്‍ കരുത്താര്‍ജ്ജിച്ചെന്ന്.
കോട്ടയത്ത് പത്തു നിയോജകമണ്‌ഡലങ്ങളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പു വരെ ഉണ്ടായിരുന്നത്. അതില്‍ ആറെണ്ണം കേരള കോണ്‍ഗ്രസിനും നാലെണ്ണം കോണ്‍ഗ്രസിനും. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ആറില്‍ മൂന്നിടത്ത് കേരള കോണ്‍ഗ്രസ് (എം) വിജയിച്ചു. കോണ്‍ഗ്രസ് പുതുപ്പള്ളിയില്‍ മാത്രമൊതുങ്ങി. കേരള കോണ്‍ഗ്രസിനു കേരളത്തില്‍ നഷ്‌ടമായ രണ്ടു സീറ്റും കോട്ടയത്തായിരുന്നു. കടുത്തുരുത്തിയില്‍ കേരള കോണ്‍ഗ്രസ് (ജെ) വിജയിച്ചപ്പോള്‍ പൂഞ്ഞാറില്‍ മാണിഗ്രൂപ്പ് സ്ഥാനാര്‍ഥിയെ പി.സി ജോര്‍ജ് തോല്‍പിച്ചു.
ഇത്തവണ മണ്‌ഡലപുനര്‍നിര്‍ണയം വന്നപ്പോള്‍ വാഴൂര്‍ ഇല്ലാതായി. നിയോജകമണ്‌ഡലങ്ങള്‍ കോട്ടയത്ത് ഒന്നു കുറഞ്ഞു. ആറ് – നാല് അനുപാതം അഞ്ച് – നാല് ആയി കുറയുകയും ചെയ്‌തു. ശക്തികൂടിയെന്നവകാശപ്പെടുമ്പോഴും ഒരു സീറ്റ് തന്റെ മാതൃജില്ലയില്‍ നഷ്‌ടപ്പെടുന്നത് മാണിസാറിന് ആലോചിക്കാനാകില്ല. അതുകൊണ്ട് ആഞ്ഞുപിടിച്ചു. നഷ്‌ടം കോണ്‍ഗ്രസ് സഹിച്ചു. കാഞ്ഞിരപ്പള്ളിയും കേരള കോണ്‍ഗ്രസിനു കിട്ടി. അങ്ങിനെ കോട്ടയം ജില്ലയിലെ അനുപാതം 6- 3 അഥവാ 2:1 ആയി. കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടി ശക്തി കേരള കോണ്‍ഗ്രസ് കോട്ടയത്തു നേടിയെന്നര്‍ഥം.
ഇപ്പോള്‍ കടുത്തുരുത്തിയും പൂഞ്ഞാറും മാണിസാറിനൊപ്പമാണ്. സ്ഥാനാര്‍ഥികളുടെ കാര്യത്തിലും വ്യത്യാസമൊന്നുമില്ല. സിറ്റിംഗ് എം.എല്‍.മാരായി ഇപ്പോള്‍ കേരള കോണ്‍ഗ്രസിലുള്ള എല്ലാവര്‍ക്കും തന്നെ – സി.എഫ് തോമസിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം ഒഴിച്ചാല്‍ – സീറ്റുറപ്പാണ്. അധികമായി വന്ന മൂന്ന് സിറ്റിംഗ് എം.എല്‍.എമാരെക്കൂടി പരിഗണിച്ചുകഴിയുമ്പോള്‍ ബോണസെന്നു പറയാന്‍ നാല് സീറ്റ് മിച്ചമുണ്ട്. അതില്‍ തന്നോടൊപ്പം നില്‍ക്കുന്ന ആരെയെങ്കിലും നിര്‍ത്തണോ അതോ ജോസഫ് ഗ്രൂപ്പു വഴി വന്നവരെ പരിഗണിക്കണോ എന്നൊക്കെയുള്ള ആശയക്കുഴപ്പമാണിപ്പോള്‍. കാരണം കഴിഞ്ഞതവണ തന്നോടൊപ്പം നിന്നു തോറ്റവര്‍തന്നെയുണ്ട് നാലുപേര്‍.
പാര്‍ട്ടിയില്‍ ആശയക്കുഴപ്പം തുടരുമ്പോഴും തനിക്ക് എതിരാളിയില്ലാത്ത പൂഞ്ഞാറില്‍ പി.സി.ജോര്‍ജ് രണ്ടാഴ്‌ച മുന്നേ പ്രചരണംതുടങ്ങിയിരുന്നു. ഒപ്പം കച്ചകെട്ടിയിറങ്ങിയ സി.പി.എം സ്വതന്ത്രന്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കാര്യമാകട്ടെ അനിശ്ചിതത്വത്തിലുമായി. ജോര്‍ജിന്‍െറ സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥിത്വം കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ് ഘടകത്തില്‍ കടുത്ത എതിര്‍പ്പുണ്ടാക്കിയിരുന്നു. കോണ്‍ഗ്രസുകാരുടെ പിന്തുണയില്ലെങ്കിലും താന്‍ 35,000 വോട്ടുകള്‍ക്ക് ജയിച്ചുകയറുമെന്ന ജോര്‍ജിന്‍െറ പ്രസ്‌താവനയാണ് കോണ്‍ഗ്രസുകാരെ കൂടുതല്‍ ചൊടിപ്പിച്ചത്. ഇതിനെതിരെ മുന്‍ കാഞ്ഞിരപ്പള്ളി എം.എല്‍.എ ജോര്‍ജ് ജെ മാത്യു രംഗത്തുവന്നിരുന്നു.
മണ്ഡല പുനര്‍നിര്‍ണയത്തോടെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളും പൂഞ്ഞാര്‍ മണ്ഡലത്തിലേക്കു കൈമാറ്റം ചെയ്യപ്പെട്ടു. മണ്ഡലത്തിലെ പത്തില്‍ ആറു പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളിയില്‍ നിന്നു വന്നതാണ്. നേരത്തേയുണ്ടായിരുന്ന ആറെണ്ണം പാലയോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. വാഴൂര്‍ മണ്ഡലമാകട്ടെ ഏകദേശം കാഞ്ഞിരപ്പള്ളിയായി പരാവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്‌തു.പഴയ കാഞ്ഞിരപ്പള്ളിയുടെ സ്വാധീനം ശക്തമായതിനാല്‍ പൂഞ്ഞാര്‍ മണ്ഡലം തങ്ങള്‍ക്കു ലഭിക്കണമെന്ന് കോണ്‍ഗ്രസിന്‍െറ നിലപാട് അംഗീകരിക്കപ്പെട്ടില്ല. നഷ്‌ടമായ വാഴൂരിനു പകരമായി കാഞ്ഞിരപ്പള്ളികൂടി ലഭിക്കണമെന്ന മാണി വിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടതിലും കോണ്‍ഗ്രസ് നേതൃത്വത്തിന് അമര്‍ഷമുണ്ട്. ഇതൊക്കെക്കൊണ്ട് കോട്ടയം ജില്ലയില്‍ കാലുവാരല്‍ വ്യാപകമാകുമോ എന്ന ഭയം കേരള കോണ്‍ഗ്രസിനെ നന്നേ അലട്ടുന്നുണ്ട്. കോട്ടയം ജില്ലയില്‍ ഒരിടത്തുപോലും തിരിച്ചടി നേരിടുകയെന്നത് കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അചിന്തനീയമാണ്.
കോണ്‍ഗ്രസുകാരുടെ കാലുവാരല്‍ ഭീഷണിമൂലം പാല ഇത്തവണ അത്ര സുരക്ഷിതമല്ലെന്നൊരു ഭയം കെ.എം.മാണിക്കുമുണ്ട്. കഴിഞ്ഞതവണ തന്റെ ഭൂരിപക്ഷത്തിലുണ്ടായ കനത്ത ഇടിവും അന്നത്തെ എതിര്‍ സ്ഥാനാര്‍ഥിയായ മാണി സി.കാപ്പന്‍ തന്നെയാണ് ഇത്തവണയും എതിരാളിയെന്നതും കേരള കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കുന്ന കാര്യമാണ്.മണ്ഡല പുനഃക്രമീകരണം വന്നപ്പോള്‍ പാല നിയോജകമണ്ഡലത്തിന്‍െറ ഭാഗമായിരുന്ന മരങ്ങാട്ടുപള്ളി, വെളിയന്നൂര്‍ പഞ്ചായത്തുകള്‍ കടുത്തുരുത്തി മണ്ഡലത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുകയാണ്. പൂഞ്ഞാറില്‍ നിന്ന് കൂട്ടിച്ചേര്‍ക്കപ്പെട്ട ആറു പഞ്ചായത്തുകളില്‍ ചിലതില്‍ കോണ്‍ഗ്രസുമായി കേരള കോണ്‍ഗ്രസ് നല്ല ബന്ധത്തിലല്ലാത്തതും മാണിയെ ആശങ്കയിലാഴ്‌ത്തുന്നു.
രാമപുരം പഞ്ചായത്തില്‍ കഴിഞ്ഞ തവണയും കോണ്‍ഗ്രസുകാര്‍ കെ.എം.മാണിക്കെതിരെ രംഗത്തുവന്നിരുന്നു. ഇത്തവണയും അവിടെ സ്ഥിതി വ്യത്യസ്‌തമല്ല. പൂഞ്ഞാറില്‍ നിന്നു പാലയിലേക്കു വന്ന മേലുകാവ് പഞ്ചായത്തിലും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും രണ്ടു ധ്രുവങ്ങളിലാണ്. ഇവിടെ പഞ്ചായത്തില്‍ രണ്ട് അംഗങ്ങള്‍ മാത്രമുള്ള സിപി.എം, കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ ഭരണം നടത്തുകയാണ്. കേരള കോണ്‍ഗ്രസിനു ഭരണം ലഭിക്കാതിരിക്കാന്‍ അവസാനനിമിഷം കോണ്‍ഗ്രസ് സി.പി.എമ്മിനെ പിന്തുണയ്‌ക്കുകയായിരുന്നു. വാര്‍ഡ് അടിസ്ഥാനത്തിലുള്ള തര്‍ക്കം ഇതിലും വ്യാപകമാണ്. പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ശക്തമായ മുന്നേറ്റം നടത്തിയപ്പോഴും സ്വന്തം വാര്‍ഡില്‍ ഇടതുമുന്നണി ഭൂരിപക്ഷം നേടുന്നത് മാണിക്കു കാണേണ്ടിവന്നു.
യു.ഡി.എഫില്‍ കെ.എം. മാണി നേടിക്കൊണ്ടിരിക്കുന്ന അപ്രമാദിത്വത്തിനു തടയിടാന്‍ കോണ്‍ഗ്രസുകാര്‍ ശ്രമിച്ചേക്കുമെന്ന സൂചനകളാണ് കെ.എം. മാണിയെ വെട്ടിലാക്കുന്നത്. 2001ല്‍ ഉഴവൂര്‍ വിജയനെ 22301 വോട്ടുകള്‍ക്കാണ് കെ.എം.മാണി പാലായില്‍ പരാജയപ്പെടുത്തിയതെങ്കില്‍ 2006ല്‍ മാണി .സി. കാപ്പനിലെത്തിയപ്പോള്‍ ഇത് 7759 ആയി കുത്തനെ കുറഞ്ഞു.
കടുത്തുരുത്തിയില്‍ കഴിഞ്ഞതവണ കേരള കോണ്‍ഗ്രസുകളുടെ യുദ്ധമായിരുന്നു. മാണി ഗ്രൂപ്പിലെ സ്റ്റീഫന്‍ ജോര്‍ജിനെയാണ് ഇവിടെ മോന്‍സ് ജോസഫ് പരാജയപ്പെടുത്തിയത്. ഇത്തവണ മോന്‍സിനൊപ്പമുള്ളവര്‍ മാണി ഗ്രൂപ്പില്‍ എത്തിയതിനാല്‍ തങ്ങളുടെ മല്‍സരശേഷി കടുത്തുരുത്തിയില്‍ പതിന്‍മടങ്ങു വര്‍ധിച്ചതായാണ് കേരള കോണ്‍ഗ്രസിന്‍െറ വിലയിരുത്തല്‍. ഓരോ തവണയും ഇരുമുന്നണിയും മാറിമാറി വിജയിക്കുന്ന കടുത്തുരുത്തിയില്‍ കഴിഞ്ഞതവണ 2001 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മോന്‍സ് ജോസഫ് വിജയിച്ചത്.
എന്നാലിത്തവണ കേരള കോണ്‍ഗ്രസ് തോമസ് വിഭാഗത്തിനാണ് ഇടതു മുന്നണി കടുത്തുരുത്തി നല്‍കിയിരിക്കുന്നത്. അവര്‍ക്കാകട്ടെ അവിടൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല. മാണിഗ്രൂപ്പില്‍ നിന്ന് ഇത്തവണ സീറ്റു കിട്ടാന്‍ യാതൊരു സാധ്യതയുമില്ലാത്ത സ്റ്റീഫന്‍ ജോര്‍ജിനെ പറിച്ചെടുത്ത് തങ്ങളുടെ സ്ഥാനാര്‍ഥിയാക്കി കടുത്തുരുത്തിയില്‍ മല്‍സരിപ്പിക്കാന്‍ തോമസ് വിഭാഗം ഊര്‍ജ്ജിത നീക്കം നടത്തുന്നുണ്ട്.എന്നാല്‍ അദ്ദേഹം വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല