ലണ്ടന്‍: വീടിനടുത്ത് സ്ഥാപിക്കാനിരുന്ന മൊബൈല്‍ ഫോണ്‍ ടവറിനെതിരെയുള്ള പെണ്‍കുട്ടിയുടെ ഒറ്റയാള്‍ പോരാട്ടം വിജയിച്ചു.പതിനൊന്നുകാരിയായ നതാലിയ ഗംബ്രില്ലാണ് വീടിന് ഏതാനും മീറ്ററുകള്‍ അകലെ സ്ഥാപിക്കാനിരുന്ന മൊബൈല്‍ ടവറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
വീടിനടുത്ത് മൊബൈല്‍ ടവര്‍ വരാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ അതില്‍ നിന്നും പുറത്തേക്കുവരുന്ന വികിരണങ്ങളെക്കുറിച്ചും അത് തന്റെ കൊച്ചുസഹോദരന്മാര്ക്കുണ്ടാക്കുന്ന അസുഖങ്ങളെക്കുറിച്ചുമായിരുന്നു നതാലിയയുടെ പേടി. മൊബൈല്‍ രാജാക്കന്മാരായ വോഡവോണ്‍, O2 എന്നിവയുടെ 50ഫീറ്റ് ഉയരമുള്ള ടവറുകളാണ് ഇവിടെ ഉയരാനിരുന്നത്. സ്റ്റോക്ക്പോര്‍ട്ട് ഹസാല്‍ ഗ്രോവിലെ പ്രൈമറി സ്ക്കൂളിന് തൊട്ടടുത്തുള്ള സ്ഥലമാണിത്.
ഇക്കാര്യങ്ങള്‍ മനസിലാക്കിയ നതാലിയ ലോക്കല്‍ കൗണ്ലിലര്മാര്ക്കും എം.പിമാര്‍ക്കും ഇതിന്റെ ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്കി. തന്റെ അനുജത്തി ബെത്തിന്റെയും അനുജന് സാമിന്റെയും ആരോഗ്യത്തിന് അതുണ്ടാക്കാവുന്ന ദോഷങ്ങളും നതാലി വ്യക്തമാക്കി കൊടുത്തു. തങ്ങള്‍ക്ക് ഇതുകൊണ്ടെന്തെങ്കിലും ദോഷമുണ്ടാകുകയാണെങ്കില് അതിന് അധികാരികള്‍ വ്യക്തിപരമായി ഉത്തരവാദികളാണെന്ന് പറയുമെന്ന ഭീഷണിയും നതാലിയ മുഴക്കി.
കമ്പനികളുടെ അപേക്ഷ വെള്ളിയാഴ്ച പ്ലാനിംങ് കമ്മിറ്റി തള്ളിയതോടെ നതാലിയുടെ ശ്രമങ്ങള്‍ വിജയം കണ്ടിരിക്കുകയാണ്.
ഈ ടവര്‍ ഇവിടെ നിര്‍മ്മിക്കരുതെന്ന തീരുമാനിച്ചതില്‍ തനിക്ക് വളരെയേറെ സന്തോഷമുണ്ടെന്ന് നതാലിയ പറഞ്ഞു. ഇത് ശരിയായ തീരുമാനമാണ്. സ്ക്കൂളിനടുത്ത് ഇത് സ്ഥാപിക്കാനാണ് അവര്‍ തീരുമാനിച്ചത്. ഇത് ആളുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ക്യാന്‍സറിന് കാരണമാകുമെന്നുമുള്ള പേടിയുണ്ടായിരുന്നു. തനിക്ക് ഏറ്റവും പേടി അനിയന് സാമിനെ കരുതിയാണ്. അവന് ഏഴ് വയസ് മാത്രമേ പ്രായമായിട്ടുള്ളൂ. തലച്ചോറ് ശരിയായി വളര്‍ന്നിട്ടുപോലുമില്ല- നതാലിയ പറഞ്ഞു.
നാല് സ്ക്കൂളുകളുടെ ചുമതലയുള്ള ലോക്കല്‍ കൗണ്‍സിലര്‍ക്ക് നതാലി അയച്ച കത്തില്‍ ഇങ്ങനെ പറയുന്നു: ‘ഭാവിയില്‍ ഈ ടവര്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാണെന്ന് കണ്ടെത്തിയാല്‍ ഇതിനെല്ലാം കാരണം സ്റ്റോക്ക് പോര്‍ട്ട് കൗണ്സിലാണെന്ന് ഞാന്‍ പറയും. ഈ ടവര്‍ നിര്‍മ്മിക്കുന്ന സ്ഥലത്തിന് നാല്പത് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ അഞ്ച് സ്ക്കൂളുകളും, ധാരാളം വീടുകളുമുണ്ടെന്ന് ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍പെടുത്തുന്നു. ഇത്തരമൊരു ടെലിഫോണ്‍ ടവര്‍ നിര്‍മ്മിക്കാന്‍ പറ്റിയ സ്ഥലമല്ല ഇതെന്ന് ആര്‍ക്കും പരിശോധിച്ചാല്‍ മനസിലാവും’
ടെലിഫോണ്‍ ടവര്‍ നിര്‍മ്മിക്കാനുള്ള അപേക്ഷ തള്ളിയതായി സ്റ്റോക്ക്പോര്‍ട്ട് കൗണ്‍സില്‍ സ്റ്റീവ് ബേണ്‍സ് പ്രഖ്യാപിച്ചു. അതേസമയം കൗണ്‍സിലര്‍മാരുടെ തീരുമാനത്തെ നതാലിയ പ്രശംസിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല