തന്റെ കമ്പനിയുടെ വാനിന്റെ ഡാഷ്ബോര്‍ഡില്‍ കുരിശ് സൂക്ഷിച്ചത് ഇത്രവലിയ പുലിവാലാകുമെന്ന് കോളിന് ആറ്റ്കിന്സണ് കരുതിയിരുന്നില്ല. ആറ്റ്കിന്സണിനെതിരേ അച്ചടക്കലംഘനത്തിന് നടപടിയെടുക്കാന്‍ തയ്യാറെടുക്കുകയാണ് കമ്പനി.
വേക്ക്ഫീല്‍ഡ് ആന്റ് ഡിസ്ട്രിക്റ്റ് ഹൗസിംഗ് കമ്പനിയിലാണ് ആറ്റ്കിന്സണ് കഴിഞ്ഞ 15 വര്‍ഷമായി ജോലിചെയ്യുന്നത്. ഇതുവരെ പ്രശ്നമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ വാനിന്റെ ഡാഷ്ബോര്‍ഡില്‍ കുരിശ് സൂക്ഷിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. കമ്പനി ഇത് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് ആറ്റ്കിന്സണ് തയ്യാറായില്ല. തുടര്‍ന്നാണ് അദ്ദേഹത്തിനെതിരേ അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ കമ്പനി നീക്കമാരംഭിച്ചത്.
എന്നാല്‍ തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന് ആറ്റ്കിന്സണ് ഉറപ്പിച്ച് പറയുന്നു. വോവന്‍ ഇലകൊണ്ട് തീര്‍ത്ത ചെറിയ കുരിശാണ് താന്‍ സൂക്ഷിക്കുന്നതെന്നും ക്രിസ്ത്യാനികളോട് പരുഷമായാണ് രാജ്യത്ത് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാല്‍ കുരിശ് പ്രദര്‍ശിപ്പിച്ചത് ശരിയായില്ലെന്നാണ് കമ്പനി ആരോപിക്കുന്നത്. ഇത് ആളുകള്‍ക്കിടയില്‍ കമ്പനിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കുമെന്നും അവര്‍ വാദിക്കുന്നു.
താന്‍ കല്‍ക്കരി ഖനിയിലും പട്ടാളത്തിലുമെല്ലാം ജോലിചെയ്ത ആളാണെന്നും അവിടെയൊന്നും തനിക്ക് ഇത്തരത്തിലുള്ള അനുഭവമുണ്ടായിട്ടില്ലെന്നും ആറ്റ്കിന്സണ് പറഞ്ഞു. അടുത്തമാസം ആറ്റ്കിന്സണെതിരായ നടപടികള്‍ക്ക് തുടക്കമാകും. ജോലിവരെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല