1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2011

മലബാറിന്റെ സ്വാതന്ത്ര്യസമര ചരിത്രം പ്രമേയമാക്കി പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ‘വീരപുത്രന്‍’ എന്ന ചിത്രത്തില്‍ നരേന്‍ നായകനാകും. ചിത്രത്തില്‍ മലബാറിലെ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന അബ്ദുറഹിമാന്‍ സാഹിബിനെയാണ് നരേന്‍ അവതരിപ്പിക്കുന്നത്. നേരത്തെ പൃഥ്വിരാജ് ചിത്രത്തില്‍ നായകനാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്.

അബ്ദുറഹിമാന്‍ സാഹിബ് ആകാന്‍ പൃഥ്വിരാജിനേക്കാള്‍ അനുയോജ്യന്‍ നരേന്‍ ആണെന്ന് കണ്ടെത്തിയാണ് പൃഥ്വിയെ ഒഴിവാക്കിയതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ പൃഥ്വി ഡേറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് നീക്കമെന്നാണ് ചില ഉറവിടങ്ങളില്‍ നിന്നുലഭിക്കുന്ന വിവരം.

1930കളില്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന അബ്ദുറഹിമാന്‍ സാഹിബ് മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് ഒരിക്കലും വിസ്മരിക്കാനാകാത്ത അദ്ധ്യായമാണ് എഴുതിച്ചേര്‍ത്തത്. മൂന്നുവര്‍ഷത്തെ നിരന്തരമായ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ചിത്രം ഷൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നതെന്ന് സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.

പുതു തലമുറയെ ചരിത്രബോധമുള്ളവരാക്കുക എന്ന ഉദ്ദേശമാണ് താന്‍ ഈ ചിത്രമെടുക്കുന്നതിനു പിന്നിലെന്ന സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. ഒരുകാലത്ത് ദേശീയ പ്രസ്ഥാനത്തിന്റെ കേരളത്തിലെ അമരക്കാരനായിരുന്നു അബ്ദുറഹിമാന്‍ സാഹിബ്. എന്നാല്‍ അദ്ദേഹത്തെക്കുറിച്ച് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയപാര്‍ട്ടികളിലെ നേതാക്കന്‍മാരില്‍ എത്രപേര്‍ക്ക് അറിയാം? സംവിധായകന്‍ ചോദിക്കുന്നു.

നരേന്റെ ഫോട്ടോ കംപ്യൂട്ടറില്‍ എഡിറ്റ് ചെയ്തപ്പോള്‍ ശരിക്കും അബ്ദുറഹിമാന്‍ സാഹിബ് ആയി മാറി. നരേന്റെ യഥാര്‍ത്ഥ ചിത്രവും അബ്ദുറഹിമാന്‍ സാഹിബിന്റെ രൂപത്തില്‍ എഡിറ്റ് ചെയ്ത ചിത്രവും വീരപുത്രന്‍ എന്ന പേരില്‍ ആരംഭിച്ച ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അബ്ദുറഹിമാന്‍ സാഹിബിന്റെ ചിത്രം നരേന്റേത് ആണെന്ന് ആര്‍ക്കും തിരിച്ചറിയാനാകില്ലെന്നും പി ടി പറഞ്ഞു.

പ്രശസ്ത നടി റീമാസെന്നാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കുഞ്ഞിബീപാത്തു എന്ന കഥാപാത്രത്തെയാണ് റീമ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ജഗതി ശ്രീകുമാര്‍, സിദ്ദിഖ്, അനൂപ്ചന്ദ്രന്‍, സുരേഷ് കൃഷ്ണ എന്നിവരുള്‍പ്പടെ നൂറിലേറെ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.