സൂപ്പര്‍മാര്‍ക്കറ്റ് രംഗത്തെ അതികായരായ ടെസ്കോ അതിന്റെ നാലാംപാദ അവലോകനം റിപ്പോര്‍ട്ട് പുറത്തുവിട്ടു. യു.കെയില്‍ കമ്പനിയുടെ വളര്‍ച്ച ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തുടര്‍ച്ചയായ മൂന്നുമാസം കമ്പനിയുടെ വില്‍പ്പനയില്‍ 0.7 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഉപഭോക്താക്കളുടെ ചിലവഴിക്കലിലുണ്ടായ കുറവാണ് വില്‍പ്പനയില്‍ പ്രതിഫലിച്ചിരിക്കുന്നതെന്നാണ് കമ്പനി വിലയിരുത്തുന്നത്. ഉയര്‍ന്നുകൊണ്ടിരിക്കുന്ന പെട്രോള്‍ വിലയും സര്‍ക്കാറിന്റെ നിയന്ത്രണപദ്ധതികളും ഉപഭോക്താക്കളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. എന്നാല്‍ ഭക്ഷ്യേതര രംഗത്തേക്ക് തങ്ങള്‍ക്ക് കാര്യമായി കടന്നുചെല്ലാന്‍ കഴിഞ്ഞിട്ടില്ലെന്നും കമ്പനി സമ്മതിച്ചിട്ടുണ്ട്.
യു.കെയിലെ ജനറല്‍ മര്‍ച്ചന്‍ഡൈസ് വില്‍പ്പനയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. വസ്ത്രവില്പ്പനയിലും ഇലക്ട്രിക്കല്‍ രംഗത്തുമുണ്ടായ ഇടിവിനെത്തുടര്‍ന്ന് വില്‍പ്പനയില്‍ മൊത്തം 3.3 ശതമാനം താഴ്ച്ചയാണ് ഉണ്ടായിട്ടുള്ളത്. എന്തായാലും ലക്ഷ്യമിട്ട വളര്‍ച്ച കൈവരിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂനതകള്‍ മനസിലാക്കി മുന്നോട്ടുപോകാനാണ് കമ്പനി ഇപ്പോള്‍ ശ്രമിക്കുന്നത്. ഏതെല്ലാം മേഖലകളില്‍ ഇടിവുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി അത് പരിഹരിക്കാന്‍ ശ്രമിക്കും. ഉപഭോക്താക്കള്‍ക്ക് പുതിയ വ്യത്യസ്തമായ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള ശ്രമമാണ് കമ്പനി ഇനി നടത്തുക. അതിനിടെ കമ്പനിയുടെ മോശം പ്രകടനം ഈയിടെ ചുമതലയേറ്റ ചീഫ് എക്സിക്യൂട്ടിവ് ഫിലിപ് ക്ലാര്‍ക്കിന് തിരിച്ചടിയായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല