`മഴനനയാനെനിക്കൊരു കൂട്ടുവേണം
കാട്ടില്‍പോയി ഒരു പുലിയെ പിടിച്ചാലോ
ആരോരുമില്ലാത്തവര്‍ക്ക് പുലിതന്നെ തുണ.”
`സുജാത’ എന്ന ബേ്ളാഗില്‍ കഴിഞ്ഞ നവംബര്‍ ഏഴിന് പോസ്റ്റുചെയ്ത കവിതയാണിത്. ഇതിനുശേഷം ഫെബ്രുവരി അഞ്ചിന് ‘പാഴ്വസ്തു’ എന്ന ഒരു കവിതയും ഇതേ ബ്ലോഗിലുണ്ട്. ഇനി ഈ ബ്ലോഗില്‍ ഒരു കവിത പ്രത്യക്ഷപ്പെടണമെങ്കില്‍ കുറഞ്ഞപക്ഷം ഏപ്രില്‍ 13 കഴിയണം. അതുവരെ ഈ കവിതയെഴുതിയ കവയിത്രി തിരക്കിലാണ്.
തിരക്കെന്തെന്നുചോദിച്ചാല് കവിതയിലെ വരികളില്‍ പറയുന്നതുപോലെ ഒരു പുലിയെ പിടിക്കാന്‍ കാട്ടില്പോകുകയാണെന്നു വേണമെങ്കില്‍ പറയാം. പക്ഷെ, കവിതയിലൊതുപോലല്ല, ഈ പുലി ഒരു മാസത്തേക്കെങ്കിലും കവയിത്രിയുടെ ശത്രുവാണ്.
സുജ സൂസന് ജോര്‍ജ് എന്ന ഈ കവയിത്രി പിടിക്കാന്‍ പോകുന്ന പുലിയുടെ പേര് ഉമ്മന്‍ചാണ്ടി എന്നാണ്. പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ മല്‍സരിക്കാന്‍ ഇത്തവണ സി.പി.എം നിയോഗിച്ചിരിക്കുന്നത് ഇന്റര്‍നെറ്റിലും സാഹിത്യസദസ്സുകളിലുമെല്ലാം സജീവസാന്നിധ്യമായ ഈ കവയിത്രിയെയാണ്.
മാര്‍ച്ച് 17ന് തന്‍െറ വിശദമായ പ്രൊഫൈല്‍ സഹിതം പുതിയൊരു ബ്ലോഗ് തുറന്ന സുജ തന്‍െറ വിവിധങ്ങളായ 35 ചിത്രങ്ങള്‍ ഇതില്‍ ചേര്‍ത്തിട്ടുമുണ്ട്. 1970 മുതല്‍ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി മല്‍സരിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ പത്താമത്തെ മല്‍സരമാണിത്. ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ധിച്ചുവരുന്ന ഉമ്മന്‍ചാണ്ടി കഴിഞ്ഞതവണ 19,863 വോട്ടുകള്‍ക്കാണ് യുവപോരാളി സിന്ധുജോയിയെ പരാജയപ്പെടുത്തിയത്. എങ്കിലും ഇത്തവണ പുതുപ്പള്ളിയില്‍ ഒരു മാറ്റം അനിവാര്യമാണെന്ന ഉറച്ച വിശ്വാസവുമായിട്ടാണ് സുജ സൂസന് ജോര്‍ജ് മല്‍സരത്തിനിറങ്ങുന്നത്.
കോട്ടയം മണര്‍കാട് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ 1962 ജനുവരിയില്‍ ജനിച്ച സുജ പുതുപ്പള്ളി പെരുങ്കാവിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മണ്ഡലത്തിനു പുറത്തുള്ളവരെ മല്‍സരിപ്പിക്കരുതെന്ന പാര്‍ട്ടി മണ്ഡലം നേതൃത്വത്തിന്‍െറ ആവശ്യം പരിഗണിച്ചാണ് പുതുപ്പള്ളിക്കാരിയായ സുജ പുതുപ്പള്ളിക്കാരനായ ഉമ്മന്‍ചാണ്ടിക്കെതിരെ ഗോദായിലിറങ്ങുന്നത്.
കഴിഞ്ഞ 18 വര്‍ഷമായി മണര്‍കാട് സെന്റ് മേരീസ് കോളജില്‍ അധ്യാപികയാണ് എഴുത്തുകാരിയും പ്രഭാഷകയുമായ പ്രൊഫ. സുജ സൂസന് ജോര്‍ജ്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍, എന്‍.ബി.എസ് ന്യൂസ് ചീഫ് എഡിറ്റര്‍ എന്നീ പദവികളും വഹിക്കുന്ന സുജ കേരള സംസ്ഥാന സര്‍വ്വവിജ്ഞാനകോശം ഭരണസമിതി, കേരള സാഹിത്യ അക്കാദമിയുടേത് ഉള്‍പ്പെടെ അനവധി പുരസ്കാരനിര്‍ണയ സമിതികള്‍ തുടങ്ങിയവയിലും അംഗമായിരുന്നു.
ഒന്നിലധികം കുട്ടികളുടെ പുസ്തകങ്ങളും പുനരാഖ്യാനങ്ങളും സുജയുടേതായുണ്ട്. ആദ്യ കവിതാസമാഹാരമായ ‘ലക്ഷ്മണരേഖ’ അച്ചടിയിലാണ്. കലാകൗമുദി, ഭാഷാപോഷിണി, ദേശാഭിമാനി വാരികകളിലാണ് സുജയുടെ കവിതകള്‍ കൂടുതലും അച്ചടി മഷി പുരണ്ടിട്ടുള്ളത്. മാറാട്, ഒറീസയിലെ കന്ധമാല്‍, മുത്തങ്ങ തുടങ്ങിയ കലാപമേഖലകളില്‍ എഴുത്തുകാരുടെ പ്രതിനിധി സംഘത്തിനു നേതൃത്വം നല്കി സന്ദര്‍ശനം നടത്തിയിട്ടുള്ള സുജ വിദ്യാഭ്യാസകാലത്ത് എസ്.എഫ്.ഐ വഴിയാണ് രാഷ്ട്രീയരംഗത്തെത്തിയത്. പന്തളം എന്‍.എസ്.എസ് കോളജ് യൂണിയന് വൈസ് ചെയര്‍പേഴ്സണ്‍, പത്തനംതിട്ട കാത്തോലിക്കേറ്റ് കോളജ് യൂണിയന് വൈസ് ചെയര്മാന്, കൗണ്‍സിലര്‍, പന്തളം എന്‍.എസ്.എസ് ട്രെയിനിംഗ് കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് സുജ പഠനകാലത്ത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും വനിതാ സബ് കമ്മിറ്റി അംഗവുമായിരുന്ന സുജ ഇപ്പോള്‍ സി.പി.എം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗവും വര്‍ക്കിംഗ് വിമന്‍സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റുമാണ്. ബാങ്ക് ഉദ്യോഗസ്ഥനായ ഹീരന്‍ സുധീന്ദ്രനാണ് ഭര്‍ത്താവ്. ഏകമകന് ദീപു ഹീരന്‍ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു.
ഇടതുപക്ഷം ഇത്തവണ പുതുപ്പള്ളിയില്‍ പരീക്ഷിക്കുന്ന ഈ അധ്യാപിക ഉമ്മന്‍ചാണ്ടിയെന്ന പുലിയെ പിടിച്ചുകെട്ടുമോ അതോ പുലിയുടെ പത്താമത്തെ ഇരയാകുമോ എന്നറിയാന്‍ മെയ് 13 വരെ കാത്തിരിക്കാം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല