ന്യൂ ജനറേഷന് ദമ്പതികളില്‍ രണ്ടുപേര്‍ക്കും ജോലി ഉണ്ടെങ്കിലും പലപ്പോഴും പിണക്കത്തിന്റെ പ്രശ്നം പണമായിരിക്കും എന്നതാണ് പുതിയ കാലത്തിന്റെ പ്രത്യേകത. കടവും, ലോണും ഒക്കെയാകുമ്പോള്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത് സാധാരണവും. എന്നാല്‍, വിദഗ്ധമായി മണി മാനേജ്മെന്റ് നടത്താന്‍ കഴിയുന്നവര്‍ക്ക് മാരീഡ് ലൈഫും ഹാപ്പിയായിരിക്കും. അല്ലാത്തവരോ വിവാഹമോചനത്തില്‍ തന്നെ കാര്യങ്ങള്‍ ഇടിച്ചു ചെന്ന് നില്ക്കും എന്നതിന് വേറെ സംശയമൊന്നും വേണ്ടല്ലോ?
രണ്ടുപേരും ജോലിക്കാരാകുമ്പോഴാണ് ഫിനാന്‍ഷ്യല്‍ പ്രശ്നങ്ങള്‍ കുടുംബത്തില്‍ കൂടുതലായും ഉണ്ടാകുക. രണ്ടുപേരുടെയും ചെലവു രീതിയും നിക്ഷേപരീതിയും എല്ലാം വ്യത്യസ്തമായിരിക്കും. ലൈഫ് സ്റ്റൈലില്‍ മാറിവരുന്ന ട്രെന്‍ഡുകളും ഏറ്റവും പുതിയ ഫാഷനോടു ചേര്‍ന്നു നില്‍ക്കാനുള്ള ആഗ്രഹവും ആണ് പലപ്പോഴും ഇത്തരത്തിലുള്ളവരെ കണക്കില്‍പ്പെടാത്ത ബില്ലിലേക്ക് കൊണ്ടുചെന്നെത്തിക്കുക. വീടുവാടകയും ബില്ലുകളും കാശ് പോകുന്ന വഴി നാം അറിയാതെ തന്നെ വന്നുകൊണ്ടിരിക്കും.
പലപ്പോഴും പണം ചെലവഴിക്കുന്ന കാര്യത്തില്‍ പരസ്പരം ധാരണയിലെത്താത്തതാണ് ബന്ധങ്ങള്‍ തകരുന്നതിന് കാരണമാകുന്നത്. ഭാര്യ വിചാരിക്കും ഭര്‍ത്താവ് പണം ധൂര്‍ത്തടിച്ച് കളയുകയാണെന്ന്. ഭര്‍ത്താവ് നേരെ തിരിച്ചും. പിന്നെ കാര്യത്തില്‍ ഒരു തീരുമാനം ആയല്ലോ. അതാണ് പറയുന്നത് ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ മണി മാനേജ്മെന്റിന്റെ കാര്യത്തിലും തീരുമാനം ഉണ്ടാക്കണമെന്ന്. ഇക്കാര്യത്തില്‍ ഭാര്യ മുന്‍കൈയെടുക്കുന്നതായിരിക്കും കൂടുതല്‍ നന്നാകുക.
പിന്നെ രണ്ടുപേരില്‍ ആര്‍ക്കെങ്കിലും കടം ഉണ്ടെങ്കില്‍ അക്കാര്യം അത് പങ്കാളിയോട് വ്യക്തമാക്കണം. ഒരാളുടെ കടം ഒരിക്കലും രണ്ടാമത്തെയാള്‍ കണ്ടെത്തുകയാകരുത്. ക്രെഡിറ്റ് കാര്‍ഡുകളുടെ അമിതോപയോഗവും കുറയ്ക്കണം. സുഹൃത്തുക്കളുടെ പക്കല്‍ നിന്ന് പണം കടം വാങ്ങുക, ആവശ്യത്തിനു പണം തികയാതെ വരുമ്പോള്‍ പങ്കാളി അറിയാതെ ലോണ്‍ എടുക്കുക എന്നിവ പങ്കാളിക്ക് അവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഇടവരുത്തുകയേ ഉള്ളൂ.
നിങ്ങള്‍ക്ക് പണം തികയുന്നില്ലെങ്കില്‍ അത് പങ്കാളിയോട് ചോദിക്കാവുന്നതാണ്.
പങ്കാളികളില്‍ ഒരാള്‍ക്ക് ധൂര്‍ത്ത് ഉണ്ടെങ്കിലും പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ഒരാള്‍ ജീവിതച്ചെലവ് കുറച്ച് മക്കള്‍ക്കും കുടുംബത്തിനുമായി സമ്പാദിക്കുമ്പോള്‍ മറ്റേയാള്‍ ധൂര്ത്തടിക്കുകയാണെങ്കില് ആര്‍ക്കാണെങ്കിലും ഇഷ്ടമാകണം എന്നില്ലല്ലോ?
പേടിക്കണ്ട, വിചാരിക്കുന്ന പോലെ അത്ര പ്രശ്നമുള്ള കാര്യങ്ങള്‍ ഒന്നുമല്ല അത്. ഒന്നു ചെറുതായി ശ്രദ്ധിച്ചാല്‍ പരസ്പരം കാര്യങ്ങള്‍ ഒന്നു ഷെയര്‍ ചെയ്താല്‍ വിചാരിക്കുന്നതിനേക്കാള്‍ സുന്ദരമായി ജീവിതം അങ്ങ പൊയ്ക്കോളും. പിന്നെ, കാശ് എന്ന് പറയുന്നത് സേവ് ചെയ്ത് സേവ് ചെയ്ത് പൊലിപ്പിക്കാന്‍ മാത്രമുള്ളതല്ല. ജീവിക്കാന്‍ കൂടി ഉള്ളതാണ്. അപ്പോള്‍ ആവശ്യത്തിനു പണമുപയോഗിച്ച് നിങ്ങള്‍ക്കും പങ്കാളിക്കും ഇഷ്ടമാകുന്ന വിധത്തില്‍ കാര്യങ്ങള്‍ നീക്കാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല