ലോകത്തേറ്റവും ഉയരമേറിയ കെട്ടിട ഭീമന് ബുര്‍ജ് ഖലീഫയും കീഴടക്കി അലൈന്‍ റോബര്‍ട്ടിന്റെ ഉയരങ്ങളിലേക്കുള്ള പ്രയാണം തുടരുന്നു. അംബരചുംബിയെന്ന ബുര്‍ജ് ഖലീഫയുടെ ഗര്‍വൊന്നും സ്പൈഡര്‍ മാന്‍ എന്ന് ലോകം വാഴ്ത്തിപ്പാടുന്ന അലൈന്‍ റോബര്‍ട്ടിന് പ്രശ്നമായില്ല. തിങ്കളാഴ്ച വൈകിട്ട സൂര്യാസ്തമനത്തിന് ശേഷമാണ് 828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫ കീഴടക്കാനായി അലൈന്‍ റോബര്‍ട്ട് കയറ്റം ആരംഭിച്ചത്.
ആറു മണിക്കൂറിനുള്ളില്‍ തന്റെ യജ്ഞം റോബര്‍ട്ട് പൂര്‍ത്തിയാക്കി. ദുബയ് ഷെയ്ഖിന്റെ അഭ്യര്‍ഥന മാനിച്ച് മുന്‍ യജ്ഞങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശരീരത്തില്‍ കയറിട്ട് ബന്ധിച്ചും സുരക്ഷാ കവചമണിഞ്ഞുമാണ് റോബര്‍ട്ട് ബുര്‍ജ് ഖലീഫയില്‍ വലിഞ്ഞുകയറിയത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ നെറുകയില്‍ 6-7 മണിക്കൂറിനുള്ളില്‍ എത്താന്‍ കഴിയുമെന്നായിരുന്നു റോബര്‍ട്ടിന്റെ കണക്കൂക്കൂട്ടിയിരുന്നത്. എന്നാല്‍ ഈ പ്രതീക്ഷയെ മറികടക്കുന്ന സാഹസികതയാണ് ഫ്രഞ്ച് സ്പൈഡര്‍ കാഴ്ചവെച്ചത്.
ബുര്‍ജ് ഖലീഫയില്‍ മൂന്നിടത്തു മാത്രമാണ് റോബര്‍ട്ട് വിശ്രമിച്ചത്. മൂന്നാമത്തെതും അവസാനത്തേതുമായ വിശ്രമസ്ഥലത്തു നിന്നു റോബര്‍ട്ട് ലോകത്തിന്റെ നെറുകയിലേയ്ക്കു ചവിട്ടിക്കയറി. അതിസാഹസികതയ്ക്കു ദൃക്സാക്ഷികളായ ഗള്‍ഫ് ജനത വര്‍ണാഭമായ കരിമരുന്നുപ്രകടനത്തോടെയാണ് സ്പൈഡര്‍മാന്റെ നേട്ടത്തെ ആഘോഷിച്ചത്.
ഉയരമേറിയതെന്തും ദൗര്‍ബല്യമായി റോബര്‍ട്ടിന് മുന്നില്‍ ലോകത്തെ പ്രധാന കെട്ടിട ഭീമന്മാരെല്ലാം തലകുനിച്ചിട്ടുണ്ട്. ഷിക്കാഗോയിലെ സീയേഴ്സ് ടവര്‍, ചൈനയിലെ ഷാംഗ്ഹായിലുള്ള ജിന്‍ മാവോ കെട്ടിടം എന്നിവിടങ്ങളിലും ഈ ചിലന്തി മനുഷ്യന് വലിഞ്ഞുകയറിയിട്ടുണ്ട്. ഇവയില്‍ പലതും അധികൃതരെ അറിയിക്കാതെ അപ്രതീക്ഷിതമായി നടത്തിയ നുഴഞ്ഞുകയറ്റമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില കേസുകളും റോബര്‍ട്ടിന് നേരിടേണ്ടി വന്നു. ഈഫല്‍ ടവറും ന്യൂയോര്‍ക്കിലെ എംപറര്‍ സ്റ്റേറ്റ് ബില്‍ഡിങും ക്വാലാലംപൂരിലെ പെട്രോണാസ് ഇരട്ട ടവറും അലൈന്റെ സാഹസികതയ്ക്ക് മുന്നില്‍ നമിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല