റഷ്യക്കാരിയായ യുവതിക്ക് വിവാഹമോചനത്തിനുള്ള തുകയായി 2.85 മില്യണ്‍ പൗണ്ട് ലഭിച്ചതോടെ യു.കെ വിവാഹമോചന കേന്ദ്രമായി മാറുമോ എന്ന ആശങ്ക ഉയരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ നിയമങ്ങള്‍ സ്ത്രീകള്‍ക്ക് ഏറെ അനുകൂലമാണെന്നതാണ് ഇതിന് പ്രധാന കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.
എലേന ഗോലുബോവിച്ച് എന്ന റഷ്യക്കാരിക്കാണ് വിവാഹമോചനത്തിന്റെ ഭാഗമായി ഇത്രയും വലിയ തുക ലഭിച്ചത്. ഫാഷന്‍ വിദ്യാര്‍ത്ഥിയായിരുന്ന എലേന 2007ലായിരുന്നു ലുവ ഗോലുബോവിച്ചിനെ വിവാഹം ചെയ്തത്. ലണ്ടനിലെ നാല് മില്യണ്‍ പൗണ്ട് വിലവരുന്ന കെന്സിംഗ്ട്ടണിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. തുടര്‍ന്ന് ജൂലൈ 2009ല്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു.
വിവാഹസമയത്ത് ഇവര്‍ 2 മില്യണ്‍ ചിലവഴിച്ചിരുന്നു. ഇവര്‍ക്ക് ഒരു മകളുമുണ്ട്. നേരത്തേ ലുവ റഷ്യയില്‍വെച്ച് വിവാഹമോചനം നേടിയിരുന്നു. എന്നാല്‍ എലേന ലണ്ടന്‍ ഹൈക്കോടതിയെ സമീപിക്കുകയും ആദ്യവിവാഹമോചനം അസാധുവാക്കുകയുമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റില്‍ ഹൈക്കോടതിയിലെ ഫാമിലി ഡിവിഷന് ഗോലുബോവിച്ച് 2.8 മില്യണ്‍ പൗണ്ട് നല്‍കണമെന്ന് വിധിക്കുകയുമായിരുന്നു.
എന്നാല്‍ ഇംഗ്ലീഷ് കോടതിക്ക് ഇത്തരമൊരു വിധി പുറപ്പെടുവിക്കാന്‍ അവകാശമില്ലെന്ന് ഗോലുബോവിച്ച് വാദിച്ചു. എന്നാല്‍ ലോര്‍ഡ് ജസ്റ്റിസ് തോര്‍പ്, ജസ്റ്റിസ് എതേര്ട്ടണ്, ജസ്റ്റിസ് ബരോണ്‍ എന്നിവരടങ്ങിയ അപ്പീല്‍ കോടതി ഹൈക്കോടതി തീരുമാനം ശരിവെയ്ക്കുകയായിരുന്നു. അതിനിടെ തുക അടച്ചില്ലെങ്കില്‍ ഗോലുബോവിച്ചിന് തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല