ഗവണ്മെന്റിന്റെ ചിലവുചുരുക്കല്‍ നടപടിക്കെതിരേ ടി.യു.സി നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. നൂറുകണക്കിന് ആളുകളാണ് സെന്‍ട്രല്‍ ലണ്ടനിലെ തുരുവിലിറങ്ങി അക്രമം നടത്തിയത്. പ്രതിഷേധക്കാരെ നേരിടാന്‍ പോലീസെത്തിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി.
മുതലാളിത്ത വിരുദ്ധ പ്രകടനം നടത്തിയവര്‍ കണ്ണില്‍കണ്ട ഹോട്ടലുകളും കെട്ടിടങ്ങളും മറ്റ് സ്ഥാപനങ്ങളും അടിച്ചുതകര്‍ക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മുഖം മൂടി ധരിച്ചായിരുന്നു അക്രമികള്‍ എത്തിയത്. ഹെയ്ഡ് പാര്‍ക്കിലെ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് ലേബര്‍ പാര്‍ട്ടി ലീഡര്‍ മിലാബാന്ഡ് പ്രസംഗം നടത്തിയതോടെയാണ് അക്രമം തുടങ്ങിയത്.
ഏതാണ്ട് 250,000 ആളുകള്‍ പ്രതിഷേധത്തിനായി ഹെയ്ഡ് പാര്‍ക്കില്‍ ഒത്തുകൂടിയിരുന്നു. മിലിബാന്‍ഡ് പ്രസംഗം തുടരുമ്പോഴേക്കും ആക്രമം ആരംഭിച്ചിരുന്നു. ജോണ്‍ ലൂയിസ്, ബി.എച്ച്.എസ് അടക്കം പല പ്രമുഖ സ്ഥാപനങ്ങള്‍ക്കു നേരെയും അക്രമം നടന്നു. അതിനിടെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ ബ്രിട്ടന്റെ യശസ് ഇടിയാനേ ഇടയാക്കൂ എന്ന് എം.പിമാരും റീട്ടെയിലുകാരും പറഞ്ഞു.
ഏതാണ്ട് 4,500 ഓളം പോലീസുകാരെ പ്രകടനം നിയന്ത്രിക്കാനായി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പ്രക്ഷോഭം ശക്തമായതോടെ പോലീസുകാര്‍ പിന്‍വലിഞ്ഞു. മണിക്കൂറുകള്‍ നീണ്ട തെരുവുയുദ്ധത്തിനൊടുവില്‍ 202 പ്രക്ഷോഭകരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുപോലീസുകാരുള്പ്പടെ 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിനിടെ അക്രമികളുടെ നടപടികളെ അപലപിക്കുന്നതായി മിലിബാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല