1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2011


അങ്കമാലി/കണ്ണൂര്‍: ‘തെറ്റയില്‍ ജോസി’നെ യു.ഡി.എഫുകാര്‍ തട്ടിക്കൊണ്ട് പോയി; പത്രിക സമര്‍പ്പിക്കാനൊരുങ്ങിയ ജോസിനെ റിട്ടേണിങ് ഓഫീസറുടെ മുന്നില്‍നിന്ന് പിടിച്ചിറക്കിയ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പെരുവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. 25 വയസ് പൂര്‍ത്തിയാകാത്തതിനാല്‍ ‘ചെറിയാന്‍ ഫിലിപ്പി’ന്റെ പത്രിക റിട്ടേണിങ് ഓഫീസര്‍ തള്ളി.

ഇടതു സ്വതന്ത്രന്‍ ചെറിയാന്‍ ഫിലിപ്പിന്‍േറയും ഗതാഗതമന്ത്രി ജോസ് തെറ്റയിലിന്റെയും കാര്യമല്ല പറഞ്ഞത്; അവരുടെ അപരന്മാരേപ്പറ്റിയാണ്. പത്രികാസമര്‍പ്പണത്തിന്റെ അവസാനനിമിഷം അങ്കമാലിയിലും കണ്ണൂരിലും അരങ്ങേറിയ അപരനാടകങ്ങളാണിത്. ജോസ് തെറ്റയിലിന്റെ അപരന്‍ കൂലിവേലക്കാരനും ചെറിയാന്‍ ഫിലിപ്പിന്റെ അപരന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമാണ്.

രാവിലെ ചായകുടിക്കാനിറങ്ങിയ അങ്കമാലി തെറ്റയില്‍ പൈലിയുടെ മകന്‍ ജോസിനെയാണ് (34) യു.ഡി.എഫ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതായി പറയുന്നത്. ചായക്കടയില്‍നിന്ന് ബലമായി വാഹനത്തില്‍ കയറ്റി പത്രികയില്‍ ഒപ്പിടുവിച്ചാണ് അങ്കമാലി ബ്ലോക് ഓഫിസില്‍ പത്രിക സമര്‍പ്പണത്തിന് ജോസിനെ എത്തിച്ചത്. അപ്പോഴേക്കും സംഭവം ഇടതുമുന്നണി പ്രവര്‍ത്തകരറിഞ്ഞു.

ബ്ലോക് ഓഫീസറുടെ മുന്നില്‍നിന്ന് ഇടതു പ്രവര്‍ത്തകര്‍ ജോസിനെ ബലമായി ഇറക്കിക്കൊണ്ടുവന്ന് മന്ത്രിയുടെ വസതിക്ക് സമീപം ഉപേക്ഷിച്ചു. തെറ്റയില്‍ ജോസ് വ്യക്തമായ രാഷ്ട്രീയമില്ലാത്തയാളാണ്. ജോസിന്റെ പരാതിയെത്തുടര്‍ന്ന് കണ്ടാലറിയാവുന്ന യു.ഡി.എഫ് പ്രവര്‍ത്തകരുടെ പേരിലും റിട്ടേണിങ് ഓഫിസറുടെ പരാതിയെത്തുടര്‍ന്ന് കണ്ടാലറിയാവുന്ന ഇടതുമുന്നണി പ്രവര്‍ത്തകരുടെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
വട്ടിയൂര്‍ക്കാവിലെ ഇടതുസ്വതന്ത്രന്‍ ചെറിയാന്‍ ഫിലിപ്പിനെതിരെ അപരനെ നിര്‍ത്താനുള്ള കോണ്‍ഗ്രസ് ശ്രമവും പാളി. സംസ്ഥാനത്തെ വോട്ടര്‍ പട്ടിക പരതി കോഴിക്കോട് ജില്ലയിലെ മലയോരഗ്രാമമായ തിരുവമ്പാടിയില്‍നിന്നാണ് ചെറിയാന്‍ ഫിലിപ്പ് എന്നു തന്നെ പേരുള്ളൊരാളെ കണ്ടെത്തിയത്.

രണ്ടുമാസം മുമ്പ് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ത്ത ചെറിയാന്‍ ഫിലിപ്പ് കോട്ടയത്ത് സ്വകാര്യ കോളജില്‍ ഒന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. രക്ഷിതാക്കളെ പറഞ്ഞ് സമ്മതിപ്പിച്ച ശേഷം വെള്ളിയാഴ്ച വൈകിട്ട് കാറില്‍ കോട്ടയത്തേക്ക് കുതിച്ച മൂന്നംഗ കോണ്‍ഗ്രസ് സംഘമാണ്, കോളജ് ഹോസ്റ്റലില്‍ ഉറങ്ങുകയായിരുന്ന ചെറിയാന്‍ ഫിലിപ്പിനെ റാഞ്ചിയത്.

തുടര്‍ന്ന് തിരുവനന്തപുരത്തെത്തിച്ചു. നടപടിക്രമങ്ങളെല്ലാം ചടപടേന്ന് പൂര്‍ത്തിയാക്കി സംഘം റിട്ടേണിങ് ഓഫിസര്‍ക്കു മുന്നിലെത്തി. സ്ഥാനാര്‍ഥിയെ കണ്ടയുടന്‍ റിട്ടേണിങ് ഓഫിസര്‍ പത്രിക സൂഷ്മമായി പരിശോധിച്ചു. 25 വയസ്സ് പൂര്‍ത്തിയായ ശേഷം മത്സരിച്ചോളൂ എന്ന ഉപദേശം നല്‍കിയാണ് അദ്ദേഹം ‘ചെറിയാന്‍ ഫിലിപ്പിനെ’ മടക്കിയയച്ചത്.

കടപ്പാട് : മാധ്യമം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.