സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിന്ധു ജോയ് ഇനി വിശ്വാസവഴിയില്‍. ഞായറാഴ്ച സിന്ധു തിരുവനന്തപുരം ലൂര്‍ദ്ദ് ഫെറോന പള്ളിയിലെത്തി കുര്‍ബാനയില്‍ പങ്കെടുത്തു.
ദീര്‍ഘനേരം പള്ളിയില്‍ ചെലവഴിച്ച സിന്ധു കുമ്പസരിക്കുകയും ചെയ്തിട്ടുണ്ട്. ഇടവകാംഗമായി ചേരുന്നതിനുള്ള അപേക്ഷയും പള്ളി അധികൃതര്‍ക്ക് നല്‍കി. വിശ്വാസോത്സവ ഞായറിനോടനുബന്ധിച്ചു നടന്ന ചടങ്ങിലും സിന്ധു പങ്കെടുത്തു.
അതിനുശേഷമാണ് കുര്‍ബാന സ്വീകരിച്ചത്. കുര്‍ബാനയ്ക്കു ശേഷം ലൂര്‍ദ് മാതാ കെയര്‍ ഓഫീസിലെത്തിയ സിന്ധുവിനെ അംഗങ്ങള്‍ സ്വീകരിച്ചു.
കത്തോലിക്കാ സഭയുടെ ഔദ്യോഗിക മതബോധന ഗ്രന്ഥം ഫാദര്‍ ജോണ്‍ വി. തടത്തില്‍ സിന്ധുവിനു കൈമാറി. സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ഫാദര്‍ റോണി മാളിയേക്കല്‍ വിശ്വാസോത്സവത്തിന്റെ ബ്രോഷര്‍ സിന്ധുവിനു നല്‍കി പ്രകാശനം ചെയ്തു.
മതവിശ്വാസത്തിനും ആരാധനാലയ സന്ദര്‍ശനത്തിനും നിയന്ത്രണമുള്ള സിപിഎമ്മിലായിരുന്നപ്പോള്‍ പലയിടത്തും ബാഗില്‍ ജപമാലയും ബൈബിളുമായി പോയിരുന്നെന്നു പള്ളിയിലെത്തിയ സിന്ധു പറഞ്ഞു. എന്നാല്‍ അതു പുറത്തെടുക്കാന്‍ സ്വാതന്ത്ര്യമില്ലായിരുന്നു. ഞാന്‍ മാമോദീസയും സൈ്ഥര്യലേപനവും ആദ്യകുര്‍ബാനയും എല്ലാം സ്വീകരിച്ച ക്രിസ്ത്യാനിയാണ്. മരിക്കുമ്പോള്‍ പള്ളി സെമിത്തേരിയില്‍ അടക്കുന്നതാണ് ഇഷ്ടം- അവര്‍ പറഞ്ഞു.
ലൂര്‍ദ് പള്ളിയില്‍നിന്നു പോങ്ങുംമൂട് അല്‍ഫോണ്‍സാ ദേവാലയത്തിലെത്തിയ സിന്ധു ജോയിയെ ഇടവക വികാരി ഫാദര്‍ സോണി മുണ്ടുനടയ്ക്കലും ഇടവകാംഗങ്ങളും ചേര്‍ന്നു സ്വീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല