1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2011

ലണ്ടന്‍: സര്‍ക്കാരിന്റെ ആരോഗ്യ പരിഷ്‌കാരങ്ങള്‍ എന്‍.എച്ച്.എസിന്റെ നാശത്തിലേക്ക് നയിക്കുമെന്നും ബ്രിട്ടനില്‍ യു.എസ് സ്‌റ്റൈല്‍ സിസ്റ്റത്തിന്റെ ഉദയത്തിന് കാരണമാകുമെന്നും പഠന റിപ്പോര്‍ട്ട്. പാര്‍ലമെന്റെില്‍ ഇപ്പോള്‍ പരിഗണിക്കുന്ന ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ബില്ല് ഈ നീക്കത്തിന്റെ ഭാഗമാണെന്നാണ് പഠനത്തില്‍ വ്യക്തമായത്. ഈ ബില്ലിലൂടെ എന്‍.എച്ച്.എസിനെ ഒഴിവാക്കി  സ്വകാര്യ കമ്പനികള്‍ക്ക് അധികാരം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ജനങ്ങള്‍ക്ക് ആരോഗ്യമേഖലയില്‍ കൂടുതല്‍ സേവനങ്ങള്‍ ഉറപ്പുവരുത്തുക എന്ന കടമ നിര്‍വഹിക്കുന്നതിന് പകരം ഹെല്‍ത്ത് സെക്രട്ടറി ആന്‍ഡ്ര്യൂ ലാന്റ്‌സ് ലി കടമ നിറവേറ്റുന്നതായി അഭിനയിക്കുകയാണെന്ന് ആരോപണങ്ങളുണ്ട്. ഗവര്‍ണ്‍മെന്റിന്റെ പുതിയ നിയമപ്രകാരം എന്‍.എച്ച്.എസ് ബജറ്റിന്റെ 80%വും സ്വകാര്യ കമ്പനികളുടേതുള്‍പ്പെടെയുള്ള കമ്മീഷന്റെ സേവനങ്ങളും കൈകാര്യം ചെയ്യേണ്ടത് ജി.പി കണ്‍സോഷ്യയാണ്.

ഇതുകാരണം ജി.പി സര്‍ജറികള്‍ക്കോ, കണ്‍സോഷ്യ സേവനങ്ങള്‍ക്കോ സമീപിക്കാന്‍ കഴിയാത്ത രോഗികള്‍ക്ക് അവസാന ആശ്രയമായി ലോക്കല്‍ അതോറിറ്റികളെ സമീപിക്കേണ്ടിവരുമെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ ഏതൊക്കെ സേവനങ്ങളാണ് ആതുരസേവനത്തിലുള്‍പ്പെടുത്തേണ്ടതെന്നും, ഏതിനൊക്കെയാണ് പണം ഈടാക്കേണ്ടതെന്നും തീരുമാനിക്കാനുള്ള അധികാരം കണ്‍സോഷ്യത്തിന് ലഭിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലെ റിപ്പോര്‍ട്ടില്‍ റഫറല്‍ മാനേജ് മെന്റ് സിസ്റ്റത്തെ കുറിച്ചുള്ള ആശങ്ക ലേഖകര്‍ രേഖപ്പെടുത്തിയിരുന്നു. ഈ രീതിവഴി ജി.പികള്‍ രോഗികള്‍ക്കു നിര്‍ദേശിക്കുന്ന ആശുപത്രി റഫറല്‍ തടയാന്‍ കഴിയും. ജനറല്‍ പ്രാക്ടീഷണര്‍ നല്‍കുന്ന എട്ടില്‍ ഒന്ന് കേസുകളും ഇത്തരത്തില്‍ ബ്ലോക്ക് ചെയ്യുന്നുണ്ടെന്നും ഈ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ യു.എസ് സമ്പ്രദായത്തിലേക്കാവും എത്തിച്ചേരുകയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ഇത്തരം പ്രചരണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് ആരോഗ്യമന്ത്രി സൈമണ്‍ ബേണ്‍സ് പറയുന്നത്. എന്‍.എച്ച്.എസിന് സ്വകാര്യവത്കരിക്കാനോ, നശിപ്പിക്കാനോ ഉള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.