റോം: സീറോ മലബാര്‍ സഭാതലവനും പിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ അകാലവേര്‍പാടിനെ തുടര്‍ന്ന്് സഭയിലെ മെത്രാന്‍മാരുടെ അടിയന്തരസമ്മേളനം റോമില്‍ ചേര്‍ന്നു. സീറോ മലബാര്‍ സഭയുടെ അഡിമിനിസ്‌ട്രേറ്ററായി ചാര്‍ജ്ജെടുത്ത കുരിയ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ അധ്യക്ഷതയില്‍ കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ പിതാവിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി. മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയും മാര്‍ ജോസഫ് പൗവത്തില്‍ അനുശോചന സന്ദേശവും നല്‍കി.
പരിശുദ്ധപിതാവ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ പ്രത്യേക അനുശോചനം അറിയിക്കുകയും മാര്‍ വര്‍ക്കി വിതയത്തിലിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. മൃതസംസ്‌കാരം ഏപ്രില്‍ 10ന് ഏറണാകുളം സെന്റ് മേരിസ് ബസേലിക്കയില്‍ നടത്തുവാന്‍ തീരുമാനിച്ചു. വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.
ഇന്ന് ഉച്ചകഴിഞ്ഞ് നാല്മണിക്ക് വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ സമൂഹബലിയും പ്രത്യേകപ്രാര്‍ത്ഥനകളും നടത്തുന്നതാണ്. സഭാ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ആമുഖ പ്രഭാഷണം നടത്തും. സമൂഹബലിക്ക് മാര്‍ ജോര്‍ജ്ജ് വലിയമറ്റം മുഖ്യകാര്‍മ്മികത്വം വഹിക്കും. മാര്‍ മാത്യൂ മൂലേക്കാട്ട് വചനസന്ദേശം നല്‍കും. മാര്‍പ്പാപ്പയുടെ അനുശോചന സന്ദേശം വത്തിക്കാന്‍ പ്രതിനിധി വായിക്കുന്നതാണ്.
റോമിലെ സീറോ മലബാര്‍ സഭ വൈദികരോടും വിശ്വാസികളോടുമൊപ്പം ഇതരസഭകളില്‍ നിന്നുള്ളവരും സമൂഹബലിയിലും പ്രാര്‍ത്ഥനാശുശ്രൂഷയിലും പങ്കെടുക്കുമെന്ന് റോമില്‍ നിന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ അറിയിച്ചൂ.
അപ്പച്ചന്‍ കുന്നംചിറ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല