മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ മത്സരിക്കുന്ന മലമ്പുഴ മണ്‌ഡലം കേരളത്തിന്റെ രാഷ്‌ട്രീയ ചര്‍ച്ചകളില്‍ വീണ്ടും സജീവമാകുകയാണ്. ആദ്യം മുഖ്യമന്ത്രിക്ക് പകരം സിപിഎം എ.പ്രഭാകരനെ മലമ്പുഴയില്‍ സ്ഥാനാര്‍ഥിയാക്കുന്നു എന്ന വാര്‍ത്തയിലൂടെ ശ്രദ്ധേയമായ മണ്‌ഡലം, വി.എസിനെ വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴും സംസ്ഥാന രാഷ്‌ട്രീയത്തില്‍ ശ്രദ്ധാകേന്ദ്രമായി. എന്നാല്‍ ഇപ്പോഴത്തെ ചര്‍ച്ചക്ക് കാരണം ഇതൊന്നുമല്ല. മണ്‌ഡലത്തില്‍ ശക്തമായ രാഷ്‌ട്രീയ സ്വാധീനമുള്ള ബിജെപി മത്സരരംഗത്തുനിന്ന് പൊടുന്നനെ പിന്‍മാറിയതാണ് യുഡിഎഫിനെ പോലും അമ്പരിപ്പിച്ചത്.
മലമ്പുഴയില്‍ പെട്ടെന്നുണ്ടായ ഈ അടിയൊഴുക്കിന് പിന്നില്‍ എന്തെന്ന് ചികയുമ്പോഴാണ് അല്‍ഫോന്‍സ് കണ്ണന്താനമെന്ന ബിജെപിയുടെ പുതിയമുഖം തെളിഞ്ഞുവരുന്നത്. വി.എസിന് ആദ്യം സീറ്റ് നിഷേധിച്ചപ്പോള്‍ വികാരപരമായി പത്രസമ്മേളനം നടത്തിയ അതേ കണ്ണന്താനം തന്നെയാണ് ബിജെപിയുടെ പുതിയ അടവുനയത്തിന് പിന്നിലെ ബുദ്ധികേന്ദ്രം. കേന്ദ്രനേതൃത്വത്തിന്റെ അരുമയായ കണ്ണന്താനത്തിന്റെ നിലപാട് മനസ്സില്ലാ മനസ്സോടെ സംസ്ഥാന നേതൃത്വത്തിനും അംഗീകരിക്കേണ്ടി വരികയായിരുന്നു. പൊടുന്നനെയുളള പിന്‍മാറ്റം വോട്ടുകച്ചവടമെന്ന യുഡിഎഫ് ആരോപണത്തിന് ആക്കം കൂട്ടുമെന്നു കണ്ട ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തില്‍ സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡിന് സീറ്റു നല്‍കി ഒടുവില്‍ മുഖം രക്ഷിക്കുകയായിരുന്നു.
ജനതാദള്‍(യു) ആവശ്യപ്പെട്ടതിനാലാണ് മലമ്പുഴ അവര്‍ക്കു നല്‍കിയതെന്നാണ് ബി.ജെ.പിയുടെ പരസ്യ നിലപാടെങ്കിലും അതു തൊണ്ട തൊടാതെ വിഴുങ്ങാന്‍ കേരളത്തിലെ വോട്ടര്‍മാരോ പാര്‍ട്ടി അണികളോ തയാറാവുമെന്ന് തോന്നുന്നില്ല. ഉത്തരേന്ത്യയില്‍ സഖ്യകക്ഷിയാണെങ്കിലും ജനതാദള്‍ (യു) എന്നൊരു പാര്‍ട്ടിയെക്കുറിച്ച് കേരളത്തിലെ ബിജെപിക്കാര്‍ പോലും അധികമൊന്നും കേട്ടിട്ടില്ല. ദേശീയ രാഷ്‌ട്രീയത്തില്‍ ശരദ് യാദവ് എന്നൊരു നേതാവുണ്ട് ആ പാര്‍ട്ടിക്ക് എന്നല്ലാതെ സംസ്ഥാനത്ത് ആ പാര്‍ട്ടിയുടെ നേതാക്കള്‍ ആരെന്നുപോലും ബിജെപി നേതൃത്വത്തിന് ഒരുപക്ഷെ അറിവുണ്ടാവാന്‍ വഴിയില്ല. ഇത്തരമൊരു പാര്‍ട്ടിക്ക് സീറ്റ് നല്‍കിയ ബിജെപിയുടെ മഹാമനസ്‌കതയെ എത്ര പ്രകീര്‍ത്തിച്ചാലും മതിയാവില്ല.
ഇത്തവണയെങ്കലും കേരളത്തില്‍ താമര വിരിയിക്കുമെന്നും അക്കൗണ്ട് തുറക്കുമെന്നും ഉറക്കെ പറയുന്ന ബിജെപി വിജയസാധ്യതയുള്ള നേമത്തും മഞ്ചേശ്വരത്തും സിപിഎമ്മിന്റെ രഹസ്യപിന്തുണ ഉറപ്പാക്കിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് യുഡിഎഫ് ആരോപിച്ചേക്കാമെങ്കിലും അതിനുള്ള സാധ്യത ഒരുശതമാനം പോലുമില്ല എന്നതാണ് വാസ്‌തവം. കാരണം മുഖ്യമന്ത്രി ജയിക്കണമെന്ന് സിപിഎമ്മിലെ ഔദ്യോഗികപക്ഷത്തിന് പോലും ആഗ്രമില്ലാത്തതിനാല്‍ സിപിഎമ്മിന്റെ ഔദ്യോഗിക നേതൃത്വം ഇത്തരമൊരു രഹസ്യധാരണക്ക് തയാറാവുമെന്ന് കരുതാന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ ഈ തീരുമാനത്തിന് പിന്നിലെ ഒരേയൊരു ചേതോവികാരം അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ വി.എസ്.സ്‌നേഹം മാത്രമാണെന്ന് കണ്ടടത്താനാകും.
2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് സ്ഥാനാര്‍ഥിയായിരുന്ന സി.ഉദയഭാസ്‌കറിന് 23,000 വോട്ടു നല്‍കിയ മണ്ഡലമാണു മലമ്പുഴ. സംസ്‌ഥാനത്ത് അന്ന് ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടു ലഭിച്ച മണ്ഡലം കൂടിയായിരുന്നു മലമ്പുഴ. 2009ല്‍ സി.കെ. പത്മനാഭന് 9,498 വോട്ടും മലമ്പുഴയില്‍ ലഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന മണ്ഡലമാണ് മലമ്പുഴ.
1991ല്‍ ടി. ചന്ദ്രശേഖര്‍ 7,675 വോട്ടുനേടിയപ്പോള്‍ 2001ല്‍ 5,190 വോട്ടു ലഭിച്ചു. 1996ല്‍ എന്‍.ശിവരാജന് 5,423 വോട്ടാണ് ലഭിച്ചത്. 2006ല്‍ കര്‍ഷക മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന പി.ജെ.തോമസ് മലമ്പുഴയില്‍ മത്സരിച്ചപ്പോള്‍ 4,384 വോട്ടു നേടിയിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും മെച്ചപ്പെട്ട പ്രകടനം ഇവിടെ കാഴ്‌ചവയ്‌ക്കാന്‍ ഇവിടെ ബിജെപിക്കു കഴിഞ്ഞിരുന്നു. മണ്ഡലത്തിലെ പുതുപ്പരിയാരം, മലമ്പുഴ, പുതുശേരി പഞ്ചായത്തുകളില്‍ ബിജെപി അംഗങ്ങള്‍ ജയിക്കുകയും ചെയ്‌തു.
മലമ്പുഴ നിയമസഭാ മണ്ഡത്തില്‍ ബിജെപിക്ക് പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടക്ക് വോട്ട് ബാങ്ക് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അണികള്‍ക്ക് പോലും പരിചയമില്ലാത്ത ജനതാദള്‍ (യു)വിന്റെ പികെ മജീദിനെ സ്ഥാനാര്‍ഥിയാക്കാനുളള തീരുമാനം സംസ്ഥാനത്ത് ഇത്തവണ താമര വിരിഞ്ഞാലും ഇല്ലെങ്കിലും ബിജെപിക്ക് തലവേദന സൃഷ്‌ടിക്കുമെന്നതില്‍ രണ്ടു പക്ഷമില്ല.
യുഡിഎഫിന് വോട്ടു മറിച്ചു നല്‍കുകയെന്നത് ബിജെപിക്ക് പുത്തരിയല്ലെങ്കിലും കേരളത്തില്‍ എക്കാലവും എതിര്‍പക്ഷത്തുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിക്കാന്‍ തീരുമാനിക്കുന്നത് പുതുമയുള്ള കാര്യമാണ്. ബിജെപിയുടെ പൊടിപോലും ഇല്ലാത്ത മണ്ഡലങ്ങളില്‍പോലും സ്‌ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടും മലമ്പുഴ ഘടകക്ഷിക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനം പാര്‍ട്ടി അണികള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ബിജെപി നേതൃത്വം നന്നേ വിയര്‍പ്പൊഴുക്കേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല