1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2011

ലണ്ടന്‍: ലിബിയയില്‍ കേണല്‍ ഗദ്ദാഫി ഭരണകൂടത്തിനെതിരേ സഖ്യസേന നടത്തുന്ന ആക്രമണത്തിന് പകരമായി ബ്രിട്ടനു നേരെ ലിബിയ തീവ്രവാദി ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മിലിറ്ററി ഇന്റലിജന്‍സ് സെക്ഷന്‍ അഞ്ച് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ട്രിപ്പോളിയിലെ ആളുകളുമായി ബന്ധം സൂക്ഷിക്കുന്ന യു.കെ.ലിബിയക്കാരുമായി നടത്തിയ സംഭാഷണങ്ങളില്‍ നിന്നാണ് ഇതിനെക്കുറിച്ച് സൂചന ലഭിച്ചതെന്ന് ഇന്റലിന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

1988ലെ ലോക്കര്‍ബി ബോംബാക്രമണം പോലെ മറ്റൊരു ദുരന്തത്തിന് ബ്രിട്ടന്‍ ഇരയാവേണ്ടി വരുമോ എന്ന ഭീതിയാണ് പുതിയ വാര്‍ത്തകള്‍ ഉണ്ടാക്കുന്നത്. 1986ല്‍ ബ്രിട്ടനിലെ എയര്‍ബേസില്‍ നിന്നും ഗദ്ദാഫിയുടെ കൊട്ടാരത്തിനുനേരെ യു.എസ് വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനുപകരമായാണ് 1988 ഗദ്ദാഫി സൈന്യം ലോക്കര്‍ബി ബോംബാക്രമണം നടത്തിയത്. ലിബിയയ്ക്കുനേരെ വെള്ളിയാഴ്ച ബോംബാക്രമണം നടന്നയുടന്‍ തന്നെ എം.ഐ5 അധികൃതര്‍ക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിച്ചിരുന്നു. യു.കെയില്‍ ജീവിക്കുന്ന ലിബിയന്‍ ബിസിനസുകാര്‍ ഇസ്‌ലാമിക തീവ്രവാദികള്‍ക്ക് ഫണ്ട് നല്‍കാനുള്ള സാധ്യതയും ഇവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സഖ്യ ശക്തികള്‍ നാല് ദിവസമായി നടത്തുന്ന ആക്രമണത്തില്‍ ഗദ്ദാഫിയുടെ സൈന്യത്തെ പൂര്‍ണമായി തകര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ആര്‍.എ.എഫ് കമ്മാന്‍ഡര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ബ്രിട്ടനെതിരെ ആക്രമണം നടന്നേക്കുമെന്ന ഭീതി ഉയര്‍ന്നത്. ആര്‍.എ.എഫ് ആക്രമണത്തില്‍ ഗദ്ദാഫിയുടെ വ്യോമസേന പൂര്‍ണായി തകര്‍ന്നതായി എയര്‍ വൈസ് മാര്‍ഷല്‍ ഗ്രഗ് ബാഗ് വെല്‍ വ്യക്തമാക്കിയിരുന്നു. സഖ്യശക്തികളുടെ ആക്രമണത്തെ തുടര്‍ന്ന് ഗദ്ദാഫിയുടെ കൂട്ടാളികള്‍ ലിബിയയില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതി എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണെന്ന് ഇന്റലിജന്‍സ് മേധാവി പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ അറിയിച്ചിരുന്നു. ഗദ്ദാഫിയുടെ അടുത്ത അനുയായികള്‍ നാടുവിട്ട് പോകാന്‍ ശ്രമിക്കുകയാണെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണും അവകാശപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.