ഉയരുന്ന വിലക്കയറ്റവും അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവും യു.കെയിലെ കുടുംബങ്ങളുടെ ബജറ്റ് താളം തെറ്റിക്കുന്നതായി റിപ്പോര്‍ട്ട്. എല്ലാ ചിലവുകളും കഴിഞ്ഞ് ഒരാഴ്ച്ച 11 പൗണ്ട് ലഭിച്ചാലും മതിയാകുന്നില്ലെന്ന് കുടുംബങ്ങള്‍ പരാതിപ്പെടുന്നുണ്ട്. വരുമാനത്തിലെ വര്‍ധനവിനേക്കാളും വേഗത്തില്‍ ചിലവ് കൂടുന്നതാണ് ഇതിന് പ്രധാന കാരണം.
ഫെബ്രുവരിയിലെ കണക്കനുസരിച്ച് ചിലവെല്ലാം കഴിഞ്ഞ് ഒരു സാധാരണ കുടുംബത്തിന് ലഭ്യമാകുന്നത് 169 പൗണ്ടാണ്. കഴിഞ്ഞവര്‍ഷം ഇതേസമയം ഇത് 180 പൗണ്ടായിരുന്നു. തുടര്‍ച്ചയായ പതിനാലാം മാസമാണ് ചിലവുകഴിച്ച് സമ്പാദിക്കാന്‍ സാധിക്കുന്ന തുകയില്‍ ഇടിവ് വരുന്നത്.
ഉയര്‍ന്ന പണപ്പെരുപ്പവും വേതന നിരക്കിലെ കുറവുമാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്. ഫെബ്രുവരിയില്‍ ഉപഭോക്തൃ വിലസൂചിക പ്രകാരമുള്ള പണപ്പെരുപ്പ നിരക്ക് 4.4 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലയും എണ്ണ ഉത്പ്പാദക രാഷ്ട്രങ്ങളിലുണ്ടായ പ്രക്ഷോഭങ്ങളും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.
ഉയരുന്ന പണപ്പെരുപ്പവും അവശ്യസാധനങ്ങളുടെ വിലയും ഇതേരീതിയില്‍ തുടരാനാണ് സാധ്യതയെന്ന് സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്റ് ബിസിനസ് റിസര്‍ച്ചിലെ ചാള്‍സ് ഡേവിസ് പറയുന്നു. ജോലിസുരക്ഷിതത്വമില്ലായ്മയും വേതനത്തിലെ കുറവും സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല