ആവേശം അതിരുകടന്ന ഇന്ത്യ-പാക് ലോകകപ്പ് സെമി ഫൈനലില്‍ പാകിസ്താന്റെ വിജയലക്ഷ്യം 261 റണ്‍സ്. സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെടാതെ മുന്നില്‍ നിന്ന് നയിച്ച സച്ചിന് നേടിയ 85 റണ്‍സാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. സ്കോര്‍ ഇന്ത്യ 9ന് 260.
വീരേന്ദര്‍ സേവാഗിന്റെ തകര്‍പ്പനടിയോടെയായിരുന്നു ഇന്ത്യന്‍ ഇന്നിങ്സ് തുടങ്ങിയത്. ആഞ്ഞടിച്ച സേവാഗ് 38ല്‍ പുറത്തായതോടെ ഇന്ത്യന്‍ സ്കോറിങിന് വേഗം കുറഞ്ഞു. പിന്നീട് ക്രീസിലെത്തിയ ഗംഭീറും (27) സച്ചിന് പിന്തുണ നല്കി. ഗംഭീര്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ കോഹ്ലിയ്ക്കും യുവരാജിനും പിടിച്ചുനില്‍ക്കാനായില്ല. റിയാസിന്റെ പന്തില്‍ ഉമര്‍ അക്മല്‍ പിടിച്ചാണ് കോഹ്ലി പുറത്തായത്. തൊട്ടടുത്ത പന്തില്‍ പൂജ്യം റണ്‍സുമായി യുവരാജും ഡ്രസിങ് റൂമിലേക്ക് മടങ്ങി. മിഡില്‍ സ്റ്റന്പ് തെറുപ്പിച്ചാണ് റിയാസ് പാകിസ്താന് മുന്‍ കൈ നേടിക്കൊടുത്തത്.
ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞപ്പോഴും പാക് ബൗളര്‍മാരെ കൂസാതെ ബാറ്റേന്തിയ സച്ചിന് ഭാഗ്യത്തിന്റെ തുണയുമുണ്ടായിരുന്നു. എന്നാല്‍ സ്കോര്‍ 85 നില്‍ക്കെ നൂറാം സെഞ്ചുറിയെന്ന നേട്ടം ബാക്കിയാക്കി സച്ചിന് പവലിയനിലേക്ക് മടങ്ങി. സച്ചിനെ സെഞ്ചുറിയെടുക്കാന്‍ അനുവദിയ്ക്കില്ലെന്ന് മുന്നറിയിപ്പ് നല്കിയ പാക് ക്യാപ്റ്റന്‍ ആഫ്രിദിയാണ് സച്ചിനെ ക്യാച്ചെടുത്ത് പുറത്താക്കിയത്. സ്കോര്‍ 85ല്‍ നില്‍ക്കെ അജ്മലിന്റെ പന്ത് നേരിട്ട സച്ചിനെ കവറില്‍ ആഫ്രിദി പിടിച്ചു പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി 25 റണ്‍സെടുത്ത് ഔട്ടായി. റിയാസിന്റെ പന്തില്‍ ധോണി എല്‍ബിഡബ്ല്യുവില്‍ കുരുങ്ങുകയായിരുന്നു.
അവസാന ഓവറുകളില്‍ പുറത്താവാതെ റെയ്നയും(36) ഹര്‍ഭജനും (16)നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യന്‍ സ്കോര്‍ 250 കടത്തിയത്. 250ന് മേലുള്ള സ്കോര്‍ രാത്രിപകല്‍ മത്സരത്തില്‍ മൊഹാലിയിലെ പിച്ചില്‍ ചേസ് ചെയ്യുക ബുദ്ധിമുട്ട് തന്നെയാണെന്നാണ് വിലയിരുത്തല്‍. പാക് ബാറ്റിങിന്റെ ദൗര്‍ബല്യങ്ങളും ഇന്ത്യയ്ക്ക് ഗുണകരമായേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല