നാനാജാതി മതസ്ഥരുടെ പിന്തുണയുടെ പിന്‍ബലത്തില്‍ ഒടുവില്‍ ക്രിസ്ത്യാനിയായ ഇലക്ട്രീഷ്യന്‍ കോളിന്‍ ആറ്റ്കിന്‍സണിന് ആശ്വാസമായ തീരുമാനമെത്തി. കമ്പനിയുടെ വാനില്‍ കുരിശുരൂപം വെയ്ച്ചുകൊള്ളാന്‍ വെയ്ക്ക്ഫീല്‍ഡ് ഡിസ്ട്രിക്റ്റ് ഹൗസിംഗ് ആറ്റ്കിന്‍സണിന് അനുമതി നല്‍കുകയായിരുന്നു.
ഹിന്ദു, മുസ്‌ലിം, സിഖ് വിഭാഗങ്ങളിലെ നേതാക്കള്‍ക്കൊപ്പം മുതിര്‍ന്ന പള്ളി പുരോഹിതരും രംഗത്തെത്തിയതാണ് കോളിന് തുണയായത്. കുരിശ് പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കാത്ത നടപടിയെ അവപാദപരമെന്നായിരുന്നു മുന്‍ കാന്റബറി ആര്‍ച്ച് ബിഷപ് ലാര്‍ഡ് കേറെ വിശേഷിപ്പിച്ചത്. പുതിയ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും അല്‍പ്പം ദയയും പരസ്പരസാഹോദര്യവും കാണിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ആറ്റ്കിന്‍സണ്‍, യുണൈറ്റഡ് യൂണിയന്‍ പ്രതിനിധി ടെറി കണ്‍ക്ലിഫ്, കമ്പനിയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജില്ലിയെന്‍ പിക്‌സെര്‍ഗില്‍, സീനിയര്‍ മാനേജര്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്. കമ്പനിയുടെ വെസ്റ്റ് യോര്‍ക്ക് ഷെയറിലെ മുഖ്യഓഫീസില്‍വെച്ചായിരുന്നു ചര്‍ച്ച നടന്നത്. തുടര്‍ന്ന് ചില മാനദണ്ഡങ്ങള്‍ക്കനുസൃതമായി കുരിശ് പ്രദര്‍ശിപ്പിക്കാന്‍ ആറ്റ്കിന്‍സണ് അനുമതി ലഭിക്കുകയായിരുന്നു.
എന്നാല്‍ ഈ മാനദ്ണ്ഡങ്ങള്‍ എന്തെന്ന് വ്യക്തമാക്കാന്‍ ആറ്റ്കിന്‍സണ്‍ തയ്യാറായില്ല. കഴിഞ്ഞ 18 മാസമായി ഈ പ്രശ്‌നം നീറിപ്പുകയുന്നുണ്ടായിരുന്നു. വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നമാണിതെന്ന് കണ്‍ക്ലിഫ് വ്യക്തമാക്കി. നല്ല അന്തരീക്ഷത്തിലാണ് ചര്‍ച്ച നടന്നതെന്നും ഒടുവില്‍ ആറ്റ്കിന്‍സണ് അനുകൂല വിധി ലഭിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുരിശ് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാതിരുന്ന കമ്പനിയുടെ നടപടിയെ ആറ്റ്കിന്‍സണ്‍ നേരത്തേ വിമര്‍ശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല