കൊളംബോ: തോല്‍വിയറിയാതെയുള്ള ആസ്‌ട്രേലിയന്‍ കുതിപ്പിന് പ്രമേദാസ സ്‌റ്റേഡിയത്തില്‍ പാക്കിസ്ഥാന്‍ കടിഞ്ഞാണിട്ടു. ആവേശപ്പോരാട്ടത്തിനൊടുവില്‍ നാലുവിക്കറ്റിനാണ് പാക്കിസ്ഥാന്‍ കംഗാരുക്കളെ തോല്‍പ്പിച്ചത്. സ്‌കോര്‍: ആസ്‌ട്രേലിയ 176. പാക്കിസ്ഥാന്‍ 6/178 . 44 റണ്‍സെടുത്ത് ടീമിനെ വിജയത്തിലെത്തിയ ഉമര്‍ അക്മലാണ് കളിയിലെ കേമന്‍.
കരുതലോടെയായിരുന്നു ആസ്‌ട്രേലിയയുടെ തുടക്കം. വാട്ട്‌സണെ തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ പോണ്ടിംഗും (19) ഹാഡിനും (42) ചേര്‍ന്ന് ടീമിനെ മെല്ലെ മുന്നോട്ടു നയിച്ചു. എന്നാല്‍ സ്പിന്‍ ആക്രമണമെത്തിയതോടെ കംഗാരുക്കളുടെ മുട്ടിടിക്കാന്‍ തുടങ്ങി. റണ്‍നിരക്ക് മൂന്നിനും താഴെയെത്തിയതോടെ ആസ്‌ട്രേലിയന്‍ താരങ്ങള്‍ കൂറ്റനടിക്ക് മുതിരാന്‍ തുടങ്ങി.
എന്നാല്‍ കൃത്യതയോടെ പന്തെറിഞ്ഞ പാക് ബൗളര്‍മാര്‍ കംഗാരു ബാറ്റ്‌സ്മാന്‍മാര്‍ക്ക് യാതൊരവസരവും നല്‍കിയില്ല. 34 റണ്‍സെടുത്ത ക്ലാര്‍ക്കും 25 റണ്‍സെടുത്ത സ്മിത്തും മാത്രമാണ് ആസ്‌ട്രേലിയക്കായി കുറച്ചെങ്കിലും നല്ല പ്രകടനം നടത്തിയത്. ഉമര്‍ ഗുല്‍ മൂന്നും അബ്ദുള്‍ റസാഖ് രണ്ടും വിക്കറ്റെടുത്തു.
177 വിജയലക്ഷ്യം കണ്ടിറങ്ങിയ പാക്കിസ്ഥാന് വന്‍ തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. 98ന് നാല് എന്ന നിലയില്‍ ടീം പതറവേയാണ് ഉമര്‍ അക്മല്‍ ക്രീസിലെത്തിയത്. ആസ്‌ട്രേലിയന്‍ ബൗളിംഗിനെ സമചിത്തതയോടെ നേരിട്ട അക്മല്‍ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. പാക്കിസ്ഥാനുവേണ്ടി അസാദ് ഷഫീഖ് 46 റണ്‍സും യൂനിസ് ഖാന്‍ 31 റണ്‍സും അബ്ദുള്‍ റസാഖ് 20 റണ്‍സും നേടി.
ആസ്‌ട്രേലിയക്കായി ബ്രെറ്റ് ലീ നാലുവിക്കറ്റ് വീഴ്ത്തി. എന്നാല്‍ ലീക്ക് മികച്ച പിന്തുണ ലഭിക്കാതിരുന്നത് ടീമിനെ കാര്യമായി ബാധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല