മൂന്നുവയസുകാരനായ മകന്റെ പുറത്ത് ടാറ്റൂ പതിച്ചതിന് അച്ഛന് പിഴശിക്ഷ വിധിച്ചു. ജോര്‍ജ്ജിയക്കാരനായ യൂജിന്‍ ആഷ്ലെയാണ് മദ്യലഹരിയില്‍ തന്റെ മകന് മാത്യൂവിന്റെ പുറത്ത് ‘ ഡാഡീസ് ബോയ്’ എന്നര്‍ത്ഥം വരുന്ന ഡി.ബി ടാറ്റൂ പതിച്ചത്.
മകന്റെ പുറത്ത് ടാറ്റു പതിച്ചെന്ന് ആഷ്ലേ സമ്മതിച്ചിട്ടുണ്ട്. ഇതോടെ ഒരുവര്‍ഷത്തെ പ്രൊബേഷനും 300 പൗണ്ടും ആഷ്ലേയ്ക്ക് ശിക്ഷയായി വിധിക്കുകയായിരുന്നു. ആഷ്ലേയുടെ കുടുംബത്തിലെ സാഹചര്യങ്ങളെക്കുറിച്ച് പരാതിയുയര്‍ന്നതോടെ ഇത് പരിശോധിക്കാനെത്തിയ സാമൂഹ്യപ്രവര്‍ത്തകരാണ് ടാറ്റൂ പതിച്ചത് കണ്ടെത്തിയത്.
2009ലായിരുന്നു കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമായുള്ള വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. അന്ന് ആഷ്ലേയും ഭാര്യ ആമിയും നാലുകുട്ടികളുമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. തുടര്‍ന്ന് പോലീസ് ആഷ്ലേയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 18 വയസിന് താഴെയുള്ള കുട്ടികളുടെ മേല്‍ ടാറ്റൂ പതിച്ചതിനാണ് അറസ്റ്റ്. മകന് മാത്യൂസുമായി ബന്ധപ്പെടുന്നതില്‍ നിന്നും ഇയാളെ തടഞ്ഞിട്ടുണ്ട്.
തന്റെ മകന് കാണിച്ചുതന്നപ്പോഴാണ് ടാറ്റൂ കണ്ടതെന്ന് അമ്മ ആമി പറഞ്ഞു. ആഷ്ലേ ചെയ്തത് തെറ്റാണെന്നും ഇതിന് ക്ഷമനല്കാനാവില്ലെന്നും ആമി പറഞ്ഞു. കുട്ടി ഇപ്പോള്‍ അമ്മാവനായ ജോര്‍ജ്ജ് ഹോക്കിന്സിന്റെ സംരക്ഷണത്തിലാണ്. എന്നാല്‍ ടാറ്റുവിനെക്കുറിച്ച് അമ്മ ആമിയ്ക്ക് നേരത്തേ അറിയാമായിരുന്നുവെന്നും അവര്‍ ഇത് മറച്ചുവെക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അമ്മാവന് ആരോപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല