തിരുവനന്തപുരം: എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധുജോയി സി.പി.ഐ.എമ്മില്‍ നിന്നു രാജിവച്ചു. പാര്‍ട്ടി അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സിന്ധുജോയി അറിയിച്ചു.
രാജി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയ്ക്ക് കൈമാറി. എസ്.എഫ്.ഐ യുടെ ദേശീയ വൈസ് പ്രസിഡന്റ് ആയിരുന്ന സിന്ധുജോയി വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവയ്ക്കും.
കുറേ നാളായി സി.പി.ഐ.എമ്മുമായി അകല്‍ച്ചയിലായിരുന്നു സിന്ധു ജോയി. പാര്‍ട്ടി തനിക്ക് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന ആരോപണമാണ് സിന്ധു ഉന്നയിച്ചിരുന്നത്. തന്നെക്കാള്‍ യോഗ്യത കുറഞ്ഞവര്‍ക്ക് പാര്‍ട്ടി ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നല്‍കിയെന്നും അവര്‍ പരാതിപ്പെട്ടിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും സിന്ധുജോയ് മത്സരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പുല്‍പ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയ്ക്കെതിരെയും ലോക്സഭയില്‍ ഏറണാകുളത്ത് കെ.വി. തോമസിനെതിരെയും സിന്ധുജോയി മത്സരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി തനിക്ക് സുരക്ഷിതമല്ലാത്ത് സീറ്റുകളാണ് നല്‍കിയതെന്ന് സിന്ധുജോയി കുറ്റപ്പെടുത്തിയിരുന്നു.
എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിന്നും ഒഴിഞ്ഞു രണ്ടുവര്‍ഷം പിന്നിട്ടിട്ടും ഡി.വൈ.എഫ്.ഐയില്‍ ചുമതലകളൊന്നും തന്നെ സിന്ധുവിന് നല്‍കിയിരുന്നില്ല. നേതൃത്വത്തിന്റെ ഇത്തരം നിലപാടില്‍ പ്രതിഷേധിച്ചാണ് സിന്ധുജോയിയുടെ രാജി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല