കണ്‍കണ്ട ദൈവത്തെ ഓര്‍മിക്കാന്‍ ഒരു അമ്മദിനം കൂടി….,ശരിയാണ് അമ്മയെ ഓര്‍ക്കാന്‍ നമുക്കും ഒരു ദിനം വേണ്ടി വന്നിരിക്കുന്നു.പത്തുമാസം ഉദരത്തില്‍ വഹിച്ചു നൊന്തു പ്രസവിച്ച അമ്മ .പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റി എന്നെ വേര്‍പെടുത്തിയപ്പോള്‍ വാവിട്ടു കരഞ്ഞ എന്റെ അമ്മ.ആദ്യമായി എന്‍റെ ചുണ്ടില്‍ നിന്നും ഉതിര്‍ന്ന വാക്ക്… അമ്മ..
ചെറുപ്പത്തില്‍ എനിക്ക് സ്നേഹമായവള്‍ എന്‍റെ അമ്മ…അമ്മയെന്നാല്‍ എനിക്ക് ഈ ലോകമായിരുന്നു.അമ്മയെ കാണാതായാല്‍ ഞാന്‍ വാവിട്ടു കരഞ്ഞിരുന്നു ..എപ്പോഴും കൂടെ കൊണ്ട് നടന്ന് അമ്മ എനിക്ക് സ്വാന്തനമായിരുന്നു, …ഭക്ഷണം കഴിക്കാന്‍ സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചതും മുടി ചീകാന്‍ വിളിച്ചാല്‍ പുരയ്ക്ക് ചുറ്റും ഓടിക്കുന്നതും ഇന്നലെയെന്നത് പോലെ ഞാന്‍ ഓര്‍ക്കുന്നു.
കൌമാരമായപ്പോള്‍ അമ്മ എനിക്ക് കരുതലായി .പ്രായം എന്നില്‍ വരുത്തിയ മാറ്റങ്ങളെ എനിക്ക് പറഞ്ഞു തന്നവള്‍ എന്റെ അമ്മ.ഒപ്പം അവളുടെ ഉള്ളില്‍ ആധിയും പടര്‍ന്നു തുടങ്ങി.അങ്ങിനെ അമ്മ എന്നാല്‍ എനിക്ക് അരുതുകളുടെ ലോകമായി.എനിക്ക് ചുറ്റും അരുതായ്കകളുടെ വേലി തീര്‍ത്ത അമ്മയെ ഞാന്‍ പിന്നീട് പ്രായത്തിന്‍റെ കുറുമ്പോടെ പേടിയോടെയാണ് നോക്കിയത്.
ദൂരെയുള്ള കോളേജില്‍ ചേര്‍ന്നപ്പോള്‍ ഉപദേശങ്ങളുടെ ചുമടുമായ് അമ്മ എന്റെ പിന്നാലെ ..”ഞാനെന്താ കൊച്ചുകുട്ടിയാണോ?”എന്ന ചോദ്യത്തിനു മറുപടിയൊന്നും പറയാതെ നിറഞ്ഞ കണ്ണുകളോടെ നെറുകയില്‍ മുത്തമിട്ടവള്‍ അമ്മ .വിദേശജോലിക്കായി വിമാനം കയറിയപ്പോള്‍ എനിക്കിഷ്ട്ടപ്പെട്ട വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഉറക്കമിളച്ചവള്‍ എന്റെ അമ്മ.
ഒരവധിക്കാലത്ത് നാട്ടില്‍ ചെന്നപ്പോള്‍ നിന്നെയിന്നു ഒരാള്‍ പെണ്ണുകാണാന്‍ വരുന്നെന്നു നാണം കലര്‍ന്ന പുഞ്ചിരിയോടെ പറഞ്ഞ അമ്മ.കല്യാണദിവസം സ്തുതി ചൊല്ലിയപ്പോള്‍ വാവിട്ടു കരഞ്ഞ എന്റെ അമ്മ.എന്നെ ബലമായി പിടിച്ചു ദേഹത്തോടുച്ചേര്‍ത്തു നിര്‍ത്തി കവിളില്‍ തന്ന ചക്കരയുമ്മ എത്ര വിലപ്പെട്ടതാണെന്ന് അന്നറിഞ്ഞില്ല.അന്നവള്‍ എന്നോട് പറഞ്ഞു..നീ എനിക്കെന്നും കൊച്ചു കുട്ടിയാണെന്ന് …
പുതുജീവിതത്തിന്‍റെ തിരക്കില്‍,വിശേഷങ്ങള്‍ ചോദിച്ചെത്തുന്ന അമ്മയെ പല കാരണങ്ങള്‍ കൊണ്ടും ഞാന്‍ ഒഴിവാക്കി.ആഴ്ചയിലെ ഒരു ഫോണ്‍ വിളി പോലും എനിക്ക് സാധിച്ചിരുന്നില്ല.അമ്മ എന്നെ വിളിക്കുമ്പോഴോ എനിക്കു തിരക്കായിരുന്നു.എന്നിട്ടും ഞാന്‍ ഒരമ്മയായപ്പോള്‍ അവള്‍ പറന്നെത്തി.ആറുമാസം വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങാതെ അവള്‍ എന്നെയും കുഞ്ഞിനേയും പരിപാലിച്ചു.തിരികെ പോയ അമ്മയെ വിളിക്കാനോ വിശേഷങ്ങള്‍ പങ്കു വയ്ക്കാനോ എന്റെ ഞാനുണ്ടാക്കിയ തിരക്കുകള്‍ എന്നെ അനുവദിച്ചില്ല.
ഭര്‍ത്താവും കുട്ടിയും അടങ്ങുന്ന വട്ടത്തിലേക്ക് ചുരുങ്ങിയപ്പോള്‍ ഞാനെല്ലാം മറന്നു.അസുഖമായി അമ്മ വര്‍ഷങ്ങളോളം കിടപ്പിലായപ്പോള്‍ ആസ്പത്രിചിലവിനു അയച്ചു കൊടുക്കുന്ന പണത്തിനുപരി എന്റെ സാമീപ്യമാണ് അമ്മ കൊതിച്ചിരുന്നതെന്ന് ഞാന്‍ മനസിലാക്കിയില്ല.ഒടുവില്‍ അമ്മ മരണത്തിന് കീഴടങ്ങിയപ്പോള്‍ പോലും ജോലി സ്ഥലത്തെ പ്രശ്നങ്ങള്‍ മൂലം എനിക്ക് അമ്മയുടെ അടുത്തെത്താന്‍ സാധിച്ചില്ല.
ഇന്ന് ഞാന്‍ പ്രായപൂര്‍ത്തിയായ ഒരു മകളുടെ അമ്മയായാണ് .എനിക്കറിയാം അമ്മ എന്നത് ഒരു സ്ഥാനമല്ല ..മറിച്ച് ഒരു വികാരമാണ് ..ഞാന്‍ അറിയുന്നു…..പറയാതെ പറഞ്ഞ എന്റെ അമ്മയുടെ മൌനനൊമ്പരത്തിന്റെ വില.അറിയാതെ കണ്ണ് നിറയുന്നു….ഈ ഭൂമിയില്‍ എന്റെ എല്ലാമെല്ലാം ആയ അമ്മ….എന്റെ കണ്‍കണ്ട ദൈവമേ….നിന്റെ ദീപ്തമായ സ്മരണയ്ക്ക് മുന്‍പില്‍ ഈ മകളുടെ ,നിന്റെ കൊച്ചു മകളുടെ ആത്മപ്രണാമം.
അനു ജോണ്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല