മിര്‍പൂര്‍: ഹൈവാട്ട് ശക്തിയില്‍ ഷെയിന്‍ വാട്ട്സണ് കത്തിക്കയറിയ മല്‍സരത്തില്‍ ബംഗ്ലാദേശ് ചാരമായി. വാട്ട്സന്റെ ബാറ്റിംഗ് ചൂട് ശരിക്കുമറിഞ്ഞ ബംഗ്ലാദേശ് തുടര്‍ച്ചയായ രണ്ടാം മല്‍സരത്തില്‍ 9 വിക്കറ്റിനാണ് സംപൂജ്യരായത്. 96 പന്തില്‍ 15 സിക്സറിന്റേയും 15 ഫോറിന്റേയും അകമ്പടിയോടെ 185 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വാട്ട്സന്റെ മികവാണ് കംഗാരുക്കള്‍ക്ക് തിളങ്ങുന്ന വിജയം സമ്മാനിച്ചത്.
സ്കോര്‍: ബംഗ്ലാദേശ്: 7/229, ആസ്ട്രേലിയ: 1/232. ഒരു പിടി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് വാട്ട്സണ് കംഗാരുക്കളെ വിജയത്തിലെത്തിച്ചത്.
ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവുമധികം സിക്സറുകള്‍ പറത്തിയ താരമെന്ന ബഹുമതിയാണ് 15 സിക്സറോടെ വാട്ടസ്ണ് സ്വന്തമാക്കിയത്. വെസ്റ്റിന്‍ഡീസിന്റെ സേവ്യര്‍ മാര്‍ഷലിന്റെ പേരിലുള്ള റെക്കോര്‍ഡാണ് (12 സിക്സറുകള്‍) വാട്ട്്സണ് തകര്‍ത്തത്. ഏകദിനത്തില്‍ ആസ്ട്രേലിയന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറും വാട്ട്സണ് തന്റെ പേരിലാക്കി. 2007ല്‍ ന്യൂസിലാന്‍ഡിനെതിരേ മാത്യു ഹെയ്ഡനായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍.
ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് പതിവുപോലെ ആസ്ട്രേിയന്‍ ബൗളിംഗിനു മുന്നില്‍ ആടിയുലഞ്ഞു. 81 റണ്‍സെടുത്ത മുഷ്ഫിക്കുര്‍ റഹിമും 56 റണ്‍സെടുത്ത ഷഹരിയാര്‍ നഫീസും 38 റണ്‍സെടുത്ത മഹ്മൂദുള്ളയും മാത്രമാണ് ബംഗ്ലാദേശിനായി ഭേദപ്പെട്ട പ്രകടനം നടത്തിയത്.
ആസ്ട്രേലിയക്കായി മിച്ചല്‍ ജോണ്സണ് മൂന്നും സ്മിത്ത് രണ്ടും വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയക്ക് ഹാഡിനെ പെട്ടെന്ന് നഷ്ടമായി. എന്നാല്‍ രണ്ടാംവിക്കറ്റില്‍ പോണ്ടിംഗുമൊന്നിച്ച് 170 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ വാട്ട്സന് കഴിഞ്ഞു.
96 പന്തില്‍ നിന്നുമാണ് വാട്ട്സണ് 185 റണ്‍സ് അടിച്ചുകൂട്ടിയത്. 192 സ്ട്രൈക്ക് റേറ്റോടെയാണ് വാട്ട്സണ് ഇത്രയും റണ്‍സെടുത്തത്. ബംഗ്ലാ ബാറ്റ്സ്മാന്മാര് കുറച്ചു റണ്‍കൂടി സ്കോര്‍ബോര്‍ഡില്‍ ചേര്ത്തിരുന്നെങ്കില് വാട്ട്സണ് ഇരട്ടസെഞ്ച്വറിതന്നെ നേടിയനേ!!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല