രണ്ടു പരാജയങ്ങളുടെ ഭാരവും പേരി കൊച്ചിയുടെ കൊമ്പന്മാര് വീണ്ടും കളത്തിലേയ്ക്ക്. ഇത്തവണ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ പടയാണ് കൊച്ചിയെ പരീക്ഷിക്കാനിറങ്ങുന്നത്. അക്ഷരാര്‍ത്ഥത്തില്‍ മത്സരം കൊമ്പന്മാര്ക്ക് പരീക്ഷണം തന്നെയാകും. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടതിന്റെ അപമാനവും പേറിയാണ് കരുത്തന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ കൊച്ചി ടീം ഇറങ്ങേണ്ടത്.
കൊച്ചിയ്ക്ക് അഭിമാനം വീണ്ടെടുക്കാന്‍ ഈ മത്സരത്തിലെങ്കിലും ജയം അനിവാര്യമാണ്. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ കൊച്ചി ടസ്കേഴ്സ് റോയല്‍ ചലഞ്ചേഴ്സിനോടും രണ്ടാം മത്സരത്തില്‍ പുനെ വാറിയേഴ്സിനോടുമാണ് തോല്‍വി വഴങ്ങിയത്.രണ്ടു മത്സരങ്ങളിലും ബാറ്റിംഗിലെ പിടിപ്പുകേടുകളും ബൗളിങിലെ നിലവാരമില്ലായ്മയുമാണ് കൊച്ചിക്കു വിനയായത്. ലക്ഷ്മണ്-മക്കല്ലം കൂട്ടുകെട്ട് തന്നെയായിരിക്കും വെള്ളിയാഴ്ചത്തെ മത്സരത്തിലും ഇന്നിംഗ്സ് തുറക്കുക. അതേസമയം മധ്യനിരയില്‍ വീണ്ടും അഴിച്ചുപണി ഉണ്ടായേക്കും. ശ്രീശാന്തിനും റൈഫി ഗോമസിനും പുറമേ ടീമിലുള്ള മലയാളിയായ പി. പ്രശാന്ത് വ്യാഴാഴ്ച കളിക്കാന്‍ സാധ്യതയുണ്ട്.
മറുവശത്ത് ആദ്യ രണ്ടു മത്സരങ്ങളിലും ആധികാരിക ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇറങ്ങുന്നത്. ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ഒരുപോലെ ഫോമിലാണെന്നതാണ് അവര്‍ക്ക് ശക്തി പകരുന്നത്. ടൂര്‍ണമെന്റിലെ ലീഡിംഗ് വിക്കറ്റ് വേട്ടക്കാരനായ ലസിത് മലിംഗ തന്നെയാണ് മുംബൈയുടെ തുറുപ്പ് ചീട്ട്. അടുത്ത മത്സരത്തില്‍ കൊച്ചിയില്‍ ചെന്നൈ സൂപ്പര്‍കിങ്സിനെ നേരിടേണ്ട കൊച്ചിയ്ക്ക്് ഇത് ശരിയ്ക്കും അഭിമാനക്കളിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല