ന്യൂദല്‍ഹി: അനിശ്ചിതത്വത്തിനൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയായി. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലും കെ മുരളീധരന്‍ വട്ടിയൂര്‍ക്കാവും മത്സരിക്കും. കൊച്ചി- ഡൊമിനിക് പ്രസന്റേഷന്‍, തൃപ്പൂണിത്തുറ-കെ.ബാബു, അരൂര്‍-എ.എ ഷുക്കൂര്‍,
മൂവാറ്റുപുഴ- ജോസഫ് വാഴക്കന്‍, എറണാകുളം- ഹൈബി ഈഡന്‍, തൃക്കാക്കര- ബെന്നിബെഹനാന്‍, വര്‍ക്കല- കഹാര്‍, അമ്പലപ്പുഴ-എംലിജു, തിരുവനന്തപുരം- വി.എസ് ശിവകുമാര്‍, അരുവിക്കര- ജി കാര്‍ത്തികേയന്‍, കോവളം- ജോര്‍ജ് മേഴ്‌സിയര്‍, മാനന്തവാടി-പി.കെ ജയലക്ഷ്മി,
കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഇരിക്കൂര്‍-കെ.സി ജോസഫ്, പെരുമ്പാവൂര്‍-ജെയ്‌സണ്‍ ജോസഫ്, ഹരിപ്പാട്-രമേശ് ചെന്നിത്തല, കുണ്ടറ- പി ജര്‍മിയാസ്, ചടയമംഗലം- ഷാഹിദ കമാല്‍, നിലമ്പൂര്‍- ആര്യാടന്‍ മുഹമ്മദ്
മലമ്പുഴയില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ മത്സരിക്കുക ലതികാ സുഭാഷ് ആണ്. മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും കെപിസിസി. സെക്രട്ടറിയുമായ ലതികാ സുഭാഷ് കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രഥമ വനിതാ പ്രസിഡന്റായിരുന്നു.
മാരത്തണ്‍ ചര്‍ച്ചകള്‍ക്കും വെട്ടിത്തിരുത്തലുകള്‍ക്കും ശേഷം ചൊവ്വാഴ്ച രാത്രി വൈകി സ്ഥാനാര്‍ഥിപട്ടിക അംഗീകരിച്ചപ്പോള്‍ പ്രതീക്ഷിക്കപ്പെട്ട പലരും ഒഴിവാക്കപ്പെട്ടു.എ്ന്നാല്‍ അപ്രതീക്ഷിതമായി പലരും സ്ഥാനാര്‍ഥികളാവുകയും ചെയ്തു. ഒഴിവാക്കപ്പെട്ട പ്രമുഖരില്‍ എവി ഗോപിനാഥ്, എംഎം ഹസ്സന്‍, ടി സിദ്ദിഖ്,പത്മജാ വേണുഗോപാല്‍,ശൂരനാട് രാജശേഖരന്‍,മോഹന്‍ കുമാര്‍, പി.മോഹന്‍രാജ്,പ്രൊഫ.ജി.ബാലചന്ദ്രന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.
യുവാക്കളുടെ പട്ടികയില്‍ മാറ്റം വരുത്താന്‍ താത്പര്യമില്ലെന്ന സന്ദേശം കേരള നേതൃത്വത്തെ രാഹുല്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. വനിതകള്‍ക്ക് പത്ത് സീറ്റ് നല്‍കണമെന്ന് സോണിയാ ഗാന്ധിയും നിര്‍ബന്ധം പിടിച്ചു. അവസാനഘട്ടത്തില്‍ സീറ്റ് ചര്‍ച്ച പ്രതിസന്ധിയിലാക്കിയത് ഇതായിരുന്നു. മഹിളാ കോണ്‍ഗ്രസിന്റെ ആവശ്യപ്രകാരമാണ് ഏഴു സീറ്റുകള്‍ വനിതകള്‍ക്ക് നീക്കിവെക്കാന്‍ തീരുമാനമായത്. പത്തുസീറ്റുകള്‍ വേണമെന്ന നിര്‍ദേശത്തില്‍ അയവുവരുത്താന്‍ ഹൈക്കമാന്‍ഡ് തയ്യാറായി. എന്നാല്‍ മലമ്പുഴയില്‍ സ്ഥാനാര്‍ഥി നിര്‍ണയം പിന്നീട് മതിയെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള നേതാക്കള്‍ പ്രത്യേക ചര്‍ച്ച നടത്തി ഹൈക്കമാന്‍ഡിന്റെ അനുമതിയോടെ ലതികാ സുഭാഷിനെ സ്ഥാനാര്‍ഥിയായി തീരുമാനിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല