പോര്‍ട്സ് മൌതിനടുത്ത് കോഷം എന്ന സ്ഥലത്തു താമസിക്കുന്ന കോട്ടയത്തിനടുത്ത് പെരുവ സ്വദേശിയായ മനോജ് (35 )എന്നയാളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പീറ്റേഴ്സ് ഫീല്‍ഡില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്തിരുന്ന മനോജിന് ഭാര്യയും നാലു വയസുള്ള ഒരു ആണ്‍കുട്ടിയുമുണ്ട്.ഭാര്യ റോസ് മേരി പോര്‍ട്സ് മൌത്ത് ക്യൂന്‍ അലെക്സാണ്ട്ര ഹോസ്പിറ്റ ലില്‍ സ്റ്റാഫ് നഴ്സാണ്.പരേതന് പെരുവ പഴയംപിള്ളി കുടുംബാംഗമാണ് .മനോജും കുടുംബവും അടുത്തമാസം 16 -ന് നാട്ടില്‍ പോകാന്‍ ടിക്കറ്റ് എടുത്തിരുന്നു.
രാവിലെ ഭാര്യയെ സ്റ്റഡിഡേയ്ക്കും കുഞ്ഞിനെ ഡേ കെയറിലും കൊണ്ടു വിട്ടിരുന്നു .ഭാര്യ വൈകുന്നേരം അഞ്ചുമണിയോടെ തിരികെ വന്നപ്പോള്‍ വീട് അകത്തു നിന്നും അടച്ചിട്ട നിലയിലായിരുന്നു. കാറ് പുറത്തുമുണ്ടായിരുന്നു.ഡോര്‍ ബെല്‍ പലതവണ അടിച്ചിട്ടും തുറക്കാതിരുന്നതിനാല്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ബന്ധുവിനെ വിവരം അറിയിച്ചു. ബന്ധു വന്ന് ജനലിന്റെ ഗളാസ് പൊട്ടിച്ചപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു.സംഭവമറിഞ്ഞ് നിരവധി മലയാളികള്‍ മനോജിന്റെ വീട്ടില്‍ എത്തിയിരുന്നു.പോലിസ് വീട് സീല്‍ ചെയ്തു .
രാത്രി വൈകിയാണ് മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റിയത്.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷം മാത്രമേ യഥാര്‍ത്ഥ മരണ കാരണം അറിയാന്‍ സാധിക്കൂ.തന്റെ മരണത്തിനു മറ്റാരും ഉത്തരവാദികള്‍ അല്ല എന്ന രീതിയിലുള്ള ആത്മഹത്യക്കുറിപ്പ് സുഹൃത്തുക്കള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട് .
മനോജിന്റെ മരണം ഉണ്ടാക്കിയ നടുക്കത്തില്‍ നിന്നും വിട്ടുമാറാതെ നില്‍ക്കുകയാണ് പോര്‍ട്സ് മൌത്ത് നിവാസികള്‍ .പൂനയില്‍ നിന്നും എം.എസ്. ഡബ്ളിയു കഴിഞ്ഞ് റോസ് മേരിയുമായുള്ള വിവാഹത്തിന് ശേഷം അഞ്ചുവര്‍ഷം മുമ്പാണ് മനോജ് യു.കെ.യില്‍ എത്തിയതാണ് . വൈകാതെ സോഷ്യല്‍ വര്‍ക്കറായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.താരതമ്യേന നല്ല നിലയിലുള്ള കുടുംബത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉള്ളതായോ മനോജ് മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നതായോ ആര്‍ക്കും അറിയില്ല.എന്നിട്ടും മനോജിന് ഈ ദുരന്തം എങ്ങിനെ സംഭവിച്ചു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി മലയാളിയുടെ മനസ്സില്‍ അവശേഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല