ഏത് ഉള്ളിക്കും ഒരു കാലം വരുമെന്നു പറയുന്നതു ശരിയാണ്. വീട്ടമ്മമാരെ കരയിക്കുകയാണ് ഉള്ളിയുടെ ജന്മദൗത്യം എന്നു പറഞ്ഞുനടന്നിരുന്നവരൊക്കെ ഇപ്പോള്‍ ഉള്ളിത്തൊലിയെപോലും പൊന്നുപോലാണ് സൂക്ഷിക്കുന്നത്. ഉള്ളിയില്ലാതെന്തു ജീവിതം! വന്നുവന്ന് ചില കച്ചവടക്കാര്‍ ഉള്ളിയെ നന്നായി ഉപയോഗിക്കുന്നിടത്തുവരെയെത്തി കാര്യങ്ങള്‍.
റോക്കറ്റുപോലെ വില കുതിച്ചുയര്‍ന്നതോടെ ജാംഷഡ്പൂരിലെ ടയര്‍ കച്ചവടക്കാരന് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതു ടയറിനൊപ്പം സൌജന്യമായി ഉള്ളി നല്‍കിയാണ്. ഒരു ട്രക്കിന്റെ ടയര്‍ വാങ്ങുമ്പോള്‍ അഞ്ചുകിലോ ഉള്ളി ഫ്രീ. വാങ്ങുന്നതു കാര്‍ ടയറാണെങ്കില്‍ ഒരുകിലോ ഉള്ളി ഫ്രീ. ടയര്‍ വ്യാപാരിയായ സത്നംസിങ് ഗംഭീറിന്റെ കടയ്ക്കു മുന്നിലാണു ഇങ്ങനെയൊരു പരസ്യം തൂങ്ങിയത്.
പഞ്ചാബിലെ ഒരു ഹാസ്യനടന് ആരാധകര്‍ക്കു ക്രിസ്മസ് സമ്മാനമായി നല്‍കിയത് ഒരു കവര്‍ നിറയെ ഉള്ളി. ജസ്പാല്‍ ഭട്ടിയെന്ന നടനാണ് ഉള്ളി ആരാധകര്‍ക്കുള്ള ക്രിസ്മസ് സമ്മാനമാക്കിയത്.
വിലക്കയറ്റത്തോടുള്ള പ്രതിഷേധം കൂടിയാണു ടയറിനൊപ്പം സൌജന്യമായി ഉള്ളി നല്കുന്നതെന്നു സത്നംസിങ് പറഞ്ഞു. ഓള് ഇന്ത്യ സിഖ് സ്റ്റുഡന്റ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റുകൂടിയായ ഗംഭീര്‍ വ്യത്യസ്തമായ ഓഫറിലൂടെ മുന്‍പും വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന്റെ സമയത്തു വോട്ടുചെയ്ത അടയാളവുമായി വരുന്നവര്‍ക്കു ടയര്‍ വിലയില്‍ ഇളവു നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല