ലണ്ടന്‍: എന്‍.എച്ച്.എസില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പുതിയ പരിഷ്കാരങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് ഉപപ്രധാനമന്ത്രി നിക്ക് ക്ലഗിന്റെ രാഷ്ട്രീയ ഉപദേശകന്. ലിബറല്‍ ഡെമോക്രാറ്റിക് എം.പി നോര്മാന് ലാംമ്പാണ് രാജി ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആരോഗ്യ ബജറ്റിന്റെ നിയന്ത്രണം ജി.പികള്‍ക്കു നല്‍കുക എന്നത് ഉടന്‍ നടപ്പിലാക്കിയാല്‍ അപകടമാണെന്ന് നോര്മാന് ലാംമ്പ് പറഞ്ഞു.
ടോറി ഹെല്‍ത്ത് സെക്രട്ടറി ആന്‍ഡ്ര്യൂ ലാന്‍സ്ലി മുന്നോട്ടുവച്ച പരിഷ്കാരങ്ങള്‍ ലാംമ്പിന്റെ തീരുമാനത്തെ തുടര്‍ന്ന് കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് തലവേദനയുണ്ടാക്കിയിരിക്കുകയാണ്. പുതിയ പദ്ധതി പെട്ടെന്ന് നടപ്പിലാക്കുന്നതിന്റെ സാമ്പത്തിക പ്രശ്നങ്ങളും, രോഗികള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളുമാണ് തന്നെ ഭയപ്പെടുത്തുന്നതെന്ന് ലാമ്പ് ഒരു ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ജോലിയില്‍ തുടരാന്‍ അസാധ്യമെന്ന് തോന്നിയാല്‍ താന്‍ സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലാംമ്പിനേയും കണ്‍സര്‍വേറ്റീവ് ചിന്തകളേയുമാണ് തങ്ങളുടെ ആരോഗ്യ പദ്ധതികള്‍ പ്രതിനിധാനം ചെയ്യുന്നതെന്നാണ് കഴിഞ്ഞ രാത്രി ഡിപ്പാര്‍ട്ട് മെന്റ് ഓഫ് ഹെല്‍ത്തിലെ സോഴ്സ് വെളിപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല