കുടിയേറ്റവുമായി ബന്ധപ്പെട്ട് ലേബര്‍ പാര്‍ട്ടി ജനങ്ങളോട് കള്ളം പറഞ്ഞിരുന്നുവെന്ന വെളിപാടുമായി പ്രമുഖ അക്കാഡമീഷ്യന്‍ രംഗത്തെത്തി. ലേബറിന്റെ നയങ്ങളെ എതിര്‍ത്ത് പൊളിറ്റിക്കല്‍ തിയറിസ്റ്റായ മൗറിസ് ഗ്ലാസ്മാനാണ് രംഗത്തെത്തിയത്.
ലേബറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ജേണലിലാണ് ഗ്ലാസ്മാന്‍ വിവാദപരമായ പ്രസ്താവനകള്‍ നടത്തിയിരിക്കുന്നത്. രാഷ്ട്രീയ ലാഭങ്ങള്‍ക്കുവേണ്ടി കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലേബര്‍ ജനങ്ങളില്‍ നിന്നും മറച്ചുവെച്ചു എന്നതാണ് പ്രധാന ആരോപണം. ഇത് തീവ്ര വലതുപക്ഷവാദികള്‍ക്ക് ഏറെ സഹായമായെന്നും ഗ്ലാസ്മാന്‍ ആരോപിക്കുന്നു.
ലേബര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും കുടിയേറ്റത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി പറഞ്ഞതെല്ലാം ശുദ്ധനുണയായിരുന്നുവെന്നുമാണ് ഗ്ലാസ്മാന്‍ വ്യക്തമാക്കിയിട്ടുള്ളത്. ലേബറുകളുടെ നയരൂപീകരണത്തില്‍ മുഖ്യ പങ്കുവഹിക്കുന്ന ആളാണ് ഗ്ലാസ്മാന്‍. അതിനിടെ ഗ്ലാസ്മാന്റെ അഭിപ്രായപ്രകടനങ്ങളോട് കണ്‍സര്‍വേറ്റിവുകള്‍ അനുകൂലമായി പ്രകടിപ്പിച്ചിട്ടുണ്ട്.
ലേബര്‍ പാര്‍ട്ടി ജനങ്ങളെ പറ്റിക്കുകയായിരുന്നു എന്നത് തെളിഞ്ഞതായി കണ്‍സര്‍വേറ്റിവ് എം.പി മൈക്കല്‍ എലിസ് പറഞ്ഞു. ഇക്കാര്യം സമ്മതിക്കാന്‍ മിലിബാന്‍ഡ് തയ്യാറുണ്ടോ എന്നും എലിസ് ചോദിച്ചു. തങ്ങള്‍ കൊണ്ടുവന്ന കുടിയേറ്റനിയമം നടപ്പാക്കണമെന്നും കണ്‍സര്‍വേറ്റിവ് എം.പി ആവശ്യപ്പെട്ടു. ഓപ്പണ്‍ ഡോര്‍ ബോര്‍ഡര്‍ പോളിസിയെക്കുറിച്ച് നേരത്തേ ഡേവിഡ് കാമറൂണ്‍ എതിരഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല