മുംബൈ: ആവശ്യമുള്ള സാധനത്തിന്റെ ഡിമാന്റ് വര്‍ധിക്കുമ്പോള്‍ വിലയും വര്‍ധിക്കുമെന്നത് സാമ്പത്തികശാസ്ത്രത്തിലെ അടിസ്ഥാനതത്വം. എന്നാല്‍ എല്ലാ വിപണിനിയമങ്ങളെയും വെല്ലുന്ന രീതിയിലാണ് ലോകകപ്പ് ഫൈനലിന്റെ ടിക്കറ്റ് വിറ്റുപോകുന്നത്. 3750 രൂപയുടെ ടിക്കറ്റ് കരിഞ്ചന്തയില്‍ ലഭിക്കാനായി ക്രിക്കറ്റ് ആരാധകര്‍ 1.25 ലക്ഷംവരെ ചിലവാക്കുന്നുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ആദ്യം ടിക്കറ്റ് വാങ്ങിയ ആളുകള്‍ കരിഞ്ചന്തയില്‍ തോന്നിയ വിലയ്ക്ക് വിറ്റഴിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
യഥാര്‍ത്ഥ വിലയുടെ നിരവധി ഇരട്ടി വിലയ്ക്കാണ് ടിക്കറ്റുകള്‍ വിറ്റുപോകുന്നത്. നേരത്തേ മൊഹാലിയില്‍ നടന്ന ഇന്ത്യ-പാക്കിസ്ഥാന് സ്വപ്നസെമിയിലായിരുന്നു റെക്കോര്‍ഡ് വിലയ്ക്ക് ബ്ലാക്ക് മാര്‍ക്കറ്റില്‍ ടിക്കറ്റുകള്‍ വിറ്റുപോയത്. 1500 രൂപയുടെ ടിക്കറ്റ് 18,000 രൂപയ്ക്കും 5000 രൂപയുടെ ടിക്കറ്റ് 36,000 രൂപയ്ക്കുമാണ് വിറ്റഴിഞ്ഞത്.
ഫൈനല്‍ നടക്കുന്ന വാങ്കടേ സ്റ്റേഡിയത്തിലെ വി.ഐ.പി, വി.വി.ഐ.പി സ്റ്റാന്ഡുകള്ക്കുള്ള ടിക്കറ്റുകള്‍ക്ക് കരിഞ്ചന്തയില്‍ 2.5ലക്ഷം വരെ ഈടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എത്ര വിലകൊടുത്തും ടിക്കറ്റ് വാങ്ങാന്‍ ആളുകളുണ്ടെന്നതാണ് ഇതിന്റെ പ്രധാന കാരണമായി കരിഞ്ചന്തക്കാര്‍ പറയുന്നത്. അതിനിടെ കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുന്നത് തടയുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പോലീസിന് ഒന്നുംചെയ്യാന്‍ കഴിയുന്നില്ലെന്നതാണ് വാസ്തവം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല