സ്പോര്‍ട്സ് ലേഖകന്‍
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. സംസ്ഥാന സ്കൂള്‍ അത്ലറ്റിക് കിരീടം കോതമംഗം വഴി എറണാകുളത്തേക്ക് തന്നെ, തുടര്‍ച്ചയായ ഏഴാം തവണ. എന്നാല്‍ മികച്ച സ്കൂളിനുളള കിരീടത്തിനായി 100 മീറ്റര്‍ ഫൈനലിന്റെ ആവേശപ്പോരാട്ടം തന്നെ നടന്നു. സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന് എതിരാളിയെ പിന്നിലാക്കുന്നതുപോലെ വെറു അര പോയിന്റിന് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കിരീടം നേടി. കഴിഞ്ഞ വര്‍ഷം അയല്‍ക്കാരായ മാര്‍ ബേസില്‍ സ്കൂള്‍ തട്ടിയെടുത്ത പൊന്‍കിരീടം അങ്ങനെ രാജുപോളും കുട്ടികളും വീണ്ടെടുത്തു.
ആക്ഷന്‍ സിനിമയുടെ ക്ലൈമാക്സ് പോലെയായിരുന്നു മീറ്റിന്റെ അവസാന മണിക്കൂറുകള്‍. അവസാന വ്യക്തിഗത ഇനമായ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്റര്‍ നടക്കുമ്പോള്‍ സെന്റ് ജോര്‍ജ് അരപ്പോയിന്റിന് മുന്നില്‍. മത്സരത്തില്‍ മാര്‍ ബേസിലിന്റെ രണ്ടുപേര്‍ മത്സരിക്കുന്നു. സെന്റ് ജോര്‍ജിന് മത്സരാര്‍ഥികളില്ല. സ്വര്‍ണം വേണ്ട, വെറും മൂന്നാം സ്ഥാനം മതി മാര്‍ ബേസിലിന് കിരീടം നിലനിറുത്താന്‍. എന്നാല്‍ ഭാഗ്യം സെന്റ് ജോര്‍ജിനൊപ്പമായിരുന്നു. മാര്‍ബേസിലിന്റെ താരത്തിന് നാലാം സ്ഥാനത്തേ ഫിനിഷ് ചെയ്യാനായുളളൂ.
സെന്റ് ജോര്‍ജിന്റെ 100 പോയിന്റ് വിലയുളള അരപ്പോയിന്റിന്റെ കഥയിങ്ങനെ…
സബ്ജൂനിയര് ആണ്‍കുട്ടികളുടെ ഹൈജംപില്‍ മൂന്നാം സ്ഥാനം പങ്കുവച്ച് ലഭിച്ച അരപ്പോയിന്റാണ് സെന്റ് ജോര്‍ജിന്റെ പത്തരമാറ്റ് പോയിന്റായി മാറിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ മൂന്നാം സ്ഥാനം സ്വന്തം താരങ്ങള്‍ പങ്കുവച്ചതും മാര്‍ബേസിലിന് വിനയായി. ഇവരിലൊരാള്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നെങ്കില്‍ കിരീടം മാര്ബേസിലിലേക്ക് പോവുമായിരുന്നു. ഇരു സ്കൂളുകളുടെയും മെഡല്‍നില ഒപ്പത്തിനൊപ്പമാണ്. 15 സ്വര്‍ണം, 15 വെള്ളി, 12 വെങ്കലം.
131.5 പോയിന്റോടെയാണ് സെന്റ് ജോര്‍ജ് കിരീടം വീണ്ടെടുത്തത്. മാര്‍ബേസിലിന് 131 പോയിന്റ് നേടാനെ കഴിഞ്ഞുളളൂ. ഈ സ്കൂളുകളുടെ വൈരത്തിന്റെ കരുത്തില്‍ എറണാകുളം 335.5 പോയിന്റോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കിരീടം സ്വന്തമാക്കി.രണ്ടാം സ്ഥാനത്തെത്തിയ പാലക്കാട് 193 പോയിന്റ് നേടിയപ്പോള്‍ മൂന്നാം സ്ഥാനക്കാരായ ഇടുക്കിക്ക് ലഭിച്ചത് 79 പോയിന്റ്. 25 മീറ്റ് റെക്കോര്‍ഡുകളാണ് മീറ്റില്‍ തിരുത്തിക്കുറിക്കപ്പെട്ടത്. ഇതില്‍ മൂന്നെണ്ണം ദേശീയ റെക്കോര്ഡനേക്കാള് മികച്ച സമയം കണ്ടെത്തിയവയായിരുന്നു. പി യു ചിത്ര, അനിലാഷ് ബാലന്, ലിജോമാണി, മാജിദാ നൗറീന്, നീന എലിസബത്ത് ബേബി എന്നിവര്‍ ട്രിപ്പിള്‍ സ്വര്‍ണത്തോടെ മീറ്റിന്റെ താരങ്ങളായി.
നാളെയുടെ ഇന്ത്യന്‍ താരങ്ങളെ കണ്ടെത്താനുളള മീറ്റ് ബാക്കിവയ്ക്കുന്ന കുറേയേറെ ചോദ്യങ്ങളുണ്ട്. ഓരോ തവണയും ചാനലിലും പത്രങ്ങളിലും നിറയുന്ന പൊന്മുഖങ്ങള് സ്കൂള്‍ മീറ്റിന് ശേഷം മഷിയിട്ട് നോക്കിയാലും കാണാറില്ല. അവരെവിടെ പോകുന്നു?. എങ്ങനെ, എന്തുകൊണ്ട് പോകുന്നു എന്നുകൂടി നമ്മള് ആലോചിക്കേണ്ടതുണ്ട്. എങ്കിലേ ഈ കായികമാമാങ്കം വര്‍ഷാവര്‍ഷം ആഘോഷിക്കുന്നതില്‍ കാര്യമുളളൂ.
ജനറല്‍ സ്കൂള്‍ – സ്പോര്‍ട്സ് സ്കൂള്‍ എന്നിങ്ങനെ വേര്‍തിരിവില്ലാതെ നടത്തിയ മേളയായിരുന്നു ഇത്. ജനറല്‍ സ്കൂളുകളുടെ കരുത്തിനു മുന്നില്‍ സ്പോര്‍ട്സ് ഡിവിഷന് സ്കൂളുകള്‍ പതറുന്നതും തിരുവനന്തപുരത്തെ ട്രാക്ക് കണ്ടു. ജനറല്‍ സ്കൂളുകളുടെ കാര്യത്തിലുമണ്ട് ആശങ്ക. ഓരോവര്‍ഷവും ചില സ്കൂളുകളിലേക്കായി ചുരുങ്ങുകയാണ് സ്കൂള്‍ മീറ്റ്. സെന്റ് ജോര്‍ജ്, മാര്‍ ബേസില്‍ ,കല്ലടി, മുണ്ടൂര്‍ , പറളി… ഇങ്ങനെയുളള സ്കൂളുകള്‍ തമ്മിലുളള പോരാട്ടമായി സ്കൂള്‍ അത്ലറ്റിക്സ് ചുരുങ്ങുന്നതും കേരള സ്പോര്‍ട്സിന് തിരിച്ചടിയാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല