ജേക്കബ് പുന്നൂസ്
ഇന്ത്യന്‍ രൂപ പതിനഞ്ചു ലക്ഷം മുടക്കാന്‍ റെഡിയാണോ ? വര്‍ക്ക് പെര്‍മിറ്റ് വേണ്ട,വിസ വേണ്ട,ഇംഗ്ലീഷ് ടെസ്റ്റും പാസവാണ്ട. നാട്ടിലുള്ളവര്‍ പറയുന്നത് പോലെ ബ്രിട്ടന്റെ മായിക ലോകത്തേക്ക് ചുവടു വയ്ക്കാം.ഇതു കേള്‍ക്കുമ്പോള്‍ മില്ല്യന്‍ കണക്കിന് പൗണ്ട് ബാങ്ക് ബാലന്‍സ് കാണിച്ചാല്‍ വിസ നല്കുന്ന പുതിയ സര്‍ക്കാരിന്റെ പദ്ധതിയാണെന്ന് കരുതരുത്.എന്തിനും വ്യാജമാര്ഗം കണ്ടെത്തുന്ന ഇന്ത്യന്‍ കുബുദ്ധിയുടെ സൃഷ്ടിയാണ് ഈ അനധികൃത കുടിയേറ്റ പാത.
യഥാര്‍ത്ഥ വിസയില്‍ വരുമ്പോള്‍ കേരളത്തില്‍ നിന്നും ലണ്ടനിലേക്ക് നേരിട്ട് വരാം.എന്നാല്‍ പുതിയ മാര്‍ഗത്തില്‍ വഴി അല്പം വളഞ്ഞതാണ്.കേരളത്തില്‍ നിന്നും ട്രെയിന്‍ അല്ലെങ്കില്‍ ഫ്ലൈറ്റ് മാര്‍ഗം പഞ്ചാബില്‍ എത്തണം.അവിടത്തെ ട്രാവല്‍ എജെന്റുമാര്‍ക്ക് ഒരു അഞ്ചു ലക്ഷം കൊടുത്താല്‍ ഷെങ്കന്‍ സോണില്‍ ഉള്ള ഏതെങ്കിലും രാജ്യത്തേക്ക് വിസ സംഘടിപ്പിച്ചു തരും.ഇപ്രകാരമുള്ള വിസയില്‍ ഷെങ്കന്‍ സോണില്‍ ഉള്ള ഏതെങ്കിലും രാജ്യത്ത് എത്താം.സാധാരണ ഗതിയില്‍ ബെല്‍ജിയം,ജെര്‍മനി,ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് ഇപ്രകാരമുള്ള വിസയില്‍ എത്തുക.
ഇനിയാണ് യഥാര്‍ത്ഥ കളി.ഷെങ്കന്‍ സോണില്‍ വിമാനമിറങ്ങുന്നയാള് അവിടെയുള്ള ദേശി കണ്സള്ട്ടണ്ടിനെ കാണണം.അവിടെയും മുടക്കണം ഒരു പത്തു ലക്ഷം.ഇയാളാണ് യു കെ എന്ന വാഗ്ദത്ത നാട്ടിലേക്ക് നമ്മെ കൈപിടിച്ചു കടത്തുന്ന രക്ഷകന്.ഇയാള്‍ യൂറോപ്പില്‍ തങ്ങുന്നതിന് ആവശ്യമായ റെസിഡന്‍സി പെര്‍മിറ്റ്,ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ വ്യാജമായി നിര്‍മിച്ചു തരും.
ഇതുപയോഗിച്ച് EUപാസ്പോര്‍ട്ടും സ്വന്തമാക്കാം.ഇതെല്ലാമുണ്ടെങ്കില്‍ യു കെയിലേക്ക് നിയമപരമായി തന്നെ കടക്കാം.
ഇനി പത്തു ലക്ഷം മുടക്കാന്‍ ഇല്ലെങ്കില്‍ മൂന്നോ നാലോ ലക്ഷം കൊടുത്താല്‍ ഏതെങ്കിലും ട്രക്കിലോ,ഷിപ്പിലോ ഒളിച്ചു കടക്കാന്‍ സൌകര്യമൊരുക്കും.ഇത്തരക്കാര്‍ പക്ഷെ പിടിക്കപ്പെടാന്‍
സാധ്യതയേറെയാണ്.അടുത്ത കാലത്ത് ക്രിസ്മസ് ട്രീയുമായി വന്ന ലോറിയില്‍ ഒളിച്ചു കടക്കാന്‍ ശ്രമിച്ച നാല് ഇന്ത്യക്കാരെ ബോര്‍ഡര്‍ എജെന്സി പിടികൂടിയിരുന്നു.ഈ റിസ്ക്ക് ഉള്ളതിനാല്‍
അല്പം പണം കൂടുതല്‍ മുടക്കിയാലും ആദ്യത്തെ മാര്‍ഗം സ്വീകരിക്കാനാണ് ആളുകള്‍ക്ക് കൂടുതല്‍ താല്പര്യം.
ടൈംസ് ദിനപത്രം നടത്തിയ അന്വേഷണത്തിലാണ് ഈ റാക്കറ്റിനെക്കുറിച്ചുള്ള വിവരം പുറത്തായത്.യു യിലേക്കുള്ള വിസാ നിയമങ്ങളില്‍ കൂടുതല്‍ നിബന്ധനകള്‍ വന്നത് മൂലം ഷെങ്കന്‍ രാജ്യങ്ങള്‍ വഴിയുള്ള അനധികൃത കുടിയേറ്റം വര്‍ധിച്ചെന്നു പത്രം പറയുന്നു.അടുത്ത കാലത്ത് വടക്കേ ഇന്ത്യയില്‍ നിന്നുള്ള സ്റ്റുഡന്റ് വിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും വളഞ്ഞ ഷെങ്കന്‍ വഴി സ്വീകരിക്കുന്നവരുടെ എണ്ണം കൂട്ടാന്‍ ഇടയാക്കി.
ഈ അനധികൃത കുടിയേറ്റ ബിസിനസ് നടത്തുന്ന ഒട്ടേറെ സംഘങ്ങള്‍ പഞ്ചാബില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇത്തരക്കാരെ നിയന്ത്രിക്കാന്‍ വളരെ വിഷമമാണെന്ന് ജലന്ദര്‍ പോലിസ് മേധാവി
സുരീന്ദര്‍ കുമാര്‍ പറഞ്ഞു.കേരളത്തില്‍ നിന്നും ഗള്ഫിലെക്കെന്നപോലെയാണ് പഞ്ചാബില്‍ നിന്നും യൂറോപ്പിലേക്ക് പോകാനുള്ള യുവാക്കളുടെ തിരക്ക്.പിടിക്കപ്പെടാനുള്ള സാധ്യത പത്തു ശതാനം മാത്രമാണെന്നതിനാല്‍ എത്ര പണം മുടക്കാനും യുവാക്കള്‍ റെഡിയാണ്.എന്തായാലും ഈ തട്ടിപ്പ് തടയാനുള്ള മാര്‍ഗങ്ങള്‍ ആരായാന്‍ കുടിയേറ്റ മന്ത്രി ഡാമിയന്‍ ഗ്രീനും പഞ്ചാബി നേതാക്കന്മാരും തമ്മില്‍
ഉടന്‍ ചര്‍ച്ച നടത്തുമെന്നറിയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല