പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നടപ്പാകുകയാണെങ്കില്‍ ചെറിയ അളവില്‍ മയക്കുമരുന്ന് കൈവശം വെയ്ക്കുന്നവര്‍ക്കും അത് കടത്തുന്നവര്‍ക്കും ജയില്‍ശിക്ഷയില്‍ നിന്ന് ഇളവ് ലഭിച്ചേക്കുമെന്ന് സൂചന. 50 ഗ്രാം കൊക്കെയ്‌നോ, ഹെറോയിനോ മറ്റ് മയക്കുമരുന്നുകളോ കൈവശംവെച്ചതിന് പിടിക്കപ്പെടുന്നവരെയായിരിക്കും ജയില്‍ശിക്ഷയില്‍ നിന്നും ഒഴിവാക്കുക.
ചെറിയ രീതിയില്‍ മയക്കുമരുന്ന് സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ആനുകൂല്യം ലഭിച്ചേക്കാം. ഏത്രത്തോളം മയക്കുമരുന്ന് കൈവശം വെയ്ക്കാമെന്നും ആര്‍ക്കെല്ലാം തടവില്‍ ഇളവനുവദിക്കാമെന്നും സംബന്ധിച്ച് ഇംഗ്ലണ്ടിലേയും വേല്‍സിലേയും കോടതികള്‍ പ്രത്യേക ചാര്‍ട്ട് തയ്യാറാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതാദ്യമായിരിക്കും ഇത്തരത്തിലൊരു നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
10 ഗ്രാം കൊക്കെയ്‌നോ അല്ലെങ്കില്‍ ഹെറോയിനോ മറ്റ് മയക്കുമരുന്നുകളോ കൈവശം വെച്ചതിന് ശിക്ഷലഭിച്ചവര്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരില്ലെന്നും സൂചനയുണ്ട്. എന്നാല്‍ ഇത്തരം ഇളവുകള്‍ അനുവദിക്കുന്നത് മയക്കുമരുന്ന് സംഘങ്ങളെ സഹായിക്കാനേ ഉപകരിക്കൂ എന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. വളരെ വിചിത്രമായ നടപടിയാണിതെന്ന് പോലീസ് റാങ്ക് ആന്റ് ഫയല്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
വന്‍ മയക്കുമരുന്ന് സംഘങ്ങളും പിടിക്കപ്പെട്ടാല്‍ പുതിയ നിര്‍ദ്ദേശത്തിന്റെ സഹായംതേടി രക്ഷപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്ന് പോലീസ് റാങ്ക് ആന്റ് ഫയല്‍ നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഇത്തരം ആശങ്കകളെ സെന്റന്‍സിംഗ് കൗണ്‍സില്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. മയക്കുമരുന്ന് കടത്തിലേര്‍പ്പെട്ട വന്‍സംഘങ്ങള്‍ തീര്‍ച്ചയായും നിയമത്തിന്റെ പിടിയിലാകുമെന്ന് കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല