പല പ്രമുഖ യൂണിവേഴ്‌സിറ്റികളും ഫീസ് നിരക്ക് കൂട്ടുമെന്ന് പ്രഖ്യാപിച്ചതോടെ യൂണിവേഴ്‌സിറ്റികളില്‍ നിരവധി അവസരങ്ങളും സീറ്റുകളും നഷ്ടമാകുമെന്ന് ആശങ്ക. ഏതാണ്ട് 36,000 ഓളം സീറ്റുകളായിരിക്കും ഇതുവഴി നഷ്ടമാവുക.
നാലില്‍ മൂന്ന് യുണിവേഴ്‌സിറ്റികളും ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ 9000 പൗണ്ടായിരിക്കും ഈ യൂണിവേഴ്‌സിറ്റികള്‍ ഈടാക്കുക. ഇതോടെ സര്‍ക്കാര്‍ ഏതുതരത്തിലുള്ള ചിലവഴിക്കല്‍ പദ്ധതികളാകും ആവിഷ്‌ക്കരിക്കുകയെന്നതിനെക്കുറിച്ചും ആശങ്കയുയര്‍ന്നിട്ടുണ്ട്.
46 യൂണിവേഴ്‌സിറ്റികള്‍ 2012ല്‍ 9000പൗണ്ട് ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ കോഴ്‌സുകള്‍ക്കും ഈ നിരക്ക് ബാധകമായിരിക്കും. എന്നാല്‍ ചില പ്രത്യേക കോഴ്‌സുകള്‍ക്ക് മാത്രം ഉയര്‍ന്ന ഫീസ് ഈടാക്കിയാല്‍ മതിയെന്നാണ് മറ്റുചില യൂണിവേഴ്‌സിറ്റികള്‍ തീരുമാനിച്ചിട്ടുള്ളത്. ഇതോടെ അടുത്തവര്‍ഷം മുതല്‍ ആവറേജ് ഫീസ് നിരക്ക് ഏതാണ്ട് 8500 പൗണ്ടോളം വരും. പല വിദ്യാര്‍ത്ഥികളും അവരുടെ ഫീസ് അടയ്ക്കുന്നത് ലോണെടുത്തിട്ടാണ്. അതുകൊണ്ടുതന്നെ ഫീസ് നിരക്ക് ഉയര്‍ത്തിയാല്‍ അത് ബാധിക്കുക സര്‍ക്കാറിനെ തന്നെയായിരിക്കും. 2014 ആകുമ്പോഴേക്കും 450 മില്യണ്‍ പൗണ്ടിന്റെ അധിക ബാധ്യത സര്‍ക്കാറിനുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
അതിനിടെ പല യൂണിവേഴ്‌സിറ്റികളിലും 36,000 ഓളം സീറ്റുകള്‍ ഇല്ലാതാകുമെന്നാണ് കരുതുന്നത്. ഇത് കഴിഞ്ഞവര്‍ഷം യൂണിവേഴ്‌സിറ്റികളിലേക്ക് പ്രവേശനം നേടിയവരുടെ പത്ത് ശതമാനം വരും. അതിനിടെ സര്‍ക്കാറിന്റെ നയത്തിനെതിരേ ലേബര്‍ ലീഡര്‍ മിലിബാന്‍ഡ് രംഗത്തെത്തിയിട്ടുണ്ട്. ട്യൂഷന്‍ ഫീസ് പോളിസിയുടെ ദുരന്തമുഖം ഇപ്പോള്‍ വെളിവായിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല