ന്യൂദല്‍ഹി: നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും വിശ്വാസവര്‍ധന നടപടികളുമായി മുന്നോട്ടുപോകാന്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ നിര്‍ത്തിവെച്ചിരുന്ന ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്.
വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈ ആക്രമണത്തിനു ശേഷമായിരുന്നു ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായത്. സ്വാഭാവികമായും അത് കായികരംഗത്തേക്കും പടര്‍ന്നു. കായികബന്ധം തുടരണമെന്ന് പല കോണില്‍ നിന്നും അഭിപ്രായമുയര്‍ന്നെങ്കിലും ഇരു രാഷ്ട്രങ്ങളിലേയും സര്‍ക്കാറുകള്‍ തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തിയില്ല.
തുടര്‍ന്ന് മൊഹാലിയില്‍ നടന്ന ഇന്ത്യാപാക് സെമിഫൈനലോടെയാണ് കാര്യങ്ങള്‍ അല്‍പ്പം അയഞ്ഞത്. പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി ഇന്ത്യയിലെത്തുകയും അത് പുതിയ ക്രിക്കറ്റ് നയതന്ത്രത്തിന്റെ വിജയമാവുകയുമായിരുന്നു. മുടങ്ങിക്കിടന്നിരുന്ന വാണിജ്യവ്യാപാരബന്ധങ്ങള്‍ പുനസ്ഥാപിക്കണമെന്ന് മന്‍മോഹന്‍ സിംഗും ഗിലാനിയും അഭിപ്രായപ്പെട്ടിരുന്നു.
അതിനിടെയിലാണ് മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ അറസ്റ്റിലായ തഹാവൂര്‍ റാണയുടെ വെളിപ്പെടുത്തലുകള്‍ ഉണ്ടാവുന്നത്. മുംബൈ ആക്രമണത്തിന് പിന്നില്‍ ഐ.എസ്.ഐക്ക് പങ്കുണ്ടെന്നാണ് റാണയും ഹെഡ്‌ലിയും അമേരിക്കന്‍ അന്വേഷണ സംഘത്തിന് മൊഴിനല്‍കിയത്. ഇതോടെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പരസ്പര സഹകരണം വളര്‍ത്തുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന സൂചനകള്‍ .
എന്നാല്‍ ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല