1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2011

ലണ്ടന്‍: തടവുപുള്ളികള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ വിലയുള്ള ഭക്ഷണമാണ് എന്‍.എച്ച്.എസ് ആശുപത്രികളിലെ രോഗികള്‍ക്ക് നല്‍കുന്നതെന്ന് വെളിപ്പെടുത്തല്‍. ഭക്ഷണം നല്‍കുന്നതിനായുള്ള ഫണ്ട് മൂന്നിലൊന്നായി വെട്ടിച്ചുരുക്കിയതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇംഗ്ലണ്ടിലെ ചില ആശുപത്രികള്‍ ഭക്ഷണത്തിനു നല്‍കുന്ന ഫണ്ട് 62% കുറഞ്ഞതായും ഒരു പൗണ്ടിന്റെ ആഹാരമാണ് രോഗിക്ക് നല്‍കതുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ജയിലില്‍ ഭക്ഷണത്തിന് ശരാശരി 2.10പൗണ്ടെങ്കിലും ചിലവാക്കുമ്പോള്‍ ഇതിന്റെ പകുതിമാത്രമേ എന്‍.എച്ച്.എസ് ആശുപത്രികളില്‍ ചിലവാക്കുന്നുള്ളൂ.

ഓരോവര്‍ഷവും 500മില്യണ്‍ പൗണ്ട് എന്‍.എച്ച്.എസ് ഭക്ഷണത്തിനായി ചിലവാക്കുന്നുണ്ട്. എന്നാല്‍ ഗുണമേന്മ കുറഞ്ഞതും പോഷകമൂല്യമില്ലാത്തതുമായ ആഹാരമാണ് നല്‍കുന്നതെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. പോഷകാഹാരക്കുറവ് കൊണ്ട് വിഷമിക്കുന്ന രോഗികളുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയായിട്ടുണ്ട്. ഇത് 13,500 എന്ന റെക്കോര്‍ഡിലെത്തി നില്‍ക്കുകയാണിപ്പോള്‍. എന്‍.എച്ച്.എസ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ പ്രകാരം 191 ട്രസ്റ്റുകളില്‍ 36എണ്ണം ഭക്ഷണചിലവ് വെട്ടിച്ചുരുക്കിയിട്ടുണ്ട്. 20ഓളം ട്രസ്റ്റുകള്‍ രോഗികളുടെ ഭക്ഷണത്തിനായി ഒരു ദിവസം ചിലവാക്കുന്ന തുക അഞ്ച് പൗണ്ടില്‍ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്.

തെക്കന്‍ ലണ്ടനിലെ സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍ ഒരോ നേരത്തെ ഭക്ഷണത്തിനും ചിലവാക്കുന്നത് 1.04പൗണ്ടില്‍ കുറവാണ്. ദിവസത്തില്‍ വെറും 3.11പൗണ്ടാണ് ചിലവാക്കുന്നത്. നേരത്തെ ഇത് ദിവസം 6.67പൗണ്ട് ആയിരുന്നു. എന്നാല്‍ ആശുപത്രി വക്താവ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. കാറ്ററിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഭിക്കുന്ന കണക്കുകള്‍ മാത്രമാണിതെന്നും ഇതിനൊപ്പം സ്‌നാക്ക്‌സ്, ഡ്രിങ്ക്‌സ്, തുടങ്ങിയവയും ഉള്‍പ്പെടുത്തി 6.80പൗണ്ട് ദിവസം ചിലവാക്കുന്നുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. ഭക്ഷണത്തിന് ചിലവാക്കുന്ന തുകയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ക്യൂന്‍ വിക്ടോറിയ ഹോസ്പിറ്റല്‍ എന്‍.എച്ച്.എസ് ഫൗണ്ടേഷനാണ്. 62% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2004-05 കാലഘട്ടത്തില്‍ 10.97പൗണ്ട് നല്‍കിയിരുന്നത് കഴിഞ്ഞവര്‍ഷം 4.11പൗണ്ടായി കുറഞ്ഞു. മൂന്ന് നേരത്തെ പ്രധാന ആഹാരവും, പാനീയവും മാത്രമാണ് ഈ കണക്കിലുള്‍പ്പെട്ടതെന്നാണ് ആശുപത്രി വക്താവ് പറയുന്നത്.

ആശുപത്രികള്‍ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇങ്ങനെയൊരു പ്രശ്‌നം ഉയര്‍ന്നുവന്നത് ഗുരുതരമായ വീഴ്ചയാണെന്നാണ് പേഷ്യന്റ് കണ്‍സേണിന്റെ കോ ഓഡിനേറ്റര്‍ രോജര് ഗോസ് പറയുന്നു. ഭക്ഷണ വിതരണത്തിനായി എത്ര ചിലവാക്കണം എന്ന തീരുമാനിക്കാന്‍ ഓരോ ആശുപത്രിക്കും അധികാരമുണ്ട്. എന്നാല്‍ മിനിമം ഇത്ര ചിലവാക്കണമെന്നൊരു നിബന്ധന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് സ്വീകരിക്കേണ്ടതുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.