തിരഞ്ഞെടുപ്പ് ചൂട് മാറും മുമ്പെ കേരളത്തില്‍ മറ്റൊരു പോരാട്ടത്തിന് കൂടി തുടക്കമാകുന്നു. മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള പോരാട്ടത്തിനാണ് ബോക്സ്ഓഫീസ് സാക്ഷ്യം വഹിയ്ക്കുന്നത്.
ഡബിള്‍സുമായി മമ്മൂട്ടിയെത്തുമ്പോള്‍ ചൈനാടൗണുമായാണ് മോഹന്‍ലാലെത്തുന്നത്. ആഗസ്റ്റ് 15 തകര്‍ന്നതിന്റെ ക്ഷീണം മാറ്റാന്‍ മമ്മൂട്ടിയും ചൈനാടൗണിലൂടെ ഒരു തിരിച്ചുവരവിനായി മോഹന്‍ലാലും ശ്രമിക്കുമ്പോള്‍ മലയാളി പ്രതീക്ഷിയ്ക്കുന്നത് ഉഗ്രനൊരു വിഷു കൈനീട്ടമാണ്.
എണ്‍പതുകളില്‍ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായിരുന്ന നദിയയുടെ തിരിച്ചുവരവാണ് ഡബിള്‍സിന്റെ ഹൈലൈറ്റ്. നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് തമിഴ് സിനിമയിലൂടെ വെള്ളിത്തിരയില്‍ സജീവമായെങ്കിലും മലയാളത്തില്‍ നല്ലൊരു കഥാപാത്രം ലഭിച്ചാലെ അഭിനയിക്കൂവെന്ന തീരുമാനത്തിലായിരുന്നു നടി. നവാഗത സംവിധായകന് സോഹന്‍ സീനുലാല്‍ ഒരുക്കുന്ന കുടുംബചിത്രത്തില്‍ ഗിരി ഗൗരി എന്നീ സഹോദരങ്ങളെയാണ് മമ്മൂട്ടിയും നദിയയും അവതരിപ്പിയ്ക്കുന്നത്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ശ്യാമ, പൂവിന് പുതിയ പൂന്തെന്നല്‍ എന്നീ സിനിമകളില്‍ മമ്മൂട്ടിയുടെ നായികയായി നദിയ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഡബിള്‍സില്‍ തപസ്സിയാണ് മമ്മൂട്ടിയുടെ നായികയായെത്തുന്നത്.
സച്ചി സേതുവിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ സലീം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരുടെ സാന്നിധ്യവുമുണ്ട്.
റാഫി മെക്കാര്‍ട്ടിന്‍ ടീം ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് ചൈനടൗണ്‍. മോഹന്‍ലാല്‍, ജയറാം, ദിലീപ്, കാവ്യാമാധവന് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും റാഫി മെക്കാര്‍ട്ടിന്‍ ടീമിന്റേതാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
മോഹന്‍ലാല്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രങ്ങള്‍ മാത്രം ഒരുക്കാറുള്ള ആന്റണി പെരുമ്പാവൂര്‍ ആദ്യമായാണ് ഇത്തരം കൂട്ടുകെട്ടിനൊപ്പം നില്‍ക്കുന്നത്. ജാതിക്കും മതത്തിനും അപ്പുറത്തെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ചൈന ടൗണ്‍. ജീവിതത്തിന്റെ വ്യത്യസ്ത മേഖലയില്‍ നിന്നെത്തി കൂട്ടുകാരായ മൂന്നു പേരുടെ കഥയാണ് ചിത്രം പറയുന്നത്. കൂട്ടുകെട്ട് മാറ്റിമറിക്കുന്ന ജീവിതത്തിന്റെ കഥ ചിത്രത്തില്‍ ഗോവയുടെ പശ്ചാത്തലത്തിലാണ് പറയുന്നത്.
ഊട്ടിയായിരുന്ന ചൈനടൗണിന്റെ പ്രധാന ലൊക്കേഷന്‍. അനായാസമായി കോമഡി കൈകാര്യം ചെയ്യുന്ന മോഹന്‍ലാല്‍, കോമഡി തുറുപ്പുചീട്ടാക്കിയ താരങ്ങളായ ജയറാമും ദിലീപും, കോമഡി ചിത്രങ്ങളുടെ സംവിധായകന് എന്ന ലേബലില്‍ അറിയപ്പെടുന്ന റാഫി മെക്കാര്‍ട്ടിന്‍ ടീമും ഒന്നിക്കുമ്പോള്‍ അത് ചിരിയുടെ പൂരമായി മാറുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. മോഹന്‍ലാല്‍, ജയറാം, ദിലീപ്, കാവ്യാമാധവന് എന്നിവര്‍ക്കൊപ്പം പൂനംബജ്വ, ദീപ എന്നീ നായികമാരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല